| Thursday, 15th May 2025, 4:13 pm

ഞാന്‍ ഏതെങ്കിലും സിനിമാനടിയെ കല്യാണം കഴിക്കുമെന്ന് വീട്ടില്‍ പേടിയുണ്ടായിരുന്നു: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ പ്രിയ നടന്‍മാരിലൊരാളാണ് ആസിഫ് അലി. ചുരുങ്ങിയ ചിത്രങ്ങളിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടനടനായി മാറാന്‍ ആസിഫ് അലിക്ക് സാധിച്ചിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു.തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ആസിഫ് അലി മികച്ച തിരിച്ചു വരവ് നടത്തിയ വര്‍ഷമായിരുന്നു 2024. ഈ വര്‍ഷമാദ്യമിറങ്ങിയ ആസിഫ് അലിയുടെ രേഖാചിത്രവും ബ്ലോക്ക്ബസ്റ്ററായിരുന്നു.

ഏറ്റവും പുതിയ ചിത്രമായ സര്‍ക്കീട്ടും മികച്ച രീതിയില്‍ തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഇപ്പോള്‍ തന്റെ വീട്ടുകാര്‍ക്ക് താനേതെങ്കിലും സിനിമാനടിയെ വിവാഹം കഴിക്കുമെന്ന പേടിയുണ്ടായിരുന്നുവെന്ന് ആസിഫ് അലി പറയുന്നു.

വീട്ടുകാര്‍ക്ക് താന്‍ ഏതെങ്കിലും സിനിമാനടിയെ കല്യാണം കഴിക്കുമോ എന്ന ഭയമുണ്ടായിരുന്നുവെന്നും സിനിമ കാണുമ്പോള്‍ അവര്‍ക്ക് അങ്ങനെ ഒരു ചിന്ത വരുന്നത് സ്വാഭാവികമാണെന്നും ആസിഫ് അലി പറയുന്നു. തന്റെ കല്യാണം പിന്നീട് പെട്ടന്ന് നടന്നുവെന്നും തന്നെ സംബന്ധിച്ച് ദൈവത്തിന് നമ്മുടെ ജീവിതത്തില്‍ എല്ലായിപ്പോഴും ഒരു സ്‌ക്രിപ്റ്റുണ്ടെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. ഒരു പക്ഷേ അന്ന് കല്യാണം കഴിച്ചില്ലെങ്കില്‍ താനിപ്പോഴും ഒരു ബാച്ചിലറായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘എന്റെ വീട്ടില്‍ എല്ലാവര്‍ക്കും പേടിയുണ്ടായിരുന്നു ഞാന്‍ ഏതെങ്കിലും സിനിമാനടിയെ കല്യാണം കഴിച്ചോണ്ട് വരുമോ എന്ന്. വീട്ടുകാര്‍ക്ക് സ്വാഭാവികമായും അങ്ങനെ ഒരു ചിന്ത ഉണ്ടാകും. കാരണം അവര്‍ക്കറിയില്ല. സിനിമയില്‍ നമ്മളെ ഇങ്ങനെ കാണുന്നു, പാട്ടുപാടുന്നു. സോങ് ഷൂട്ടില്‍ നായകനെ കെട്ടിപ്പിടിക്കുന്നു എന്നൊക്കെ പറയുമ്പോ അവര്‍ക്ക് അങ്ങനെയൊരു പേടിയുണ്ടാകും.

അങ്ങനെയൊരു സമയത്ത് ഇരിക്കുമ്പോളാണ് ഞങ്ങള്‍ തമ്മില്‍ കാണുന്നതും, വീട്ടില്‍ പറയുന്നതും. പെട്ടന്ന് കല്യാണം നടന്നതും. 27ാമത്തെ വയസിലാണ് അത് സംഭവിക്കുന്നത്. എന്നെ സംബന്ധിച്ച് ജീവിതത്തില്‍ എപ്പോഴും ദൈവത്തിന്റെ ഒരു സ്‌ക്രിപ്റ്റുണ്ട്. അതാണ് സംഭവിക്കുന്നത്. ഒരു പക്ഷേ അന്ന് അത് സംഭവിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ഇപ്പോഴും മലയാളത്തിലെ ഒരു നൊട്ടോറിയസ് ബാച്ചിലര്‍ ആയിട്ട് തുടര്‍ന്നേനെ,’ ആസിഫ് പറയുന്നു.

Content Highlight: Asif Ali says that his family was afraid that he would marry some film actress.

Latest Stories

We use cookies to give you the best possible experience. Learn more