| Saturday, 11th January 2025, 10:14 pm

നീ എന്തിനാ എന്റെ ഡബ്ബിങ് കാണുന്നതെന്ന് മമ്മൂക്ക അന്ന് എന്നോട് ചോദിച്ചു: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയില്‍ തന്നെ എപ്പോഴും ഇന്‍സ്പയര്‍ ചെയ്തിട്ടുള്ള നടന്‍ മമ്മൂട്ടിയാണെന്ന് ആസിഫ് അലി പലപ്പോഴായി പറഞ്ഞിട്ടുണ്ട്. താന്‍ പല കാര്യങ്ങളും മമ്മൂട്ടിയില്‍ നിന്നാണ് പഠിച്ചതെന്നും തനിക്ക് മമ്മൂട്ടിയോട് അതിനാല്‍ തനിക്ക് ബഹുമാനമാണെന്നും ആസിഫ് അലി പറഞ്ഞു. അപൂര്‍വരാഗം എന്ന സിനിമ റിലീസായ സമയത്ത് മമ്മൂട്ടിയെ കാണാന്‍ സാധിച്ചെന്നും അന്ന് സിനിമയെക്കുറിച്ച് മമ്മൂട്ടി സംസാരിച്ചെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.

തന്റെ അഭിനയം നല്ലതാണെന്നും എന്നാല്‍ ഡബ്ബിങ്ങില്‍ ശ്രദ്ധിക്കണമെന്ന് ഉപദേശിച്ചെന്നും ആസിഫ് അലി പറഞ്ഞു. ഡബ്ബിങ്ങില്‍ താന്‍ വല്ലാതെ ഷൗട്ട് ചെയ്യുകയാണെന്ന് മമ്മൂട്ടി പറഞ്ഞെന്നും അത് മാറ്റാന്‍ നിര്‍ദേശിച്ചെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. എങ്ങനെ മാറ്റണമെന്ന് ചോദിച്ചപ്പോള്‍ ഏതെങ്കിലും സീനിയര്‍ നടന്മാര്‍ ഡബ്ബ് ചെയ്യുന്നത് നോക്കിപഠിച്ചാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞെന്നും ആസിഫ് അലി പറഞ്ഞു.

അതിന് ശേഷം മമ്മൂട്ടി ജയരാജിന്റെ ഒരു സിനിമയില്‍ ഡബ്ബ് ചെയ്യുന്നത് കാണാന്‍ പനമ്പള്ളി നഗറിലെ സ്റ്റുഡിയോയില്‍ പോയെന്നും തന്നെക്കണ്ടപ്പോള്‍ എന്താണ് കാര്യമെന്ന് മമ്മൂട്ടി ചോദിച്ചെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. ഡബ്ബിങ് കാണാന്‍ വേണ്ടി വന്നതാണെന്ന് പറഞ്ഞപ്പോള്‍ എന്തിനാണ് തന്റെ ഡബ്ബിങ് കാണുന്നതെന്ന് ചോദിച്ചെന്നും ആസിഫ് പറഞ്ഞു. തനിക്ക് പരിചയമുള്ള സീനിയര്‍ ആക്ടര്‍ അദ്ദേഹമാണെന്നും അത് കേട്ടപ്പോള്‍ കണ്ട് പഠിക്കാന്‍ മമ്മൂട്ടി സമ്മതിച്ചെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.

