| Saturday, 18th January 2025, 10:40 am

സംവിധായകന് മമ്മൂക്ക രാത്രി കിടക്കുന്നതിന് മുമ്പ് അയച്ച മെസേജ്; അദ്ദേഹത്തിന്റെ പാഷനാണ് കണ്ടത്: ആസിഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആസിഫ് അലിയുടേതായി ഏറ്റവും പുതുതായി തിയേറ്ററില്‍ എത്തിയ ചിത്രമാണ് രേഖാചിത്രം. മിസ്റ്ററി ക്രൈം ത്രില്ലര്‍ ഴോണറില്‍ എത്തിയ ഈ സിനിമ ജോണ്‍ മന്ത്രിക്കലിന്റെയും രാമു സുനിലിന്റെയും തിരക്കഥയിലായിരുന്നു ഒരുങ്ങിയത്.

ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രം കൂടിയാണ്. സിനിമയില്‍ ആസിഫിന് പുറമെ അനശ്വര രാജന്‍, മനോജ് കെ. ജയന്‍, സിദ്ദിഖ്, സലീമ, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ജഗദീഷ് തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.

ചിത്രത്തില്‍ ‘മമ്മൂട്ടി ചേട്ടന്‍’ ആയി നടന്‍ മമ്മൂട്ടിയുടെ സാന്നിധ്യവും ഉണ്ടായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തെ കുറിച്ച് പറയുകയാണ് ആസിഫ് അലി. തന്റേത് ഒരു ഗസ്റ്റ് അപ്പിയറന്‍സ് ആയിട്ട് പോലും മമ്മൂട്ടി അടുത്ത ദിവസം രാവിലെ ഡബ്ബിങ് കറക്ഷനുണ്ടെന്ന് പറഞ്ഞ് സംവിധായകന് മെസേജ് അയച്ചെന്നാണ് ആസിഫ് അലി പറയുന്നത്.

ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. സിനിമയോടുള്ള മമ്മൂട്ടിയുടെ പാഷനാണ് അവിടെ കണ്ടതെന്നും സിനിമയില്‍ മമ്മൂട്ടി ചേട്ടന്‍ എന്നാക്കിയത് അദ്ദേഹത്തിന്റെ തീരുമാനമായിരുന്നെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.

‘മമ്മൂക്ക ഒരു ദിവസം രാത്രി കിടക്കുന്നതിന് മുമ്പ് ജോഫിന് മെസേജ് അയച്ചു. ‘രാവിലെ ആറ് മണിക്ക് ഡബ്ബിങ് കറക്ഷനുണ്ട്. വരണം’ എന്ന് പറഞ്ഞായിരുന്നു ആ മെസേജ്. പിറ്റേന്ന് അദ്ദേഹത്തിന് ഒരു ഇന്റര്‍നാഷണല്‍ ട്രാവല്‍ പോകാനുണ്ട്. അന്ന് രാവിലെ വെളുപ്പിന് ആറ് മണിക്കാണ് ഡബ്ബിങ് കറക്ഷന്‍ ചെയ്യാന്‍ വരുന്നത്.

അദ്ദേഹം ഒരു ഗസ്റ്റ് അപ്പിയറന്‍സ് ആയിട്ട് അഭിനയിച്ച പടത്തിന് വേണ്ടിയാണ് അതെന്ന് ആലോചിക്കണം. ആ സിനിമ മനസിലിട്ട് അദ്ദേഹം വര്‍ക്ക് ചെയ്തു. അന്ന് മമ്മൂക്ക ആറ് മണിക്ക് ഡബ്ബിങ്ങിന് എത്തിയിട്ട് ഏഴ് മണിക്ക് എയര്‍പോര്‍ട്ടിലേക്ക് പോയി.

ആ കമ്മിറ്റ്‌മെന്റ് ആലോചിച്ചു നോക്കണം. സിനിമയോടുള്ള അദ്ദേഹത്തിന്റെ പാഷനാണ് അവിടെ കണ്ടത്. മമ്മൂട്ടി ചേട്ടന്‍ എന്നാക്കി മാറ്റി ഡയലോഗ് ചെയ്യണം എന്നുള്ളത് അദ്ദേഹത്തിന്റെ തീരുമാനമായിരുന്നു. ഒരു ആക്ടര്‍ എന്ന രീതിയില്‍ എത്രത്തോളം കമ്മിറ്റ്‌മെന്റ് അതിന് വേണമെന്ന് ഊഹിക്കാന്‍ പോലും പറ്റില്ല,’ ആസിഫ് അലി പറഞ്ഞു.

Content Highlight: Asif Ali Talks About Mammootty’s Passion

We use cookies to give you the best possible experience. Learn more