| Friday, 2nd May 2025, 7:35 am

ബോറടിയില്ലാതെ ഒറ്റയിരിപ്പിന് കണ്ട് തീര്‍ത്ത പടം; മലയാളത്തില്‍ അങ്ങനെയൊന്ന് ഇറങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞ് കണ്ടതായിരുന്നു: ആസിഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കിഷ്‌കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ആസിഫ് അലി നായകനായി എത്തുന്ന സിനിമയാണ് സര്‍ക്കീട്ട്. ഏറെ പ്രേക്ഷക പ്രശംസ നേടിയ ആയിരത്തൊന്ന് നുണകള്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ താമര്‍ ഒരുക്കുന്ന ചിത്രമാണ് ഇത്.

താന്‍ ആദ്യമായി ആയിരത്തൊന്ന് നുണകള്‍ കണ്ടതിനെ കുറിച്ചും സംവിധായകന്‍ താമറിന് മെസേജ് അയച്ചതിനെ കുറിച്ചും പറയുകയാണ് ആസിഫ് അലി. ഒരു യാത്രക്കിടെയാണ് ആ സിനിമ കണ്ടതെന്നും ഒറ്റയിരിപ്പിനാണ് കണ്ട് തീര്‍ത്തതെന്നും നടന്‍ പറയുന്നു. സില്ലിമോങ്ക്‌സ് മോളീവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു യാത്രക്കിടയിലാണ് ഞാന്‍ ആയിരത്തൊന്ന് നുണകള്‍ എന്ന സിനിമ കാണുന്നത്. ഞാനും ഫ്രണ്ട് നവീനും ഒരുമിച്ചാണ് ഈ സിനിമ കണ്ടത്. ഫ്രീ ടൈമില്‍ സിനിമ കാണുക എന്നതാണല്ലോ നമ്മളുടെയെല്ലാം ഹോബി.

ഞാന്‍ ആണെങ്കില്‍ ആ സമയത്ത് ആയിരത്തൊന്ന് നുണകള്‍ സിനിമയെ പറ്റി കേട്ടിട്ടൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ സോണി ലിവില്‍ ഇങ്ങനെയൊരു സിനിമ വന്നിട്ടുണ്ടെന്ന് അറിഞ്ഞിരുന്നു. എന്നാല്‍ ആ സിനിമ കണ്ട് തുടങ്ങിയ ആദ്യത്തെ 15 മിനിറ്റില്‍ തന്നെ സിനിമയിലേക്കുള്ള കണക്ഷന്‍ കിട്ടി.

അങ്ങനെ ഒറ്റയിരിപ്പിന് കണ്ട് തീര്‍ത്ത സിനിമയായിരുന്നു അത്. എന്നിട്ട് നേരെ ഇന്‍സ്റ്റഗ്രാമില്‍ പോയി താമറിനെ സെര്‍ച്ച് ചെയ്തു. പ്രൊഫൈല്‍ കിട്ടിയതും മെസേജ് അയച്ചു. വോയിസ് മെസേജ് ആയിരുന്നു അയച്ചത്.

‘ഞാന്‍ സിനിമ കണ്ടു. രസമുണ്ട്. എനിക്കൊന്ന് സംസാരിച്ചാല്‍ കൊള്ളാമെന്നുണ്ട്’ എന്ന് പറഞ്ഞു. ഞാന്‍ നമ്പര്‍ അയച്ചതും പത്ത് മിനിട്ട് കഴിഞ്ഞിട്ട് താമര്‍ എന്നെ വിളിച്ചു. ഞങ്ങള്‍ ആയിരത്തൊന്ന് നുണകള്‍ സിനിമയെ കുറിച്ചൊക്കെ ഒരുപാട് സംസാരിച്ചു. ആ സിനിമയുടെ പ്ലാനിങ് നല്ല രസമായിരുന്നു.

അത്രയും കോംപ്ലിക്കേറ്റഡായ ഒരു സാധനം ഒറ്റ ലൊക്കേഷനില്‍ തന്നെ തീര്‍ത്തു. അതും ഒട്ടും ബോറടിയില്ലാതെയാണ് ചെയ്തത്. എനിക്ക് പറ്റുന്ന എന്തെങ്കിലും പരിപാടിയുണ്ടെങ്കില്‍ നമുക്ക് നോക്കാമെന്നും ഞാന്‍ അന്ന് അവനോട് പറഞ്ഞു. അങ്ങനെയാണ് താമര്‍ സര്‍ക്കീട്ടിന്റെ കഥ പറയുന്നത്,’ ആസിഫ് അലി പറയുന്നു.


Content Highlight: Asif Ali Talks About 1001 Nunakal Movie And Directer Thamar

We use cookies to give you the best possible experience. Learn more