കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു.
തുടർപരാജയങ്ങൾക്ക് ശേഷം ആസിഫ് അലി മികച്ച തിരിച്ചു വരവ് നടത്തിയ വർഷമായിരുന്നു 2024. പ്രേക്ഷകരെ പ്രകടനംകൊണ്ട് ആസിഫ് ഞെട്ടിച്ച വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്. തലവന്‍, ലെവല്‍ ക്രോസ്, അഡിയോസ് അമിഗോ, കിഷ്‌കിന്ധാ കാണ്ഡം തുടങ്ങിയ ചിത്രങ്ങളായിരുന്നു ആസിഫിന്റേതായി പുറത്തിറങ്ങിയത്. പുതിയ ചിത്രം രേഖാചിത്രവും ഇപ്പോൾ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.
കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രത്തിൽ വിജയരാഘവൻ അവതരിപ്പിച്ച അപ്പുപിള്ള എന്ന കഥാപാത്രത്തിന് റെഫറൻസാക്കിയത് ഗോഡ്ഫാദർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെയാണെന്ന് പറയുകയാണ് ആസിഫ്.
കിഷികിന്ധാ കാണ്ഡത്തിലെ വിജയരാഘവന്റെ അഭിനയം മോണിറ്ററിൽ കണ്ടപ്പോൾ പലപ്പോഴും എൻ.എൻ പിള്ളയെ ഓർമ വന്നെന്നും ആസിഫ് പറയുന്നു. അഡിയോസ് അമിഗോയിൽ അവതരിപ്പിച്ച പ്രിൻസ് എന്ന കഥാപാത്രം അയാൾ കഥയെഴുതുകയാണ് എന്ന സിനിമയിലെ സാഗർ കോട്ടപ്പുറത്തെ കണ്ടാൽ അടിപൊളിയായിരിക്കുമെന്നും ആസിഫ് കൂട്ടിച്ചേർത്തു.
‘അയാൾ കഥയെഴുതകയാണ് എന്ന ചിത്രത്തിലെ സാഗർ കോട്ടപ്പുറവുമായി അഡിയോസ് അമിഗോയിലെ പ്രിൻസ് കണ്ടുമുട്ടിയാൽ അടിപൊളിയായിരിക്കും. ബോസേ നമുക്കൊന്ന് തിരുവനന്തപുരം വരെ പോയി വന്നാല്ലോ എന്നൊക്കെ ചോദിക്കുകയുണ്ടാവും. അതുപോലെ കിഷ്കിന്ധാ കാണ്ഡത്തിന്റെ സ്ക്രിപ്റ്റിങ് നടക്കുന്ന സമയം തൊട്ട് അപ്പു പിള്ള എന്ന കഥാപാത്രത്തിനായി ഞങ്ങൾ റഫറൻസായി മനസിൽ വിചാരിച്ചത് അഞ്ഞൂറാനെയായിരുന്നു.
പക്ഷെ ഒരിക്കലും ഒരു നടന്റെ റെഫറൻസ് കൊടുക്കരുതെന്ന് വിശ്വസിച്ചിരുന്ന ഒരു ടീമായിരുന്നു കിഷ്കിന്ധാ കാണ്ഡത്തിന്റേത്. പക്ഷെ സിനിമയിലേക്ക് കുട്ടേട്ടൻ( വിജയരാഘവൻ) വന്ന് കഴിഞ്ഞപ്പോൾ ഞങ്ങൾ തന്നെ പലപ്പോഴും മോണിറ്റർ നോക്കി പറഞ്ഞത്, അഞ്ഞൂറാനെ പോലെയുണ്ടെന്നാണ്. ഇടയ്ക്കിടയ്ക്ക് അഞ്ഞൂറാൻ വരുന്നുണ്ട്. പക്ഷെ അത് ബോധപൂർവ്വമല്ല, അദ്ദേഹത്തിന്റെ അച്ഛനല്ലേ അഞ്ഞൂറാനെ അവതരിപ്പിച്ചത്,’ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali About Anjooran Character And Kishkindha Kandam Movie