| Sunday, 8th February 2026, 12:30 pm

പോയിന്റ് ബ്ലാങ്കില്‍ മുസ്‌ലിങ്ങള്‍ക്കുനേരെ പ്രതീകാത്മക വെടിയുതിര്‍ക്കല്‍; ഹിമന്ത ബിശ്വ ശര്‍മയുടെ വീഡിയോ പങ്കുവെച്ച് അസം ബി.ജെ.പി

നിഷാന. വി.വി

ഗുവാഹത്തി: മുസ്‌ലിങ്ങള്‍ക്ക് നേരെ പ്രതീകാത്മകമായി വെടിയുതിര്‍ക്കുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ വീഡിയോ പങ്കുവെച്ച് ബി.ജെ.പി.

അസം ബി.ജെ.പി യൂണിറ്റിന്റെ എക്‌സ് ഹാന്‍ഡിലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പോയിന്റ് ബ്ലാങ്ക് ഷൂട്ട് എന്ന അടിക്കുറിപ്പോടെയോടാണ് പോയിന്റ് ബ്ലാങ്കില്‍ വെടിവെയ്ക്കുന്ന ഹിമന്തയുടെ വീഡിയോ പങ്കുവെച്ചത്.

ബംഗാളി മുസ്‌ലിങ്ങളായി ചിത്രീകരിച്ച എ.ഐ ജനറേറ്റഡ് ഫോട്ടോകള്‍ക്ക് നേരെ മുഖ്യമന്ത്രി വെടിയുതിര്‍ക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.

വിദേശി മുക്ത അസം, നിങ്ങള്‍ എന്ത്‌കൊണ്ട് പാകിസ്ഥാനിലേക്ക് പോയില്ല? ദയയില്ല തുടങ്ങിയ വരികളും വീഡിയോയിലുണ്ട്.

ഇതിനെതിരെ വലിയ തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.

ഇത് ലജ്ജാകരമാണെന്നും ഈ വീഡിയോ നിര്‍മിച്ചതാരായാലും എത്രയും പെട്ടെന്ന് അവര്‍ക്കെതിരായി നടപടികള്‍ എടുക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സാഗരിക ഘോഷ് ആവശ്യപ്പെട്ടു.

ഭരണഘടനയുടെ അധപതനമാണ് ഈ വീഡിയോ തുറന്നുകാട്ടുന്നതെന്ന് മാധ്യമ പ്രവര്‍ത്തകയായ റാണ അയ്യൂബ് എക്‌സില്‍ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യയില്‍ തനിക്ക് കിട്ടിയ സ്വീകരണത്തെ പുകഴ്ത്തുമ്പോള്‍ ഹിമന്ത ബിശ്വ ശര്‍മ മുസ്‌ലിങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന മീം ബി.ജെ.പി ഔദ്യോഗിക ഹാന്‍ഡിലിലൂടെ പങ്കുവെക്കുന്നുവെന്നും അവര്‍ പരിഹസിച്ചു.

മിയ മുസ് ലിങ്ങള്‍ക്കെതിരായ പരാമര്‍ശങ്ങളെ തുടര്‍ന്ന് നേരത്തേയും ഹിമന്തയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

ദിഗ്‌ബോയില്‍ നടന്ന പരിപാടിയില്‍ പരാമാവധി മിയ മുസ്‌ലിങ്ങളെ ബുദ്ധിമുട്ടിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.

മിയ മുസ്‌ലിങ്ങളെ ബുദ്ധിമുട്ടിക്കാന്‍ താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മിയ മുസ്‌ലിമിന്റെ ഓട്ടോ വിളിച്ചാല്‍ അഞ്ച് രൂപയാണെങ്കില്‍ നാല് രൂപ മാത്രം കൊടുത്താല്‍ മതിയെന്നടക്കമുള്ള പ്രസ്താവനകളും ഹിമന്ത നടത്തിയിരുന്നു.

ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

അസം മുഖ്യമന്ത്രിയുടെ പ്രസംഗം ഭരണഘടനാ തത്വങ്ങള്‍ക്കും ന്യൂനപക്ഷ അവകതാശങ്ങള്‍ക്കും ഭീഷണിയാണെന്ന കാണിച്ച് ആക്ടിവിസ്റ്റായ ഹര്‍ഷ് മന്ദര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Content Highlight: Assam BJP shares Himanta Biswa Sarma’s video of symbolic shooting at Muslims at point blank range

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more