കിഷ്‌കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ആസിഫ് അലി നായകനായി എത്തുന്ന സിനിമയാണ് സര്‍ക്കീട്ട്. ഏറെ പ്രേക്ഷക പ്രശംസ നേടിയ ആയിരത്തൊന്ന് നുണകള്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ താമര്‍ ഒരുക്കുന്ന ചിത്രമാണ് ഇത്.
താന്‍ ആദ്യമായി ആയിരത്തൊന്ന് നുണകള്‍ കണ്ടതിനെ കുറിച്ച് പറയുകയാണ് ആസിഫ് അലി. സര്‍ക്കീട്ടിന്റെ സ്‌ക്രിപ്റ്റുമായി താമര്‍ തന്റെ അടുത്തേക്ക് വരാന്‍ കാരണമായ ഫോണ്‍ കോളിനെ കുറിച്ചും നടന്‍ പറയുന്നു. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ്.
‘ഒരു യാത്രയുടെ ഇടയില്‍ ട്രെയിനില്‍ വെച്ചാണ് ഞാന്‍ ആദ്യമായി ആയിരത്തൊന്ന് നുണകള്‍ എന്ന സിനിമ കാണുന്നത്. ഞാനും നവീന്‍ എന്ന എന്റെ സുഹൃത്തും കൂടെ എവിടെയോ പോകുകയായിരുന്നു. അത്യാവശ്യം ദൂരെയുള്ള സ്ഥലത്തേക്കായിരുന്നു അന്ന് പോകാന്‍ ഉണ്ടായിരുന്നത്.
ഐ-പാഡ് എടുത്തിട്ട് ഏതെങ്കിലും ഒരു സിനിമ കാണാമെന്ന് കരുതി നോക്കുമ്പോഴാണ് അന്ന് ഒ.ടി.ടിയില്‍ ഇങ്ങനെയൊരു സിനിമ വന്നത് കാണുന്നത്. എനിക്ക് ആ സിനിമയെ പറ്റി ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. അത് ആരുടെ സിനിമയാണെന്ന് പോലും അറിയില്ലായിരുന്നു.
വെറുതെ കാണാമെന്ന് കരുതി കണ്ടുതുടങ്ങിയതാണ് ഞാന്‍. പത്ത് മിനിട്ട് കഴിഞ്ഞതും ഞങ്ങള്‍ക്ക് ആ സിനിമയുടെ മൂഡ് കിട്ടി. അങ്ങനെ ഒറ്റയിരിപ്പിനാണ് ആ സിനിമ കാണുന്നത്. അതിനെ പറ്റി ഞങ്ങള്‍ പരസ്പരം ഒരുപാട് സംസാരിക്കുകയും ചെയ്തു.
ഇതേ ഫോര്‍മാറ്റില്‍ ഒരുപാട് സിനിമകള്‍ വന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷെ ഇത്ര പെര്‍ഫെക്ടായിട്ട് ചെയ്തത് കണ്ടിട്ടില്ല. എല്ലാ കഥാപാത്രങ്ങളെയും നമുക്ക് പെട്ടെന്ന് കണക്ടായി. അതില്‍ ഉള്ളതെല്ലാം പുതിയ ആളുകളായിരുന്നു. ആ സിനിമയില്‍ ഒരു നല്ല ക്രാഫ്റ്റ് ഫീല് ചെയ്തു.
സിനിമ കഴിഞ്ഞതും ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ ചെന്ന് താമര്‍ എന്ന പേര് സെര്‍ച്ച് ചെയ്തു. അധികം ആര്‍ക്കുമില്ലാത്ത ഒരു സ്‌പെഷ്യല്‍ പേരാണല്ലോ അത്. ഞാന്‍ താമറിന് വോയിസ് മെസേജ് അയച്ചു. പിന്നെ എന്റെ മൊബൈല്‍ നമ്പറും അയച്ചു.
15 മിനിട്ട് കഴിഞ്ഞതും താമര്‍ എന്നെ വിളിച്ചു. ഞങ്ങള്‍ സിനിമയെ പറ്റിയൊക്കെ സംസാരിച്ചു. എന്തെങ്കിലും പുതിയ പരിപാടിയുണ്ടെങ്കില്‍ എനിക്ക് കേള്‍ക്കാന്‍ താത്പര്യമുണ്ടെന്ന് ഞാന്‍ പറഞ്ഞു. അത് സീരിയസായി എടുത്ത് അപ്പോള്‍ തന്നെ സ്‌ക്രിപ്റ്റുമായി വന്നു (ചിരി),’ ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali Talks About Thamar Kv And 1001 Nunkal Movie