| Thursday, 19th June 2025, 2:26 pm

ഒരു സൂപ്പര്‍ ഹീറോ സിനിമ ചെയ്യാന്‍ പറ്റില്ലെന്ന് വിചാരിച്ചപ്പോഴാണ് ബേസില്‍ മിന്നല്‍ മുരളിയുമായി വരുന്നത്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ പ്രിയ നടന്മാരിലൊരാളാണ് ആസിഫ് അലി. ചുരുങ്ങിയ ചിത്രങ്ങളിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടനടനായി മാറാന്‍ ആസിഫ് അലിക്ക് സാധിച്ചിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്.

കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു. തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ആസിഫ് അലി മികച്ച തിരിച്ചുവരവ് നടത്തിയ വര്‍ഷമായിരുന്നു 2024. ഈ വര്‍ഷമാദ്യമിറങ്ങിയ ആസിഫ് അലിയുടെ രേഖാചിത്രവും ബ്ലോക്ക്ബസ്റ്ററായിരുന്നു. തമറിന്റെ സംവിധാനത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ സര്‍ക്കീട്ടും ശ്രദ്ധിക്കപ്പെട്ടു.

തനിക്ക് ഒരു സൂപ്പര്‍ ഹീറോ സിനിമ ചെയ്യണമെന്ന് നല്ല ആഗ്രഹമുണ്ടെന്ന് ആസിഫ് അലി പറയുന്നു. താനാണ് യഥാര്‍ത്ഥത്തില്‍ ഒരു സൂപ്പര്‍ ഹീറോ കഥാപാത്രം ചെയ്യാന്‍ അതിയായി ആഗ്രഹിച്ചതെന്നും താന്‍ കുട്ടിക്കാലം മുതല്‍ക്കേ സൂപ്പര്‍ ഹീറോ സിനിമകളുടെ ഒരു വലിയ ആരാധകനാണെന്നും അത്തരത്തില്‍ ഒരു സിനിമ ഇവിടെ ചെയ്യാന്‍ പ്രാക്ടിക്കല്‍ അല്ലെന്നാണ് താന്‍ വിചാരിച്ചതെന്നും അദ്ദേഹം പറയുന്നു.

അങ്ങനെ ചിന്തിച്ച് ഇരുന്നപ്പോഴാണ് ബേസില്‍ ജോസഫ് മിന്നല്‍ മുരളി എന്ന സിനിമ ചെയ്യുന്നതെന്നും അപ്പോള്‍ അതെനിക്ക് ഒരു ധൈര്യമൊക്കെ തോന്നിയെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. അത്തരത്തില്‍ ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘ശരിക്കും ഏറ്റവും സൂപ്പര്‍ ഹീറോ ക്യാരക്ടര്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നത് ഞാനാണ്. ഞാനൊരു സൂപ്പര്‍ ഹീറോ കോമിക് ഫാനാണ്. ചെറുപ്പം മുതലെ സൂപ്പര്‍ ഹീറോ വേള്‍ഡില്‍ വളര്‍ന്നൊരാളാണ്. എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു ഒരു സൂപ്പര്‍ ഹീറോ സിനിമ ചെയ്യണമെന്ന്. ആനിമേഷനാണ് നമ്മള്‍ ആദ്യം കണ്ട് തുടങ്ങുന്നത്.

പിന്നെ ഹോളിവുഡ് സിനിമകള്‍ മാര്‍വല്‍, അവഞ്ചര്‍ എല്ലാം കണ്ടിട്ട് നമ്മുക്ക് ആ ക്വാളിറ്റിയില്‍ ഒരു സിനിമ ചെയ്യാന്‍ പ്രാക്റ്റിക്കല്‍ അല്ല എന്ന് ഓര്‍ത്തിരിക്കുമ്പോഴാണ്,ബേസില്‍ മിന്നല്‍ മുരളി കൊണ്ടുവരുന്നത്. നമ്മള്‍ക്ക് ഒരിക്കലും അത് പറ്റില്ലെന്ന് ഓര്‍ത്തിരിക്കുമ്പോഴാണ്. അപ്പോള്‍ ഇനിയൊരു ധൈര്യമൊക്കെയായി. എനിക്ക് തീര്‍ച്ചയായും ഒരു സൂപ്പര്‍ ഹീറോ മൂവി ചെയ്യണമെന്നുണ്ട്. അത്യാവശ്യം ഒരു ക്യാരക്ടര്‍ സ്‌കെച്ചൊക്കെ എന്റെ കയ്യിലുണ്ട്,’ ആസിഫ് അലി പറയുന്നു.

Content Highlight: Asif  Ali says he has a strong desire to do a superhero film.

We use cookies to give you the best possible experience. Learn more