ഒരു സീനിനെ ഡബ്ബിങ് കൊണ്ട് എങ്ങനെ കൂടുതല്‍ മെച്ചപ്പെടുത്താമെന്നും ശബ്ദത്തിന്റെ ഉപയോഗം എങ്ങനെയൊക്കെ ഒരു സീനിനെ വ്യത്യസ്തമാക്കുന്നുവെന്ന് അന്ന് പഠിച്ചെന്നും ആസിഫ് അലി പറഞ്ഞു. മമ്മൂട്ടി തനിക്ക് ഒരു ടെക്സ്റ്റ് ബുക്കാണെന്നും അദ്ദേഹത്തെ ലെജന്‍ഡ് എന്നല്ലാതെ വേറൊന്നും വിളിക്കാന്‍ കഴിയില്ലെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. വണ്ടര്‍വാള്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘അപൂര്‍വരാഗം എന്ന സിനിമ റിലീസായ സമയത്ത് മമ്മൂക്കയെ കണ്ടിരുന്നു. അന്ന് അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തു. സംസാരത്തിനിടയില്‍ ‘സിബിയുടെ പുതിയ സിനിമയില്‍ നീയും ഉണ്ടായിരുന്നല്ലേ, കണ്ടിരുന്നു’ എന്ന് മമ്മൂക്ക പറഞ്ഞു. എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ ‘കൊള്ളാം, അഭിനയം നല്ലതാണ്. പക്ഷേ, ഡബ്ബിങ്ങില്‍ കുറച്ചുകൂടി ശ്രദ്ധിക്കണം. നീ എന്തിനാ ഇങ്ങനെ ഷൗട്ട് ചെയ്യുന്നത്’ എന്ന് മമ്മൂക്ക ചോദിച്ചു.

ഡബ്ബിങ് എങ്ങനെ ശരിയാക്കുമെന്ന് ചോദിച്ചപ്പോള്‍ ‘ഏതെങ്കിലും സീനിയര്‍ നടന്മാരുടെ ഡബ്ബിങ് നോക്കി പഠിക്ക്’ എന്ന് മമ്മൂക്ക പറഞ്ഞു. ആ സംഭവം കഴിഞ്ഞ് കുറച്ച് ദിവസത്തിന് ശേഷം ജയരാജ് സാറിന്റെ ഒരു പടത്തില്‍ മമ്മൂക്ക ഡബ്ബ് ചെയ്യാന്‍ വന്നിട്ടുണ്ടെന്ന് അറിഞ്ഞിട്ട് പനമ്പള്ളി നഗറിലെ സ്റ്റുഡിയോയിലേക്ക് പോയി. എന്നെ അവിടെ കണ്ടപ്പോള്‍ ‘എന്താ കാര്യം’ എന്ന് മമ്മൂക്ക ചോദിച്ചു. ഡബ്ബിങ് കാണാന്‍ വന്നതാണെന്ന് ഞാന്‍ മറുപടി പറഞ്ഞു. ‘നീയെന്തിനാ എന്റെ ഡബ്ബിങ് കാണുന്നത്’ എന്ന് മമ്മൂക്ക ചോദിച്ചു.

ഏതെങ്കിലും സീനിയര്‍ നടന്റെ ഡബ്ബിങ് കണ്ട് പഠിക്കാന്‍ പറഞ്ഞെന്നും എനിക്കറിയാവുന്ന സീനിയര്‍ ആക്ടര്‍ മമ്മൂക്കയാണെന്നും പറഞ്ഞു. പുള്ളി അത് കേട്ട് ഒന്ന് ചിരിച്ചു. എന്നിട്ട് സ്റ്റുഡിയോയിലേക്ക് വിളിച്ചു. ഒരു സീനിനെ ഡബ്ബിങ് കൊണ്ട് എങ്ങനെ കൂടുതല്‍ മനോഹരമാക്കാമെന്ന് മമ്മൂക്ക കാണിച്ചു തന്നു. ഓരോ ഡയലോഗിനെയും എങ്ങനെ പ്രസന്റ് ചെയ്യണമെന്ന് മമ്മൂക്ക കാണിച്ചു തന്നു. എനിക്ക് അത് വലിയൊരു പാഠമായിരുന്നു. മമ്മൂക്കയെ ലെജന്‍ഡ് എന്നല്ലാതെ വേറൊന്നും വിളിക്കാന്‍ കഴിയില്ലെന്ന് മനസിലായി,’ ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali says that he learned the lessons of dubbing from Mammootty

We use cookies to give you the best possible experience. Learn more