മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് സിനിമയിലേക്ക് കാലെടുത്തുവെച്ചത്. വളരെ പെട്ടെന്ന് യുവാക്കള്‍ക്കിടയില്‍ വലിയൊരു ഫാന്‍ബേസ് സൃഷ്ടിക്കാന്‍ ആസിഫിന് സാധിച്ചു. ഇടയ്ക്ക് തുടര്‍പരാജയങ്ങള്‍ നേരിട്ട താരം കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും മികച്ച സിനിമകളാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.
മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ ട്വന്റി 20യെക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. ആ സിനിമയിലെ ഏതെങ്കിലും കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം കിട്ടിയാല്‍ ഏത് തെരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് മോഹന്‍ലാലിന്റെ ഇന്‍ട്രോ വേണമെന്നായിരുന്നു ആസിഫിന്റെ മറുപടി.
ദേവരാജ പ്രതാപവര്‍മ എന്ന കഥാപാത്രത്തിന്റെ സെക്കന്‍ഡ് ഇന്‍ട്രോ തന്നെ അത്ഭുതപ്പെടുത്തിയിരുന്നെന്നും താരം പറഞ്ഞു. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല ക്യാരക്ടര്‍ ഇന്‍ട്രോ ആ കോടതിയിലെ സീനാണെന്നും വാച്ച് കൊടുക്കുന്ന സീന്‍ ഗംഭീരമാണെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.
‘ട്വന്റി 20യിലെ ഏതെങ്കിലും കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ചാന്‍സ് കിട്ടിയാല്‍ ഞാന്‍ ലാല്‍ സാറിന്റെ ക്യാരക്ടറിനെ തെരഞ്ഞെടുക്കും. ദേവരാജ പ്രതാപ വര്‍മ എന്ന കഥാപാത്രം കോടതിയില്‍ നിന്ന് ഇറങ്ങിവരുന്ന സീന്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല ക്യാരക്ടര്‍ ഇന്‍ട്രോയാണ് ആ സീന്‍.
പുള്ളി കോടതിയില്‍ നിന്ന് നടന്നുവരുമ്പോള്‍ വാച്ച് കൊടുക്കുന്നതും ചെരുപ്പ് വെക്കുന്നതുമെല്ലാം എന്ത് ഗംഭീരമാണ്. അതുപോലുള്ള മള്‍ട്ടിസ്റ്റാര്‍ സിനിമകള്‍ ചെയ്യാന്‍ എനിക്ക് എപ്പോഴും ഇഷ്ടമാണ്. കാരണം, ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഒരുമിച്ച് ഇരുന്ന് ഓരോ കഥകള്‍ പറയുന്നത് കേള്‍ക്കാന്‍ നല്ല രസമാണ്. ഞാന്‍ കൂടുതലും അത്തരം സിനിമകളാണ് ചെയ്തിട്ടുള്ളത്,’ ആസിഫ് അലി പറയുന്നു.
ആസിഫ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ആഭ്യന്തര കുറ്റവാളി റിലീസിന് തയാറെടുക്കുകയാണ്. നവാഗതനായ സേതുനാഥ് പദ്മകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഏപ്രില്‍ റിലീസായി അനൗണ്‍സ് ചെയ്ത ചിത്രം പിന്നീട് മറ്റ് ചില പ്രശ്‌നങ്ങളാല്‍ റിലീസ് മാറ്റിവെക്കപ്പെട്ടിരുന്നു. ജൂണ്‍ ആറിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Asif Ali saying he wish to do the role of Mohanlal in Twenty20 movie