കുറച്ച് സിനിമയില്‍ അഭിനയിച്ചെന്ന് കരുതി ഞങ്ങള്‍ പറയുന്നതെല്ലാം കൃത്യമാണെന്ന് പ്രതീക്ഷിക്കരുത്: ആസിഫ് അലി
Malayalam Cinema
കുറച്ച് സിനിമയില്‍ അഭിനയിച്ചെന്ന് കരുതി ഞങ്ങള്‍ പറയുന്നതെല്ലാം കൃത്യമാണെന്ന് പ്രതീക്ഷിക്കരുത്: ആസിഫ് അലി
അശ്വിന്‍ രാജേന്ദ്രന്‍
Monday, 13th July 2026, 5:13 pm

മലയാളത്തിലെ യുവതാരങ്ങളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. 2009 ല്‍ ശ്യാമപ്രസാദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഋതുവിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം അപൂര്‍വരാഗം, ട്രാഫിക്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഒഴിമുറി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമാകുകയായിരുന്നു. പിന്നീട് 2016 ല്‍ പുറത്തിറങ്ങിയ അനുരാഗ കരിക്കിന്‍ വെള്ളം, സണ്‍ഡേ ഹോളിഡേ, ബി.ടെക്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ചിത്രങ്ങളിലൂടെ ആസിഫ് മലയാള സിനിമയില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയായിരുന്നു.

ആസിഫ് അലി. Photo: Ott PLay

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന നെടുങ്കണ്ടം മിറാക്കിള്‍ എന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പുറത്ത് വന്നത് മുതല്‍ താരത്തിന്റെ പേര് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ആസിഫ് അലിയും പ്രധാനവേഷത്തിലെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ സിനിമാക്കാരെ കുറിച്ച് പൊതുവായി ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കുമുള്ള ധാരണയെ കുറിച്ച് ആസിഫ് അലി അടുത്തിടെ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

കുറച്ച് സിനിമകളിലെല്ലാം അഭിനയിച്ച് അത്യാവിശ്യം പോപ്പുലര്‍ ആയിക്കഴിഞ്ഞാല്‍ തങ്ങളെല്ലാം പറയുന്നത് കൃത്യമാണെന്നും ഇന്റലെക്ച്വലായ മറുപടി നമ്മുടെ അടുത്ത് നിന്ന് വരും എന്നുമുള്ള പ്രതീക്ഷകള്‍ എല്ലാം ഭയങ്കര തെറ്റാണെന്ന് പറയുകയാണ് താരം. സിനിമകള്‍ ചെയ്യുന്നുണ്ട്, ഇന്‍ഡസ്ട്രിയുടെ ഭാഗമായി നില്‍ക്കുന്നുണ്ട്, എന്നതുകൊണ്ട് സിനിമാക്കാര്‍ എല്ലാം വലിയ സംഭവമാകണമെന്നില്ല. തെറ്റ് പറ്റാനും മണ്ടത്തരം പറയാനുമുള്ള സാധ്യതകള്‍ നമ്മുടെ അടുത്ത് നിന്ന് വരാമെന്നും അദ്ദേഹം പറഞ്ഞു. ചില കാര്യങ്ങള്‍ പറഞ്ഞ് കഴിഞ്ഞ ശേഷം അതിന്റെ ചര്‍ച്ചകള്‍ ചൂട് പിടിക്കുമ്പോഴാകും എല്ലാവരും കാര്യങ്ങള്‍ മനസിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടിക്കി ടാക്ക. Photo: Ott Play

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, കള, ഇബ്‌ലീസ്, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ടിക്കി ടാക്കയാണ് ആസിഫിന്റേതായി വരാനിരിക്കുന്ന ചിത്രം. ഹൈ വോള്‍ട്ട് ആക്ഷന്‍ എന്റര്‍ടെയിനറായി ഒരുങ്ങുന്ന ചിത്രത്തില്‍ ആസിഫിന് പുറമെ നസ് ലെന്‍, വാമിക ഗബ്ബി, ഹരിശ്രീ അശോകന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Asif Ali talks about misunderstand regarding cinema workers and actors

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.