| Tuesday, 21st January 2025, 9:30 pm

ആ സിനിമയിലെ എന്റെ ഗെറ്റപ്പ് കണ്ടപ്പോള്‍ ഗ്രില്‍ ചെയ്യാന്‍ വെച്ച കോഴിയെപ്പോലെയാണ് എനിക്ക് തോന്നിയത്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് സിനിമയിലേക്ക് കാലെടുത്തുവെച്ചത്. വളരെ പെട്ടെന്ന് യുവാക്കള്‍ക്കിടയില്‍ വലിയൊരു ഫാന്‍ബെയ്സ് സൃഷ്ടിക്കാന്‍ ആസിഫിന് സാധിച്ചു. ഇടയ്ക്ക് തുടര്‍പരാജയങ്ങള്‍ നേരിട്ട താരം കഴിഞ്ഞ വര്‍ഷം വമ്പന്‍ തിരിച്ചുവരവാണ് നടത്തിയത്.

കഴിഞ്ഞവര്‍ഷം ആസിഫിന്റെ വ്യത്യസ്തമായ പെര്‍ഫോമന്‍സ് കാഴ്ചവെച്ച ചിത്രമായിരുന്നു അഡിയോസ് അമിഗോ. യാതൊരു ഉത്തരവാദിത്തവും ഇല്ലാതെ എല്ലാവരുടെ ജീവിതത്തിലും കയറി ഇടപെടുന്ന പ്രിന്‍സ് എന്ന കഥാപാത്രം ആസിഫില്‍ ഭദ്രമായിരുന്നു. സുരാജ് വെഞ്ഞാറമൂട് ആസിഫിനൊപ്പം പ്രധാനവേഷത്തിലെത്തിയ ചിത്രം നിരൂപകപ്രശംസ നേടിയെടുത്തിരുന്നു.

മുമ്പ് കാണാത്ത ഗെറ്റപ്പിലാണ് ആസിഫ് അലി അഡിയോസ് അമിഗോയില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ തന്റെ ഗെറ്റപ്പിനെക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. ഒരു ആക്‌സിഡന്റ് കഴിഞ്ഞ് വീട്ടില്‍ വിശ്രമിച്ചതിന് ശേഷമാണ് താന്‍ അഡിയോസ് അമിഗോയില്‍ അഭിനയിച്ചതെന്ന് ആസിഫ് അലി പറഞ്ഞു. വീട്ടില്‍ ഒരു പണിയുമില്ലാതെ ഫുഡ് കഴിച്ചിരുന്ന വയര്‍ ചാടിയ കോലത്തിലാണ് ആ സിനിമ ചെയ്തതെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.

ആ സിനിമയില്‍ ഷര്‍ട്ട് അഴിച്ച് വയര്‍ കാണിച്ച് നില്‍ക്കുന്ന സീനുണ്ടായിരുന്നെന്നും അത് കണ്ടപ്പോള്‍ കോഴിയെ ഗ്രില്‍ ചെയ്യാന്‍ വെച്ചതുപോലെയാണ് തനിക്ക് തോന്നിയതെന്നും ആസിഫ് പറഞ്ഞു. ആ സീന്‍ എടുക്കുന്നതിന് മുമ്പ് താന്‍ അങ്ങനെ നില്‍ക്കാന്‍ സമ്മതിക്കുമോ എന്ന് സംവിധായകന് സംശയമുണ്ടായിരുന്നെന്നും എന്നാല്‍ താന്‍ യാതൊരു മടിയുമില്ലാതെ ചെയ്‌തെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘ഒരു ആക്‌സിഡന്റൊക്കെ കഴിഞ്ഞ് വീട്ടില്‍ കുറേക്കാലം റെസ്റ്റെടുത്തിട്ടാണ് ഞാന്‍ അഡിയോസ് അമിഗോയില്‍ ജോയിന്‍ ചെയ്തത്. വീട്ടിലിരുന്ന് ഫുഡ്ഡടി മാത്രമായിരുന്നു എന്റെ പണി. അതിന്റെ റിസല്‍ട്ടായി വയറൊക്കെ ചാടിയിരുന്നു. പ്രിന്‍സിന്റെ സ്വഭാവവുമായി ആ ഗെറ്റപ്പിന് നല്ല ചേര്‍ച്ചയുണ്ടായിരുന്നു. ആ പടത്തില്‍ ഞാന്‍ ഷര്‍ട്ടഴിച്ച് നില്‍ക്കുന്ന ഒരു സീനുണ്ട്.

ആ സീനിന് വേണ്ടി ഷര്‍ട്ടൊക്കെ അഴിച്ച് നിന്നിട്ട് കണ്ണാടിയില്‍ നോക്കിയപ്പോള്‍ ഗ്രില്‍ ചെയ്യാന്‍ വെച്ച കോഴിയെപ്പോലെ തോന്നി. ആ സീന്‍ ഞാന്‍ ചെയ്യുമോ എന്ന് അതിന്റെ ഡയറക്ടര്‍ക്ക് സംശയമുണ്ടായിരുന്നു. എന്നോട് അക്കാര്യം ചോദിച്ചപ്പോള്‍ ഞാന്‍ അപ്പോള്‍ തന്നെ സമ്മതിച്ചു. യാതൊരു മടിയും എനിക്ക് ഉണ്ടായിരുന്നില്ല,’ ആസിഫ് അലി പറഞ്ഞു.

Content Highlight: Asif Ali about his getup in Adios Amigo movie

We use cookies to give you the best possible experience. Learn more