| Monday, 13th January 2025, 3:19 pm

ആ ബിഗ് ബജറ്റ് സിനിമയില്‍ എ.ഐ ഉപയോഗിച്ചത് കണ്ടപ്പോള്‍ എന്റെ ഉള്ളൊന്ന് കാളി, പണി പാളുമോ എന്ന് സംശയിച്ചു: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ആസിഫ് അലി നായകനായ രേഖാചിത്രം. പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത ചിത്രം മലയാളത്തില്‍ അധികം പരീക്ഷിച്ചിട്ടില്ലാത്ത കഥയാണ് പറയുന്നത്. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ സാന്നിധ്യവും രേഖാചിത്രത്തെ വ്യത്യസ്തമാക്കുന്നുണ്ട്.

കാതോട് കാതോരം എന്ന ചിത്രത്തിലെ ഗെറ്റപ്പില്‍ എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മമ്മൂട്ടിയെ രേഖാചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തില്‍ ഇത്തരമൊരു പരീക്ഷണം ആദ്യമായിട്ടാണ്. തിയേറ്ററില്‍ മമ്മൂട്ടിയുടെ പഴയകാല ഗെറ്റപ്പിന് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. മലയാളം ഇന്‍ഡസ്ട്രിയുടെ പരിമിതമായ ബജറ്റില്‍ നിന്നുകൊണ്ട് ഇത്തരമൊരു പരീക്ഷണം നടത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി.

ഈയയടുത്ത് ഒരു അന്യഭാഷാ ചിത്രത്തില്‍ ഇതുപോലെ എ.ഐ ഉപയോഗിച്ചത് താന്‍ കണ്ടെന്ന് ആസിഫ് അലി പറഞ്ഞു. അതിന് പലരും മോശം അഭിപ്രായമാണ് നല്‍കിയതെന്നും അത് കണ്ടപ്പോള്‍ തന്റെ ഉള്ളൊന്ന് കാളിയെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. ഒരുപാട് കോടി രൂപ ബജറ്റുള്ള ആ സിനിമക്ക് കിട്ടിയ അഭിപ്രായം കണ്ടപ്പോള്‍ രേഖാചിത്രത്തെപ്പറ്റി ഒന്നുകൂടെ ചിന്തിച്ചെന്നും ആസിഫ് പറഞ്ഞു.

താന്‍ ആകെ ടെന്‍ഷനായെന്നും ആ സമയത്ത് രേഖാചിത്രത്തെപ്പറ്റി ഒരുപാട് റൂമറുകള്‍ ഉയര്‍ന്നുവന്നെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. അത്രയും പ്രതീക്ഷ ആളുകളില്‍ ഉണ്ടാകുമ്പോള്‍ സിനിമയില്‍ ബാക്കി കാര്യങ്ങള്‍ വര്‍ക്കാവുകയും എ.ഐ പാളുകയും ചെയ്താല്‍ സിനിമ മുഴുവന്‍ കോമഡിയാകുമെന്നും ആസിഫ് അലി പറഞ്ഞു. എന്നാല്‍ രേഖാചിത്രത്തില്‍ ആ സീനിന് കിട്ടിയ കൈയടി സന്തോഷം തന്നെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘ഈ സിനിമയുടെ എഴുത്ത് തുടങ്ങിയ സമയത്ത് എ.ഐ ഇത്രക്ക് അഡ്വാന്‍സ്ഡ് ആയിരുന്നില്ല. എന്നാലും അത് ചെയ്യാമെന്ന തീരുമാനത്തില്‍ മുന്നോട്ടുപോയി. പക്ഷേ, ഈയടുത്ത് വന്ന ഒരു അന്യഭാഷാ ചിത്രത്തില്‍ എ.ഐ ഉപയോഗിച്ച സീനുകള്‍ക്ക് മോശം പ്രതികരണമായിരുന്നു കിട്ടിയത്. ഒരുപാട് കോടി രൂപ ആ സിനിമക്ക് വേണ്ടി ചെലവാക്കിയിട്ടുണ്ടായിരുന്നു. അത്രയും ബജറ്റില്‍ വന്ന സിനിമക്ക് കിട്ടിയ റെസ്‌പോണ്‍സ് കണ്ടപ്പോള്‍ എന്റെ ഉള്ളൊന്ന് കാളി.

ഇതുമായി മുന്നോട്ടുപോകണോ എന്നൊക്കെ ചിന്തിച്ചു. അതേ സമയത്താണ് രേഖാചിത്രത്തില്‍ ഇങ്ങനെയൊരു പരീക്ഷണം ഉണ്ടെന്നുള്ള റൂമറുകള്‍ വന്നത്. ആ അന്യഭാഷാസിനിമക്ക് വന്ന അതേ ഹൈപ്പ് രേഖാചിത്രത്തിനും വന്നു. ആളുകള്‍ക്ക് അത്രമാത്രം പ്രതീക്ഷ നല്‍കി നില്‍ക്കുമ്പോള്‍ പാളുമോ എന്ന സംശയമുണ്ടായിരുന്നു. ഈ പടത്തില്‍ ബാക്കി എല്ലാം വര്‍ക്കായിട്ടും എ.ഐ മാത്രം പാളിയാല്‍ മൊത്തം കോമഡിയാകും. പക്ഷേ ആ സീനുകള്‍ നല്ല രീതിക്ക് വര്‍ക്കായി,’ ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali about the use of AI in Rekhachithram Movie

We use cookies to give you the best possible experience. Learn more