മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട യുവനടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 2009 ല്‍ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെ അഭിനയജീവിതത്തിന് അരങ്ങേറ്റം കുറിച്ച താരം ഒട്ടനവധി മികച്ച കഥാപാത്രങ്ങളെയാണ് മലയാള സിനിമക്ക് സമ്മാനിച്ചിരിക്കുന്നത്. ആസിഫിന്റെ ഹിറ്റ് ചിത്രമായ ഹണി ബീ 2 വിന്റെ സെറ്റിനെ പശ്ചാത്തലമാക്കി ഒരുക്കിയ ഹണി ബീ 2.5 ലൂടെ ആസിഫിന്റെ സഹോദരന്‍ അസ്‌കര്‍ അലിയും സിനിമയിലേക്ക് കാലെടുത്തുവെച്ചിരുന്നു.
ഇപ്പോഴിതാ പെരുന്നാള്‍ ദിവസം എറണാകുളത്ത് മാധ്യമങ്ങളെ കണ്ട് സംസാരിക്കവെ സഹോദരന്‍ അസ്‌കര്‍ അലിയെക്കുറിച്ചും അദ്ദേഹത്തിന്റെ പുതിയ ചിത്രത്തെ കുറിച്ചും ആസിഫ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
‘പെരുന്നാളാണ് ഇത്തവണ പെരുന്നാള്‍ തൊടുപുഴയില്‍ കൂടാന്‍ പറ്റിയില്ല, ഉമ്മയും വാപ്പയും എല്ലാവരും എറണാകുളത്തേക്ക് വന്നു, ഇത്തവണ പെരുന്നാള്‍ സ്‌പെഷ്യലാക്കുന്നത് അച്ചുവിന്റെ(അസ്‌കര്‍ അലി) സിനിമയാണ്. സംഭവം എന്ന സിനിമക്ക് തിയേറ്ററുകളില്‍ നിന്നും മികച്ച റെസ്‌പോണ്‍സ് ലഭിച്ചു. അതുകൊണ്ട് വീട്ടിലെല്ലാവരും ഒരുപാട് സന്തോഷത്തിലാണ്.
സാധാരണയായി നാട്ടിലാണ് പെരുന്നാള്‍ ആഘോഷിക്കാറുള്ളത്. ഇത്തവണ എനിക്കും അച്ചുവിനും എറണാകുളത്ത് ഷൂട്ടിങ് ഉണ്ട്. ഇത്രയും വലിയ ഈദ് ഗാഹാണ് കലൂര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്നത്. ഇന്നത്തെ കാലത്ത് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുക . ജാതി മത രാഷ്ട്രീയ വ്യത്യാസങ്ങളൊന്നും ഇല്ലാതെ എല്ലാവരും ഒന്നിച്ച് നില്‍ക്കുക. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരുപാട് പേര്‍ വിളിക്കുന്നുണ്ട്. ഒത്തിരി പ്രിയപ്പെട്ടവര്‍ ഇലക്ഷന് നില്‍ക്കുന്നുണ്ട്, ആസിഫ് അലി പറഞ്ഞു.
പിഷാരടിയുടെ ഇന്റര്‍വ്യൂവെല്ലാം കാണുമ്പോള്‍ തമാശയൊന്നുമില്ലാതെ വളരെ പക്വതയോടെയുളള ഇലക്ഷന്‍ പ്രചരണത്തിനാണ് പിഷാരടി ഉന്നം വെക്കുന്നതെന്നും സഹപ്രവര്‍ത്തകനായത് കൊണ്ട് സമയമനുവദിച്ചാല്‍ അവരാഗ്രഹിക്കുന്ന സമയത്ത് പ്രചാരണത്തിനായി എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആസിഫ് പറഞ്ഞു. പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധം നമ്മുടെ അടുക്കളയിലേക്ക് വരെ കടന്നെത്തിയിട്ടുണ്ടെന്നും ഉടന്‍ തന്നെ അവസാനിക്കട്ടെയെന്നാണ് പ്രാര്‍ത്ഥിക്കുന്നതെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Asif extends Eid wishes and talks about his brother and Ramesh pisharody
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.