മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. തുടര്‍ച്ചയായി മികച്ച സിനിമകളുടെ ഭാഗമാകുന്ന നടന്‍ കൂടിയാണ് അദ്ദേഹം. ഇപ്പോള്‍ ആസിഫ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് സര്‍ക്കീട്ട്.
ആയിരത്തൊന്ന് നുണകള്‍ എന്ന സിനിമ സംവിധാനം ചെയ്ത തമര്‍ ആണ് ഈ ചിത്രവും സംവിധാനം ചെയ്തത്. റിലീസിന് ശേഷം മികച്ച പ്രതികരണം നേടുന്ന ചിത്രം കൂടിയാണ് സര്‍ക്കീട്ട്.
അതേസമയം തിയേറ്ററില്‍ വലിയ വിജയം നേടിയ ചിത്രമാണ് മോഹന്‍ലാല്‍ നായകനായ തുടരും. താന്‍ ആദ്യത്തെ മൂന്ന് ദിവസം ബുക്ക് ചെയ്യാന്‍ ശ്രമിച്ചിട്ടും ടിക്കറ്റ് കിട്ടാതെ പോയ സിനിമയാണ് തുടരുമെന്ന് പറയുകയാണ് ആസിഫ് അലി.
സര്‍ക്കീട്ട് എന്ന സിനിമ കൂടുതല്‍ ആളുകളിലേക്ക് എത്തുന്നില്ലെന്ന തോന്നല്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നടന്‍. വെക്കേഷന്‍ സമയത്ത് തുടരും പോലൊരു സിനിമക്കാണ് ആളുകള്‍ മുന്‍ഗണന കൊടുക്കുകയെന്നും അതിനുശേഷം രണ്ടാമത്തെ ചോയ്‌സായി തന്റെ സര്‍ക്കീട്ട് മാറിയിട്ടുണ്ടെന്നാണ് വിശ്വാസമെന്നും ആസിഫ് പറഞ്ഞു.
‘ഇപ്പോള്‍ തിയേറ്ററില്‍ തുടരും എന്ന സിനിമ കൂടെയുണ്ട്. ഞാനുള്‍പ്പെടെ ആദ്യത്തെ മൂന്ന് ദിവസം ബുക്ക് ചെയ്യാന്‍ ശ്രമിച്ചിട്ടും ടിക്കറ്റ് കിട്ടാതെ പോയ സിനിമയാണ് തുടരും. അത്തരത്തില്‍ ഒരു സിനിമയാണ് നമ്മള്‍ വെക്കേഷന് പ്രിഫറ് ചെയ്യുക. അതിന് ശേഷം രണ്ടാമത്തെ ചോയ്‌സായി സര്‍ക്കീട്ട് മാറിയിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.
കഴിഞ്ഞ ദിവസം മുതല്‍ തിയേറ്റര്‍ വിസിറ്റ് നടത്തുന്ന സമയത്ത് നമുക്ക് കിട്ടുന്ന പോസിറ്റീവ് ഫീഡ്ബാക്ക് അതാണ്. ബുക്കിങ്ങിലൊക്കെ ചെറിയ വ്യത്യാസം വന്നിട്ടുണ്ട്. ആളുകള്‍ സിനിമയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എഴുതുന്നുണ്ട്. ഒരു രീതിയിലുള്ള പെയ്ഡ് പ്രൊമോഷന്‍സും ഇല്ലാതെയാണ് ഇത്.
ഞാന്‍ എപ്പോഴും തിയേറ്റര്‍ വിസിറ്റ് നടത്തുമ്പോള്‍ റിക്വസ്റ്റ് ചെയ്യുന്ന കാര്യമാണ്, കണ്ട ശേഷം മറ്റുള്ളവരോട് സിനിമയെ കുറിച്ച് സംസാരിക്കുക എന്നത്. എന്റെ കരിയറില്‍ നല്ല ഫീഡ്ബാക്ക് കിട്ടിയ സിനിമകളൊക്കെ വിജയിച്ചത് അങ്ങനെ തന്നെയാണ്. പോസിറ്റീവായ മൗത്ത് പബ്ലിസിറ്റിയിലൂടെയാണ്,’ ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali Talks About Thudarum And Sarkeet Movie