അസമിലെ എസ്.ഐ.ആര്‍ കരട് പട്ടിക; 10.56 ലക്ഷം വോട്ടര്‍മാരെ ഒഴിവാക്കി
India
അസമിലെ എസ്.ഐ.ആര്‍ കരട് പട്ടിക; 10.56 ലക്ഷം വോട്ടര്‍മാരെ ഒഴിവാക്കി
രാഗേന്ദു. പി.ആര്‍
Sunday, 28th December 2025, 7:02 am

ഗുവാഹത്തി: അസമിലെ എസ്.ഐ.ആര്‍ കരട് പട്ടികയില്‍ നിന്നും 10.56 ലക്ഷം പേര്‍ പുറത്ത്. ഒഴിവാക്കപ്പെട്ടവരില്‍ 4.79 ലക്ഷം പേര്‍ മരിച്ചവരാണ്. 5.23 ലക്ഷം പേര്‍ സ്ഥലം മാറിയവരുമാണ്. 53,619 പേര്‍ വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം എന്‍ട്രികള്‍ ഉള്ളവരായിരുന്നു.

സംസ്ഥാനത്തെ അകെ വോട്ടര്‍മാരുടെ എണ്ണം 2.51 കോടിയാണ്. ഇതില്‍ 93,000ത്തിലധികം ‘ഡി-വോട്ടര്‍’മാരും ഉള്‍പ്പെടുന്നു. ഇവര്‍ പൗരത്വം ചോദ്യം ചെയ്യപ്പെടുന്നവരാണ്. നിലവില്‍ സംസ്ഥാനത്തെ ഡി-വോട്ടര്‍മാര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടെങ്കിലും ഒരാള്‍ക്ക് പോലും വോട്ടവകാശമില്ല.

നവംബര്‍ 22 മുതല്‍ ഡിസംബര്‍ 20 വരെയായിരുന്നു അസമിലെ എസ്.ഐ.ആര്‍ നടപടികള്‍. അസമിലെ 61 ലക്ഷത്തിലധികം വരുന്ന വീടുകളില്‍ ബി.എല്‍.ഒമാര്‍ നേരിട്ടെത്തിയെന്നും വിവരങ്ങള്‍ ശേഖരിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

കരട് പട്ടികയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളോ എതിര്‍പ്പുകളോ ഉണ്ടെങ്കില്‍ 2026 ജനുവരി 22 വരെ അറിയിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഫെബ്രുവരി പത്തിനാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക.

നേരത്തെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ്, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, കേരളം, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാന്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ എസ്.ഐ.ആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചിരുന്നു.

കേരളത്തില്‍ എസ്.ഐ.ആറിന്റെ ഭാഗമായി 24 ലക്ഷം വോട്ടര്‍മാരെയാണ് ഒഴിവാക്കിയത്. 2,54,42,352 വോട്ടര്‍മാരാണ് പട്ടികയില്‍ ആകെയുള്ളത്. ഒഴിവാക്കിയവരില്‍ മരിച്ചവരുടെ എണ്ണം 6,49,885ഉം കണ്ടെത്താനാകാത്തവര്‍ 64,55,48ഉം സ്ഥലം മാറിയവര്‍ 8,21,622 പേരുമാണ്. 1.36 ലക്ഷം പേര്‍ രണ്ടിടത്ത് വോട്ടുള്ളവര്‍ ആയിരുന്നു.

സംസ്ഥാനത്ത് അകെ ഉണ്ടായിരുന്നത് 2,78,50,856 വോട്ടര്‍മാര്‍ ആയിരുന്നു. ഇതില്‍ 91.35 ശതമാനം എന്യൂമറേഷന്‍ ഫോമുകള്‍ തിരികെ ലഭിച്ചു. എന്നാല്‍ 8.6 ശതമാനം, അതായത് 24,80,503 ഫോമുകള്‍ ഇനിയും തിരികെ ലഭിക്കാനുണ്ട്.

തമിഴ്നാട്ടിലെ കരട് പട്ടികയില്‍ നിന്നും 97 ലക്ഷം വോട്ടര്‍മാരെയാണ് ഓഴിവാക്കിയത്. നിലവില്‍ 5,43,76,755 വോട്ടര്‍മാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഇതില്‍ 2.66 കോടി സ്ത്രീകളും 2.77 കോടി പുരുഷന്മാരും ഉള്‍പ്പെടുന്നു.

മരണം മൂലം 26,94,672 എന്‍ട്രികളും കുടിയേറ്റം കാരണം 66,44,881 എന്‍ട്രികളും ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷന്റെ പേരില്‍ 3,39,278 എന്‍ട്രികളുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കിയത്. എന്നാല്‍ കരടിന് മുന്നോടിയായി 6.41 വോട്ടര്‍മാരാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്.

Content Highlight: Assam’s SIR draft list: 10.56 lakh voters excluded

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.