| Friday, 10th January 2025, 9:41 pm

ഞങ്ങള്‍ ഇപ്പോഴും പ്രേമിക്കുകയല്ലേടാ എന്നായിരുന്നു മമ്മൂക്ക അന്ന് എന്നോട് പറഞ്ഞത്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച നടന്മാരിലൊരാളാണ് ആസിഫ് അലി. തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം തന്നിലെ നടനെ ആസിഫ് അലി അടയാളപ്പെടുത്തിയ വര്‍ഷമായിരുന്നു 20204. ഈ വര്‍ഷവും തന്റെ പെര്‍ഫോമന്‍സ് കൊണ്ട് ആസിഫ് രേഖാചിത്രത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. സിനിമയില്‍ തന്നെ എല്ലായ്‌പ്പോഴും ഇന്‍സ്പയര്‍ ചെയ്തിട്ടുള്ള നടന്‍ മമ്മൂട്ടിയാണെന്ന് ആസിഫ് അലി പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

മമ്മൂട്ടിയുമായി ഓരോതവണ സംസാരിക്കുമ്പോഴും പുതിയ കാര്യങ്ങള്‍ തനിക്ക് പഠിക്കാന്‍ കഴിയുമെന്നും അദ്ദേഹവുമായി സമയം ചെലവഴിക്കുന്നത് തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും ആസിഫ് പറയുകയാണ് ആസിഫ് അലി. ഒരു യാത്രക്കിടയില്‍ മമ്മൂട്ടിയുമായി ഒരുപാട് നേരം സംസാരിച്ചെന്നും ആ സമയത്ത് ഫാമിലിയെക്കുറിച്ചാണ് മമ്മൂട്ടി കൂടുതലും സംസാരിച്ചതെന്ന് ആസിഫ് പറഞ്ഞു.

ആ യാത്രയില്‍ മമ്മൂട്ടിയുടെ ഫോണില്‍ കൂടുതലും കണ്ടത് കുടുംബത്തോടൊപ്പമുള്ള ഫോട്ടോകളാണെന്നും കുടംബത്തിന് അദ്ദേഹം വലിയ പ്രാധാന്യം കൊടുക്കുന്നുണ്ടെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ പങ്കാളിയൊമൊത്ത് ഒരുപാട് ഫോട്ടോ ഉണ്ടായിരുന്നെന്നും ഓരോ സ്ഥലത്ത് പോകുമ്പോഴും അവിടെ നിന്ന് അദ്ദേഹം എടുക്കുന്ന ഫോട്ടോകള്‍ കണ്ട് താന്‍ അത്ഭുതപ്പെട്ടെന്നും ആസിഫ് അലി പറഞ്ഞു.

തന്റെ ഫോണില്‍ തന്റെ പങ്കാളിയുടെ ഫോട്ടോ വളരെ കുറവാണെന്നും എങ്ങനെയാണ് ഇപ്പോഴും ഇതുപോലെ സന്തോഷമായി പോകുന്നതെന്ന് മമ്മൂട്ടിയോട് ചോദിച്ചെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ ഇപ്പോഴും പ്രേമിക്കുകയാണെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടിയെന്നും അത് കേട്ട് താന്‍ ചെറുതായി ചിരിച്ചെന്നും ആസിഫ് അലി പറഞ്ഞു. ഫില്‍മിബീറ്റ് മലയാളത്തോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘മമ്മൂക്കയുടെ അടുത്ത് ഓരോ തവണ സംസാരിക്കുമ്പോഴും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ നമുക്ക് പറ്റും. പുള്ളിയുമായി ടൈം സ്‌പെന്‍ഡ് ചെയ്യാന്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. മമ്മൂക്കയുടെ കൂടെ ട്രാവല്‍ ചെയ്യുന്നതും നല്ലൊരു എക്‌സ്പീരിയന്‍സാണ്. ഒരിക്കല്‍ അദ്ദേഹത്തിന്റെ കൂടെ ട്രാവല്‍ ചെയ്തപ്പോള്‍ ഫോണിലെ ഫോട്ടോസ് എല്ലാം കാണിച്ചു തന്നു.

കൂടുതല്‍ ഫോട്ടോസും ഫാമിലിയുടെ കൂടെയുള്ളതായിരുന്നു. ഫാമിലിക്ക് അത്രമാത്രം ഇംപോര്‍ട്ടന്‍സ് മമ്മൂക്ക കൊടുക്കുന്നുണ്ട്. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫോട്ടോസ് സുല്‍ഫത്തായുടെ കൂടെയുള്ളതായിരുന്നു. അവര്‍ രണ്ടുപേര്‍ മാത്രം ഉള്ളതും മമ്മൂക്ക എടുത്ത സുല്‍ഫത്ത മാത്രമുള്ള ഫോട്ടോസുമാണ് ഗാലറിയില്‍ കൂടുതലും.

എന്റെ ഫോണിലെ ഗാലറിയില്‍ സമയുടെ ഫോട്ടോസ് വളരെ കുറച്ചേയുള്ളു. ഞാന്‍ മമ്മൂക്കയുടെ അടുത്ത് ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ചപ്പോള്‍ ‘ഞങ്ങളിപ്പോഴും പ്രേമിക്കുകയല്ലേടാ’ എന്നായിരുന്നു പുള്ളിയുടെ മറുപടി. അത് കേട്ടപ്പോള്‍ എന്റെ മുഖത്ത് ചെറിയൊരു ചിരിയൊക്കെ വന്നു,’ ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali says he felt jealous after watching Mammootty gives importance for family life

We use cookies to give you the best possible experience. Learn more