തുടര്‍പരാജയങ്ങള്‍ക്കും സ്‌ക്രിപ്റ്റ് സെലക്ഷന്റെ പേരിലും ആസിഫ് അലി അടുത്തിടെ ഒരുപാട് പഴി കേള്‍ക്കേണ്ടി വന്നിരുന്നു. ആസിഫിന് എങ്ങനെ വീണ്ടും സിനിമകള്‍ കിട്ടുന്നു എന്ന് വരെ മലയാളത്തിലെ പ്രമുഖ യൂട്യൂബര്‍ അയാളുടെ റിവ്യൂവില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ അത്തരം വിമര്‍ശനങ്ങളെ പുഞ്ചിരിയോടെ നേരിട്ട് പഴയതിനെക്കാള്‍ ശക്തമായി തിരിച്ചുവരുന്ന ആസിഫിനെയാണ് കഴിഞ്ഞവര്‍ഷം കാണാന്‍ സാധിച്ചത്.
ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ രേഖാചിത്രവും തിയേറ്ററില്‍ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുമ്പോള്‍ ആസിഫ് എന്ന പെര്‍ഫോമര്‍ തിളങ്ങിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ വിവേക് എന്ന ഇന്‍സ്‌പെക്ടറുടെ വേഷത്തിലാണ് ആസിഫ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ മുമ്പ് ചെയ്ത പൊലീസ് വേഷങ്ങളുടെ യാതൊരു ഷേഡും രേഖാചിത്രത്തില്‍ കാണാന്‍ സാധിച്ചിട്ടില്ല എന്നത് ആസിഫ് എന്ന നടന്റെ വിജയമാണ്.
പൊലീസ് വേഷത്തില്‍ ആസിഫ് എന്ന നടന്‍ പ്രേക്ഷകരെ ഞെട്ടിക്കുന്നത് ഇതാദ്യമായല്ല. കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലെ സാജന്‍ ഫിലിപ്പ് എന്ന കഥാപാത്രമായി ഗംഭീര പെര്‍ഫോമന്‍സായിരുന്നു ആസിഫ് കാഴ്ചവെച്ചത്. എന്നാല്‍ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തതിനാല്‍ ആസിഫിന്റെ പ്രകടനത്തെപ്പറ്റി അധികം ആളുകള്‍ സംസാരിച്ച് കണ്ടിട്ടില്ല.
ജീത്തു ജോസഫ് സംവിധാനം ചെയ്ത കൂമനിലും പൊലീസ് വേഷം തന്നെയായിരുന്നു ആസിഫിന്. സാജന്‍ ഫിലിപ്പില്‍ നിന്ന് കൂമനിലെ ഗിരിയിലേക്കെത്തുമ്പോള്‍ ആസിഫ് എന്ന നടന്റെ അഭിനയം എത്രത്തോളം മെച്ചപ്പെട്ടുവെന്ന് കാണാന്‍ സാധിക്കും. കള്ളനായി മാറുന്ന പൊലീസ് എന്ന വ്യത്യസ്ത പ്രമേയം സംസാരിച്ച ചിത്രം ആദ്യാവസാനം മുന്നോട്ടുകൊണ്ടുപോയത് ആസിഫ് ഒറ്റക്കാണ്.
എപ്പോള്‍ വേണമെങ്കിലും പിടിക്കപ്പെടുമെന്ന ആശങ്കയും അതിനോടൊപ്പം മോഷണത്തിന് സാധിക്കാതെ വരുന്ന ഫ്രസ്‌ട്രേഷനും ആസിഫ് എന്ന നടന്‍ സ്‌ക്രീനില്‍ പകര്‍ന്നാടിയതിനെ വര്‍ണിക്കാന്‍ വാക്കുകളില്ലാത്ത അവസ്ഥയാണ്. ആസിഫിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഗിരി മുന്‍പന്തിയില്‍ തന്നെ കാണുമെന്നതില്‍ സംശയമില്ല.
ജിസ് ജോയ് സംവിധാനം ചെയ്ത തലവനിലാണ് ആസിഫ് വീണ്ടും കാക്കിയണിഞ്ഞത്. ചിത്രത്തിലെ കാര്‍ത്തിക് എന്ന കഥാപാത്രം ആസിഫില്‍ ഭദ്രമായിരുന്നു. മുന്‍കോപക്കാരനായ, ആരോടും എന്തും പറയാന്‍ മടിയില്ലാത്ത കാര്‍ത്തിക് അതുവരെ ആസിഫ് ചെയ്ത പൊലീസ് വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ബിജു മേനോനെപ്പോലെ സീനിയറായിട്ടുള്ള നടനോടൊപ്പം കട്ടക്ക് സ്‌കോര്‍ ചെയ്യാന്‍ ആസിഫിന് സാധിച്ചിട്ടുണ്ട്.
ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ രേഖാചിത്രത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഡ്യൂട്ടിക്കിടെ ഓണ്‍ലൈന്‍ റമ്മി കളിച്ചതിന് സസ്‌പെന്‍ഷന്‍ ലഭിച്ചു എന്ന കളങ്കം മാറ്റുക എന്നാണ് ആസിഫ് അവതരിപ്പിച്ച വിവേക് എന്ന കഥാപാത്രത്തിന്റെ പ്രധാന ആവശ്യം. സസ്‌പെന്‍ഷന് കഴിഞ്ഞ് ഡ്യൂട്ടിക്ക് കയറുമ്പോള്‍ അയാളെ കാത്തിരിക്കുന്നത് വളരെ സെന്‍സിറ്റീവായ കേസാണ്.
ഏതുവിധേനയും അത് തെളിയിക്കുക എന്നത് അയാളുടെ ആവശ്യമാണെന്ന് പറയാതെ പറയുന്ന സീനുകള്‍ രേഖാചിത്രത്തിലുണ്ട്. ആസിഫ് എന്ന നടന്റെ മൈന്യൂട്ട് ആയിട്ടുള്ള എക്‌സ്പ്രഷനുകള്‍ അയാളിലെ നടനെ അടയാളപ്പെടുത്തുന്നുണ്ട്. ചിത്രത്തില്‍ തലയോട്ടി കുഴിച്ചെടുക്കുന്ന സീനില്‍ അയാളില്‍ വരുന്ന ഭാവങ്ങള്‍ മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ളതായിരുന്നു.
പൊലീസ് കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആവര്‍ത്തനവിരസതയില്ലാതെ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുക എന്നതാണ്. സുരേഷ് ഗോപിക്ക് സാധിക്കാത്തതും മമ്മൂട്ടിയുടെ പൊലീസ് കഥാപാത്രങ്ങള്‍ ചര്‍ച്ചയാകുന്നതും അക്കാരണം കൊണ്ടാണ്. ആ ലിസ്റ്റിലേക്ക് നടന്നുകയറുകയാണ് ആസിഫ് അലിയും.
Content Highlight: Asif Ali’s versatility in Police roles