| Tuesday, 22nd April 2025, 1:13 pm

എന്റെ കല്യാണത്തിന് ആ നടന്‍ വന്നപ്പോള്‍ എല്ലാവരും വിചാരിച്ചത് മമ്മൂക്ക വന്നെന്നാണ്, ഓഡിറ്റോറിയത്തില്‍ വലിയ തിരക്കായി: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടര്‍പരാജയങ്ങള്‍ക്ക് ശേഷം വിജയങ്ങളുടെ ട്രാക്കില്‍ കയറിയ ആസിഫ് അലിയെയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ജിസ് ജോയ് സംവിധാനം ചെയ്ത തലവനാണ് ഒരിടവേളക്ക് ശേഷം ആസിഫിന് ഗംഭീരതിരിച്ചുവരവൊരുക്കിയത്. പിന്നാലെ വന്ന ലെവല്‍ക്രോസ്, അഡിയോസ് അമിഗോ എന്നിവയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ കിഷ്‌കിന്ധാ കാണ്ഡവും രേഖാചിത്രവും വന്‍ വിജയമായി മാറി.

വിവാഹവും അതിന് ശേഷം നടക്കുന്ന പ്രശ്‌നങ്ങളും സംസാരിക്കുന്ന ആഭ്യന്തര കുറ്റവാളിയാണ് ആസിഫിന്റെ ഏറ്റവും പുതിയ ചിത്രം. വിവാഹത്തോടനുബന്ധിച്ച് നടന്ന മറക്കാനാകാത്ത സംഭവം പങ്കുവെക്കുകയാണ് ആസിഫ് അലി. തന്റെ കല്യാണവും റിസപ്ഷനും നടന്നത് കണ്ണൂരിലായിരുന്നെന്നും സിനിമാക്കാരുടെ കല്യാണം അന്നാട്ടില്‍ അന്ന് വലിയ സംഭവമായിരുന്നെന്നും ആസിഫ് അലി പറഞ്ഞു.

കണ്ണൂരിലെ വിനോദ് ഓഡിറ്റോറിയത്തിലായിരുന്നു റിസപ്ഷനെന്നും ഒരുപാട് ആളുകള്‍ അന്ന് പങ്കെടുത്ത് വലിയ തിരക്കായിരുന്നെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. ആ സമയത്താണ് മാമുക്കോയ അങ്ങോട്ടേക്ക് വന്നതെന്നും അദ്ദേഹം വരുന്നെന്ന് ആരോ തന്നോട് പറഞ്ഞെന്നും ആസിഫ് അലി പറയുന്നു. എന്നാല്‍ ഇത് ഓരോരുത്തരായി പറഞ്ഞ് കേട്ട് പുറത്തേക്കെത്തിയപ്പോള്‍ മമ്മൂക്ക വരുന്നു എന്നായി മാറിയെന്നും ആസിഫ് പറഞ്ഞു.

മമ്മൂക്ക വരുന്നെന്ന് കേട്ട് ഓഡിറ്റോറിയത്തിന് പുറത്ത് വലിയ തിരക്കായെന്നും അത് തങ്ങള്‍ക്ക് ആശ്വാസമായെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. ഈ തിരക്കിനിടയില്‍ ആരെയും മൈന്‍ഡ് ചെയ്യാതെ മാമുക്കോയ തങ്ങളുടെ അടുത്തേക്ക് വന്നെന്നും ഫോട്ടോയെടുത്തിട്ട് പോയെന്നും ആസിഫ് പറയുന്നു. ഈയടുത്ത് തന്റെ സുഹൃത്തുക്കളോട് ഈ അനുഭവം പങ്കുവെച്ചിരുന്നെന്നും ആസിഫ് അലി പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘കല്യാണത്തിനോടനുബന്ധിച്ച് എല്ലാവര്‍ക്കും രസകരമായ എന്തെങ്കിലുമൊക്കെ നടക്കും. കാരണം, ഒരുപാട് ആളുകള്‍ വന്നുപോകുന്ന ചടങ്ങാണല്ലോ, എന്റെ കല്യാണത്തിനും അതുപോലെ ഒരു സംഭവം നടന്നിട്ടുണ്ടായിരുന്നു. കണ്ണൂരിലായിരുന്നു എന്റെ കല്യാണവും റിസപ്ഷനും നടന്നത്. കണ്ണൂരില്‍ അങ്ങനെ സിനിമാക്കാരുടെ കല്യാണമൊന്നും നടക്കാറില്ല. ആദ്യമായി നടന്നത് എന്റെ കല്യാണമായിരുന്നു.

വിനോദ് ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു റിസപ്ഷന്‍. ഒരുപാട് ആളുകള്‍ വന്നുപോകുന്നതുകൊണ്ട് നല്ല തിരക്കായിരുന്നു. അതിന്റെ ഇടക്ക് ആരോ എന്റെയടുത്ത് വന്നിട്ട് ‘മാമുക്കോയ വരുന്നുണ്ട്’ എന്ന് പറഞ്ഞു. ഇത് പലരും പറഞ്ഞ് പറഞ്ഞ് പുറത്തേക്കെത്തിയപ്പോള്‍ മമ്മൂക്ക വരുന്നു എന്ന് മാറി. എല്ലാവരും മമ്മൂക്കയെ കാണാമല്ലോ എന്ന് വിചാരിച്ച് പുറത്തേക്കിറങ്ങി. ഈ തിരക്കിനിടയില്‍ ആരെയും മൈന്‍ഡ് ചെയ്യാതെ മാമുക്കോയ ഞങ്ങളുടെ അടുത്തെത്തി. ഈയടുത്ത് ഞാന്‍ ഈ കഥ എന്റെ ഫ്രണ്ട്‌സിനോട് പറഞ്ഞിട്ടുണ്ടായിരുന്നു,’ ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali shares an incident happened during his wedding

We use cookies to give you the best possible experience. Learn more