ആസിഫ് അലിയുടെ സഹോദരനായി സിനിമയിലേക്കെത്തിയ നടനാണ് അസ്‌കര്‍ അലി. ഹണി ബീ 2.5 എന്ന ചിത്രത്തിലൂടെയാണ് അസ്‌കര്‍ സിനിമാലോകത്തേക്കെത്തിയത്. എട്ട് വര്‍ഷത്തെ കരിയറില്‍ വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അസ്‌കര്‍ ഭാഗമായിട്ടുള്ളൂ. താരം ഭാഗമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള.
ചിത്രത്തിന്റെ പേര് മാറ്റാതെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടിനെക്കുറിച്ച് സംസാരിക്കുകയാണ് അസ്‌കര്‍ അലി. ഈ വാര്‍ത്ത ആദ്യം കേട്ടപ്പോള്‍ കോമഡിയായാണ് തനിക്ക് തോന്നിയതെന്ന് താരം പറഞ്ഞു. ഒരുപാട് ചാനലുകളില്‍ ഇത് വാര്‍ത്തയായി വന്നപ്പോള്‍ അത് സത്യമാണെന്ന് മനസിലായെന്നും താരം പറയുന്നു.
പ്രൊമോഷന്‍ പരിപാടിയാണോ എന്നറിയാന്‍ വേണ്ടി ചിത്രത്തിന്റെ സംവിധായകന്റെ ഫോണ്‍ ചെയ്ത് സംസാരിച്ചെന്നും അദ്ദേഹവും ഇക്കാര്യം സത്യമാണെന്ന് പറഞ്ഞെന്നും അസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. പേരിന്റെ പ്രശ്‌നം കാരണം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തരില്ലെന്നാണെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് അടച്ചുപൂട്ടി പോകണമെന്നാണും താരം പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അസ്‌കര്‍ അലി.
‘സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കില്‍ ജാനകി എന്ന പേര് മാറ്റണമെന്നുള്ള വാര്‍ത്ത ആദ്യം കണ്ടപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല. എനിക്ക് അത് കോമഡിയായിട്ടാണ് തോന്നിയത്. ഇതിന് മുമ്പ് നമ്മള്‍ ഇങ്ങനെയൊരു കാര്യം കേട്ടിട്ടില്ലല്ലോ. ഒരുപാട് ചാനലുകളില്‍ ഇത് വാര്‍ത്തയായി വന്നപ്പോളും എനിക്ക് വിശ്വസിക്കാനായില്ല.
ക്രൂവിനെയൊന്നും ഇതുവരെ വിളിച്ചിട്ടില്ല. അവരെല്ലാം ഈ പ്രശ്‌നത്തിന്റെ പിന്നാലെ ഓടിക്കൊണ്ടിരിക്കുകയാണല്ലോ. പിന്നെ കഴിഞ്ഞ ദിവസം ഞാന്‍ ഈ പടത്തിന്റെ ഡയറക്ടര്‍ പ്രവീണ്‍ ചേട്ടനെ വിളിച്ചു. ‘ചേട്ടാ, ഇത് ശരിക്കുമുള്ളതാണോ, പ്രൊമോഷന്‍ പരിപാടിയല്ലല്ലോ’ എന്ന് ചോദിച്ചു. അല്ലെന്ന് പുള്ളി പറഞ്ഞപ്പോഴാണ് ഇതിന്റെ സീരിയസ്‌നെസ്സ് മനസിലായത്.
ഇത്തരം ആവശ്യമൊന്നും അംഗീകരിച്ചുകൊടുക്കരുതെന്നേ പറയാന്‍ സാധിക്കുള്ളൂ. ജാനകി എന്ന പേര് മാറ്റിയാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് തരുള്ളൂ എന്ന് സീരിയസായിട്ട് പറഞ്ഞാല്‍ അങ്ങനെയൊരു സെന്‍സര്‍ ബോര്‍ഡ് അടച്ചുപൂട്ടി പോകണം എന്നേ ഞാന്‍ പറയുള്ളൂ. അല്ലാതെ എന്താ ചെയ്യുക,’ അസ്‌കര്‍ അലി പറഞ്ഞു.
നവാഗതനായ പ്രവീണ്‍ നാരയണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള. സുരേഷ് ഗോപി നായകനായെത്തുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനും ശക്തമായ വേഷം കൈകാര്യം ചെയ്യുന്നു. മാധവ് സുരേഷ്, ജോയ് മാത്യു, ദിവ്യ പിള്ള, ബൈജു സന്തോഷ്, ശ്രുതി രാമചന്ദരന്‍ എന്നിവര്‍ അണിനിരക്കുന്നുണ്ട്.
Content Highlight: Askar Ali shares his opinion on Janaki vs State of Kerala movie censor issue