| Tuesday, 13th May 2025, 1:28 pm

അവതാരകന്‍ ആയിരുന്നപ്പോള്‍ പൈസ കിട്ടാന്‍ വേണ്ടി ചാനലിന്റെ വണ്ടി ഓടിച്ചിട്ടുണ്ട്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ അവതാരകന്‍ ആയിരുന്നപ്പോള്‍ ഉണ്ടായിരുന്ന ഓര്‍മകളും അനുഭവങ്ങളും പങ്കുവെക്കുകയാണ് ഇപ്പോള്‍ ആസിഫ് അലി.

ചാനലില്‍ അവതാരകനായിട്ടാണ് താന്‍ ആദ്യം വന്നതെന്നും വളരെ രസമുള്ള ജോലിയായിരുന്നു ആങ്കറിങ് എന്നും ആസിഫ് അലി പറയുന്നു. താന്‍ ആ ചാനലിലെ പ്രോഗ്രാം പ്രൊഡ്യൂസര്‍ കൂടെയായിരുന്നുവെന്നും എല്ലാത്തരം ജോലിയും ഒരുമിച്ച് ചെയ്തിരുന്നുവെന്നും ആസിഫ് അലി പറഞ്ഞു. ഷൂട്ടിന് പോകാനായി ചാനലിന് ഒരു വണ്ടിയുണ്ടായിരുന്നുവെന്നും ഡ്രൈവറിനെ പുറത്ത് നിന്ന് ഹയര്‍ ചെയ്യേണ്ടത് കൊണ്ട് താന്‍ തന്നെയാണ് വണ്ടി ഓടിച്ചിരുന്നുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതുകൊണ്ട് എല്ലാ ഭാഗത്ത് നിന്നുള്ള പൈസയും തനിക്ക് കിട്ടിയിരുന്നുവെന്നും ആസിഫ് അലി പറഞ്ഞു. ആരെയും ആശ്രയിക്കാതെ ജീവിക്കാനൊക്കെ പഠിച്ചത് ഇങ്ങനെയാണെന്നും ബോര്‍ഡിങ്ങിലും മറ്റുമായിരുന്നപ്പോള്‍ കേരളത്തില്‍ നിന്നുള്ള പല സ്ഥലങ്ങളില്‍ നിന്നുള്ള കൂട്ടുകാര്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡില്‍ സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘ഭയങ്കര രസമുള്ള ഒരു പരിപാടിയായിരുന്നു. ഞാന്‍ ചാനലില്‍ വരുന്ന സമയത്ത് അവതാരകന്‍ ആയിട്ടാണ് കേറിയത്. ആങ്കര്‍ ചെയ്യുന്നതിന്റെ ശമ്പളം ഉണ്ട്. പിന്നെ ആ പ്രോഗ്രാമിന്റെ പ്രൊഗ്രാം പ്രൊഡ്യൂസര്‍ ഞാനായി. അപ്പോള്‍ അതിന്റെ ശമ്പളവും എനിക്കുണ്ട്. പിന്നെ ഷൂട്ടിന് പോകാനായിട്ട് ആ ചാനലിന് ഒരു വണ്ടിയുണ്ടായിരുന്നു. പക്ഷേ ഡ്രൈവറിനെ പുറത്തുനിന്ന് ഹയര്‍ ചെയ്യണം.

അപ്പോള്‍ ഞാന്‍ തന്നെ വണ്ടി ഓടിക്കും. അപ്പോള്‍ എനിക്ക് ആങ്കറിങ്ങിന്റെ പൈസ കിട്ടും, പ്രോഗ്രാം പ്രൊഡ്യൂസറിന്റെ ശമ്പളം കിട്ടും. ഡ്രൈവറായിട്ട് പോകുന്നതിന്റെ ആ പൈസയും ഞാന്‍ എഴുതി എടുക്കും. പിന്നെ ക്യാമറ റെന്റിന് എടുക്കുവാണ്. ക്യാമറമാന്റെ കൂടെ ഒരാളെ വിടുവല്ലോ അസിസ്റ്റന്റ് ആയിട്ട്. അപ്പോള്‍ ഞാന്‍ ക്യാമറയുടെ ഓണറോട് പറയും. ആരെയും വിടണ്ട ക്യാമറ ഞാന്‍ നോക്കിക്കോളാ. ഞാന്‍ അങ്ങനെ ഒരു വലിയ മാഫിയ ഉണ്ടാക്കിയിട്ടുണ്ട്(ചിരി).

ലൈഫ് പഠിച്ചത് അങ്ങനെയൊക്കെയാണ്. വീട്ടിലൊക്കെ ഭയങ്കര ഡിപ്പന്റഡായിരുന്നു. പിന്നെ ഹോസ്റ്റലില്‍ പോയി അവിടെ നിന്ന് കുറെ കാര്യങ്ങള്‍ പഠിച്ചു. തൊടുപുഴ പഠിക്കുന്ന സമയത്ത് അവിടെയുള്ളവര് മാത്രമായിരുന്നു ഫ്രണ്ടസ്. ബോര്‍ഡിങ്ങിലേക്ക് വന്നപ്പോള്‍ ഒരു വിധം കേരളത്തില്‍ നിന്നുള്ള എല്ലാ സ്ഥലത്തില്‍ നിന്നുള്ള സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അല്‍ത്താഫ് എന്റെ ജൂനിയര്‍ ആയിരുന്നു അവിടെ,’ ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali is sharing his memories and experiences from when he was a anchor.

Latest Stories

We use cookies to give you the best possible experience. Learn more