| Sunday, 12th January 2025, 7:13 pm

രേഖാചിത്രം തിയേറ്ററില്‍ നിന്ന് കണ്ടപ്പോള്‍ മമ്മൂക്കയുടെ സ്റ്റാര്‍ഡം എത്രത്തോളമുണ്ടെന്നറിഞ്ഞത് ആ ഒരു സീനിലായിരുന്നു: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററില്‍ മികച്ച രീതിയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ് ആസിഫ് അലി നായകനായ രേഖാചിത്രം. പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത ചിത്രം ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ്. ആസിഫിന് പുറമെ അനശ്വര രാജനും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് സമയം ഉയര്‍ന്നുകേട്ട മറ്റൊരു കാര്യമായിരുന്നു മമ്മൂട്ടിയുടെ അതിഥിവേഷം.

മലയാളത്തില്‍ മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലായിരുന്നു രേഖാചിത്രത്തില്‍ മമ്മൂട്ടിയുടെ സാന്നിധ്യത്തെ ഉപയോഗിച്ചത്. കാതോട് കാതോരം എന്ന സിനിമയിലെ ഗെറ്റപ്പില്‍ മമ്മൂട്ടിയെ എ.ഐ ഉപയോഗിച്ചാണ് അവതരിപ്പിച്ചത്. ചിത്രത്തിന്റെ വിജയാഘോഷ വേളയില്‍ മമ്മൂട്ടിക്ക് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നന്ദി അറിയിച്ചതും വലിയ വാര്‍ത്തയായിരുന്നു.

ചിത്രത്തില്‍ മമ്മൂട്ടിയുടെ പ്രസന്‍സ് ഉണ്ടാകുന്ന ഓരോ സീനിനും തിയേറ്ററില്‍ വലിയ ഓളമായിരുന്നെന്ന് പറയുകയാണ് ആസിഫ് അലി. മമ്മൂട്ടിയുടെ 369 എന്ന നമ്പര്‍പ്ലേറ്റ് കാണിക്കുന്ന സീനിന് വലിയ കൈയടിയായിരുന്നെന്ന് ആസിഫ് അലി പറഞ്ഞു. മമ്മൂട്ടിയുടെ മുഖം കാണിക്കാത്ത സീനുകളില്‍ പോലും പ്രേക്ഷകര്‍ കൈയടിയും ആര്‍പ്പുവിളിയുമായിരുന്നെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിയുടെ സ്റ്റാര്‍ഡം എത്രത്തോളമുണ്ടെന്ന് തനിക്ക് മനസിലായത് അപ്പോഴാണെന്നും അതിന്റെ സന്തോഷം മമ്മൂട്ടിയുമായി പങ്കുവെച്ചെന്നും ആസിഫ് അലി പറഞ്ഞു. ഈ സിനിമ പ്രേക്ഷകരുടെ കൂടെ കണ്ടാല്‍ നിങ്ങളെ ജനങ്ങള്‍ എത്രമാത്രം ഇഷ്ടപ്പെടുന്നുണ്ടെന്ന് മനസിലാകുമെന്ന് മമ്മൂട്ടിക്ക് മെസേജ് അയച്ചെന്നും അതിന് മറുപടിയായി ‘സ്‌നേഹപൂര്‍വം മമ്മൂട്ടിച്ചേട്ടന്‍’ എന്നൊരു മെസേജ് മമ്മൂട്ടി അയച്ചെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘മമ്മൂക്കയുടെ സ്റ്റാര്‍ഡവും പ്രേക്ഷകര്‍ക്ക് അദ്ദേഹത്തോടുള്ള സ്‌നേഹവും എത്രത്തോളമുണ്ടെന്ന് ഈ സിനിമ തിയേറ്ററില്‍ നിന്ന് കണ്ടപ്പോള്‍ എനിക്ക് മനസിലായി. ഇതിന്റെ കഥ മുഴുവന്‍ എനിക്കറിയാം, റിലീസിന് മുമ്പ് നാലഞ്ച് തവണ ഞാന്‍ കാണുകയും ചെയ്തു. അപ്പോഴൊന്നും കിട്ടാത്ത ഹൈ ഓഡിയന്‍സിന്റെ കൂടെയിരുന്ന് കണ്ടപ്പോള്‍ എനിക്ക് കിട്ടി.

മമ്മൂക്കയുടെ ‘369’ എന്ന് നമ്പറുള്ള കാര്‍ കാണിക്കുമ്പോള്‍ തന്നെ തിയേറ്ററില്‍ കൈയടിയായിരുന്നു. അദ്ദേഹത്തിന്റെ സ്റ്റാര്‍ഡം വലുതാണെന്നുള്ളതിന്റെ തെളിവാണത്. അതുപോലെ അദ്ദേഹത്തിന്റെ പ്രസന്‍സ് ഉള്ള സീനുകളെല്ലാം തന്നെ തിയേറ്ററില്‍ നല്ല റെസ്‌പോണ്‍സ് കിട്ടിയവയാണ്. എപ്പോഴാണ് മമ്മൂക്കയുടെ മുഖം കാണിക്കുക എന്നറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ടായിരുന്നു.

ഇതെല്ലാം കണ്ടതിന്റെ സന്തോഷം മമ്മൂക്കയുമായി പങ്കുവെച്ചു. ‘നിങ്ങളെ ആളുകള്‍ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്നറിയാന്‍ ഈ സിനിമ തിയേറ്ററില്‍ നിന്ന് കണ്ടാല്‍ മതി’ എന്ന് മമ്മൂക്കക്ക് മെസേജയച്ചു. അത് പുള്ളി കണ്ടു. ‘സ്‌നേഹപൂര്‍വം മമ്മൂട്ടി ചേട്ടന്‍’ എന്നൊരു റിപ്ലൈയായിരുന്നു മമ്മൂക്ക തന്നത്.’ ആസിഫ് അലി പറഞ്ഞു.

Content Highlight: Asif Ali share the theatre experience of Mammootty’s scenes in Rekhachithram movie

We use cookies to give you the best possible experience. Learn more