തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ വോട്ടിങ് ശതമാനം മുൻപത്തേക്കാളും ഉയർന്നിരുന്നു. എസ്.ഐ.ആറിന്റെ പശ്ചാത്തലത്തിലാണെങ്കിൽ പോലും വോട്ടിങ് ശതമാനത്തിലെ വർധനവ് ജനാധിപത്യത്തിന്റെ പുരോഗതിയെത്തന്നെയാണ് സൂചിപ്പിക്കുന്നത്.
ഈ വോട്ടിങ് കണക്കിലെടുക്കുമ്പോൾ നിലവിൽ 4 ലോക്സഭാ മണ്ഡലങ്ങളിൽ എൽ.ഡി.എഫിനാണ് ലീഡ്, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 18 സീറ്റുകളിൽ വിജയിക്കാനായ യു.ഡി.എഫ് 16 സീറ്റിലേക്കൊതുങ്ങുകയും ചെയ്തു. ബി.ജെ.പിയ്‌ക്കാകട്ടെ പണിപ്പെട്ടുനേടിയ ഒരു സീറ്റും നഷ്ടപ്പെട്ടു.
പാലക്കാട്, ആറ്റിങ്ങൽ, തൃശൂർ, ആലത്തൂർ എന്നീ സീറ്റുകളാണ് നിയമസഭാ വോട്ടിങ് അനുസരിച്ച് എൽ.ഡി.എഫിന് മുൻകൈയുള്ള മണ്ഡലങ്ങൾ, ഇതിൽ ആലത്തൂരിൽ മാത്രമാണ് നിലവിൽ എൽ.ഡി.എഫിന് വിജയിക്കാനായിട്ടുള്ളത്. ആറ്റിങ്ങൽ, പാലക്കാട് എന്നിവ യു.ഡി.എഫിന്റെയും തൃശൂർ ബി.ജെ.പിയുടെയും സ്ഥാനാർത്ഥികൾ വിജയിച്ച മണ്ഡലങ്ങളാണ്.
2024 ൽ സുരേഷ്‌ഗോപിയെ സ്ഥാനാർത്ഥിയാക്കി ബി.ജെ.പി തൃശ്ശൂർ പിടിച്ചെടുത്തെങ്കിലും നിയമസഭാ വോട്ടിങ് അനുസരിച്ച് ഈ സീറ്റിൽ എൽ.ഡി.എഫ് 4357 വോട്ടുകൾക്ക് മുന്നിലാണ്, യു.ഡി.എഫിന് മൂന്നാം സ്ഥാനത്തുനിന്ന് കരകേറാനും സാധിച്ചു. എന്നാൽ ബി.ജെ.പി ഒന്നാം സ്ഥാനത്തുനിന്നും മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി.
3 ,58 ,885 വോട്ടിന്റെ ഭൂരിപക്ഷം നേടി മലപ്പുറം മണ്ഡലം ഏറ്റവും ഭൂരിപക്ഷമുള്ള മണ്ഡലമായി, നിയമസഭാ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്ക് ചരിത്ര ഭൂരിപക്ഷം നൽകിയ മലപ്പുറം നിയസഭ മണ്ഡലവും ഇതിൽ ഉൾപ്പെടുന്നതാണ്. 2,22,991 വോട്ടിന്റെ ഭൂരിപക്ഷവുമായി കോൺഗ്രസിന്റെ കുത്തക മണ്ഡലമായ വയനാടാണ് ഭൂരിപക്ഷത്തിൽ രണ്ടാം സ്ഥാനത്തുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് കടുത്ത തിരിച്ചടി നേരിട്ടപ്പോഴാണ് ലോക്സഭാ മണ്ഡലങ്ങളിൽ ഒന്നിൽനിന്നും നാലിലേക്ക് സീറ്റുകളുയർത്താൻ എൽ.ഡി.എഫിന് സാധിച്ചിരിക്കുന്നത്. എന്നാൽ കേരളത്തിൽ നിയമസഭാ, ലോക്സഭാ വോട്ടിങ് രീതികൾ വ്യത്യസ്തമാണെന്നുള്ളതും ഒരു വസ്തുതയാണ്.
Content Highlight: Assembly election results; LDF leads in four Lok Sabha constituencies, UDF falls to 16