മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് ആസിഫ് അലി. ആസിഫ് ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു ഋതു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 2009 ല്‍ പുറത്തിറങ്ങിയ ഋതുവാണ് തന്റെ ജീവിതത്തില്‍ ടേണിങ് പോയിന്റ് ആയ ചിത്രമെന്ന് പറയുകയാണ് ആസിഫ് അലി.
സത്യന്‍ അന്തിക്കാടിന്റെ കഥ തുടരുന്നു എന്ന സിനിമയിലൂടെ കുടുംബപ്രേക്ഷകരിലേക്ക് എത്താനായി എന്നും കിളിപോയി എന്ന ചിത്രമാണ് യുവാക്കള്‍ക്കിടയില്‍ സ്വീകാര്യത നേടിത്തന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗൃഹലക്ഷ്മി മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ് അലി.
‘ഋതു എന്ന സിനിമയാണ് എന്റെ ജീവിതത്തില്‍ ടേണിങ് പോയിന്റ്. തൊടുപുഴയിലെ സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍നിന്ന് ഒരാള്‍ ബിഗ് സ്‌ക്രീനില്‍ എത്തുക എന്നതുതന്നെ വഴിത്തിരിവായിരുന്നു. പിന്നെ സത്യേട്ടന്റെ (സത്യന്‍ അന്തിക്കാട്) കഥ തുടരുന്നു എന്ന സിനിമയിലൂടെ കുടുംബപ്രേക്ഷകരിലേക്ക് എത്താനായി.
കെട്ട്യോളാണ് എന്റെ മാലാഖയിലെ സ്ലീവാച്ചാനും ഉയരെയിലെ ഗോവിന്ദുമടക്കമുളള കഥാപാത്രങ്ങളെ പറ്റി ആളുകള്‍ പറയാറുണ്ട്. ഹണീബി വേറൊരു തരത്തില്‍ ശ്രദ്ധിക്കപ്പെട്ടു. കിളിപോയിക്ക് യൂത്തിനിടയില്‍ സ്വീകാര്യത കിട്ടി. എന്റെ സ്വഭാവത്തിനും പ്രായത്തിനും യോജിച്ച സിനിമകള്‍ വന്നു,’ ആസിഫ് അലി പറയുന്നു.
തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ആസിഫ് അലി മികച്ച തിരിച്ചു വരവ് നടത്തിയ വര്‍ഷമായിരുന്നു 2024. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ കിഷ്‌കിന്ധാ കാണ്ഡം, ഈ വര്‍ഷം പുറത്തിറങ്ങിയ രേഖാചിത്രം എന്നിവ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. ആസിഫിന്റെ ഏറ്റവും പുതിയ ചിത്രം സര്‍ക്കീട്ട് കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തിയിരുന്നു. ആഭ്യന്തര കുറ്റവാളിയാണ് വരാനിരിക്കുന്ന ആസിഫ് ചിത്രം.
Content Highlight: Asif Ali Talks About Kadha Thudarunnu Movie