| Monday, 12th May 2025, 4:37 pm

ആ സീന്‍ നാളെയാണ് ഷൂട്ട് ചെയ്യുന്നത് എന്ന് പറഞ്ഞപ്പോള്‍, ഞാന്‍ ഒന്നു പേടിച്ചു: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആസിഫ് അലി നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് സര്‍ക്കീട്ട്. താമറിന്റെ സംവിധാനത്തില്‍ പിറന്ന ചിത്രത്തിന് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദുബായ് ജീവിതത്തെ പശ്ചാത്തലമാക്കിയാണ് സിനിമയുടെ കഥ പറയുന്നത്. ആസിഫിനൊപ്പം സിനിമയില്‍ ഉടനീളം വേഷമിടുന്നത് ബാലതാരമായ ഓര്‍ഹാന്‍ ആണ്.

ഷൂട്ടിങ്ങ് സമയത്ത് കണ്ണ് നിറയുന്ന ഒരു ഫീലുണ്ടായ സീന്‍ ഏതാണ് എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ ആസിഫ് അലി.

സിനിമയില്‍ ഉമ്മയെ പറ്റി പറയുന്ന സീന് വളരെ ഇമോഷണല്‍ ആയിരുന്നുവെന്ന് ആസിഫ് അലി പറയുന്നു. ഏതെങ്കിലും പ്രധാനപ്പെട്ട സീന്‍ എടുക്കാന്‍ പോകുന്ന സമയത്ത് തന്നെ പേടിപ്പിക്കരുതെന്ന് താന്‍ ഒട്ടുമിക്ക സംവിധായകരോടും പറയുന്ന കാര്യമാണെന്നും ഈ സീന്‍ ഷൂട്ട് ചെയ്യാന്‍ പോകുന്നതിന്റെ തലേ ദിവസം വന്ന് താമര്‍ ഇത് വീണ്ടും പറഞ്ഞെന്നും ആസിഫ് അലി പറയുന്നു.

അതുവരെ തനിക്ക് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലെന്നും അപ്പോള്‍ താന്‍ പെട്ടന്ന് പേടിച്ചുവെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. ആ സീന്‍ എടുക്കാന്‍ പോയ സമയത്ത് താന്‍ പാനിക് ആയെന്നും പിന്നീട് മറ്റൊരു ദിവസമാണ് അത് ഷൂട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കീട്ടിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘ഷൂട്ടിങ് സമയത്ത് ഉമ്മയെ പറ്റി പറയുന്ന ഒരു സീനിലാണ് ഭയങ്കരമായി ഇമോഷണല്‍ ആയത്. ഞാന്‍ എപ്പോഴും എന്റെ സംവിധായകരോട് പറയുന്ന ഒരു കാര്യമുണ്ട്. ഏതെങ്കിലും സീനെടുക്കാന്‍ പോകുന്നതിന് മുമ്പ് എന്നെ പേടിപ്പിക്കരുത് എന്ന്. നമ്മള്‍ ഈ സീക്വന്‍സ് എടുക്കുന്നതിന്റെ തലേ ദിവസം വന്നിട്ട് താമര്‍ ‘ ആസിഫേ, നാളെയാണ് മറ്റേ സീന്‍ എടുക്കുന്നത്’ എന്ന് പറഞ്ഞു. അതുവരെ എനിക്ക് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. ഞാന്‍ ഒന്നു പേടിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു നാളെ എടുക്കാന്‍ പറ്റില്ല.

ഒരു ഈവിനിങ് ലൈറ്റിലാണ് ആ സീന്‍ ഷൂട്ട് ചെയ്തിരിക്കുന്നത്. അത് നമ്മള്‍ സാധാരണ സീന്‍ എടുക്കുന്ന സ്ഥലത്ത് നിന്ന് കുറച്ച് ട്രാവല്‍ ചെയ്ത് പോകണം. അപ്പോള്‍ അവിടെ ചെന്നപ്പോള്‍ ഞാന്‍ ഒന്നു പാനിക് ആയി. പാനിക് ആയിട്ട് ഞങ്ങള്‍ അന്ന് ആ സീന്‍ ഷൂട്ട് ചെയ്യാതെയാണ് തിരിച്ചുവന്നത്. താമറിന് ആ സീന്‍ ഭയങ്കര പര്‍ട്ടിക്കുലര്‍ ആയിരുന്നു. അതുകൊണ്ട് തന്നെ ഒരു പ്രധാനപ്പെട്ട സീനായിരുന്നു അത്. അത് ചെയ്യാന്‍ വേണ്ടിയിട്ട് എക്‌സ്ട്രാ എഫേര്‍ട് എടുത്തിരുന്നു. പെര്‍ഫോം ചെയ്തപ്പോള്‍ കണ്ണ് നിറഞ്ഞു,’ ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali says the scene  about his mother on the movie sarkeet  was very emotional

We use cookies to give you the best possible experience. Learn more