ഫക്രുദീൻ അലി അഹമ്മദ് മെഡിക്കൽ കോളേജിന്റെ പേരുമാറ്റാനൊരുങ്ങി അസം സർക്കാർ
India
ഫക്രുദീൻ അലി അഹമ്മദ് മെഡിക്കൽ കോളേജിന്റെ പേരുമാറ്റാനൊരുങ്ങി അസം സർക്കാർ
മുഹമ്മദ് നബീല്‍
Wednesday, 11th March 2026, 4:11 pm

ദിസ്പുർ: ഇന്ത്യയുടെ മുൻ പ്രസിഡന്റ് ഫക്രുദീൻ അലി അഹമ്മദിന്റെ പേരിലുള്ള മെഡിക്കൽ കോളേജിന്റെ പേരുമാറ്റാൻ തീരുമാനിച്ച് അസം സർക്കാർ.

സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളേജുകളുടെ പേരുമായി യോജിച്ചുപോകുന്നതല്ല എന്ന കാരണത്താലാണ് പേര് മാറ്റുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മാധ്യമങ്ങളോട് പറഞ്ഞു.

‘സംസ്ഥാനത്തെ 15 മെഡിക്കൽ കോളേജുകളും അത് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. എന്നാൽ ബാർപേട്ടയിൽ സ്ഥിതിചെയ്യുന്ന മെഡിക്കൽ കോളേജുമാത്രം ഫക്രുദീൻ അലി അഹമ്മദിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഇത് പൊതുജനങ്ങൾക്കിടയിൽ സ്വകാര്യ മെഡിക്കൽ കോളേജ് ആണോ ചോദ്യമുയർത്തുന്നുണ്ട്,’ ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

ഈ സാഹചര്യത്തിലാണ് സംസ്ഥാന മന്ത്രിസഭ മെഡിക്കൽ കോളേജിന്റെ പേര് ബാർപേട്ട മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ എന്നാക്കി മാറ്റാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഫക്രുദീൻ അലി അഹമ്മദ് രാജ്യത്തിന്റെ പ്രസിഡന്റ് ആയിരുന്നെന്നും അസമിൽ നിന്നും ഈ പദവിയിലേക്ക് എത്തുന്ന ഏക വ്യക്തിയായ അദ്ദേഹത്തിന്റെ പേര്‌ സർക്കാർ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സാംസ്‌കാരിക സ്ഥാപനങ്ങൾക്കും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1974 – 77 കാലയളവിൽ ഇന്ത്യയുടെ പ്രസിഡന്റായിരുന്നു ഫക്രുദീൻ അലി അഹമ്മദ്. ഇന്ദിര ഗാന്ധിയുടെ നിർദേശപ്രകാരം അടിയന്തരവസ്ഥ പ്രഖ്യാപിച്ചത് ഫക്രുദീൻ അലി ആയിരുന്നു. ഈ തീരുമാനം താൻ ബോധപൂർവം എടുത്തതല്ലെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നു.

Content Highlight: Assam Govt planning to change the name of Fakrudheen Ali Ahmed medical college

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം