ഈ ലോകകപ്പില്‍ ഏഷ്യന്‍ ടീമുകള്‍ നേടുന്ന ഓരോ പോയിന്റും ഒരു കണക്കല്ല, വര്‍ഷങ്ങളോളം കേട്ട അവഗണനകള്‍ക്കുള്ള മറുപടിയാണ്. ഓരോ സമനിലയും പരാജയഭീതിക്കുമേല്‍ നേടിയ വിജയമാണ്. ഓരോ വിജയവും ഒരു ഭൂഖണ്ഡത്തിന്റെ നെഞ്ചില്‍ തെളിയുന്ന പുതിയ നക്ഷത്രങ്ങളാണ്. ഇന്ന് ഏഷ്യന്‍ ഫുട്‌ബോള്‍ തല ഉയര്‍ത്തി നില്‍ക്കുകയാണ്. കരുണ ചോദിക്കുന്ന ഭൂഖണ്ഡമല്ല ഇത്. ബഹുമാനം സ്വന്തമാക്കുന്ന ഭൂഖണ്ഡമാണ്.
സമീപകാലം വരെ ലോകകപ്പ് വേദികളില്‍ ഏഷ്യന്‍ ടീമുകളെ കണ്ടിരുന്നത് ‘അതിഥി തൊഴിലാളികളെ’ പോലെയാണ്. മഹാശക്തികളുടെ മുന്നില്‍ പരാജയത്തിന്റെ വിധി മുന്‍കൂട്ടി എഴുതപ്പെട്ട വര്‍ഗം. ഭൂഖണ്ഡ ക്വാട്ടയുടെ ദാനമായി ലോകകപ്പിലെത്തുന്നവര്‍ എന്ന അപകര്‍ഷതയുടെ നിഴല്‍ അവരെ നിരന്തരം പിന്തുടര്‍ന്നു. എന്നാല്‍ ഇന്ന് ആ നിഴലുകള്‍ അപ്രത്യക്ഷമാകുകയാണ്.
ഏഷ്യ ഇനി ലോകകപ്പിനെത്തുന്ന കാഴ്ചക്കാരനല്ല, ചരിത്രത്തിന്റെ നടുവിലേക്ക് സ്വന്തം കാല്‍പ്പാടുകള്‍ പതിപ്പിക്കുന്ന സാന്നിധ്യമാണ്. 2026 ലോകകപ്പില്‍ ഇതുവരെ അഞ്ച് ഏഷ്യന്‍ ടീമുകള്‍ ആദ്യ മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ ആരും തോല്‍വിയറിഞ്ഞിട്ടില്ല. ഏഷ്യന്‍ സോണില്‍ ലോകകപ്പ് യോഗ്യത നേടി കളിക്കുന്ന ഓസ്‌ട്രേലിയ വിജയത്തോടെ തുടങ്ങുകയും ചെയ്തു.
2026 ലോകകപ്പിലെ ആദ്യ മത്സരത്തിലെ വിജയമാഘോഷിക്കുന്ന ഓസ്‌ട്രേലിയൻ ടീം.
യുദ്ധത്തിന്റെ പുകയിലും സ്‌ഫോടനങ്ങളുടെ നിഴലിലും നിന്ന് ലോകകപ്പിന്റെ പച്ചപ്പിലേക്ക് നടന്നെത്തിയ ഇറാന്‍, സകല സൗകര്യങ്ങളുടെയും പട്ടുമെത്തയില്‍ വിശ്രമിക്കുന്ന ന്യൂസിലാന്‍ഡിനെ രണ്ട് തവണ പിന്നില്‍ നിന്നുയര്‍ന്ന് സമനിലയുടെ വലയത്തില്‍ കുടുക്കി.
സൗദി അറേബ്യ ഉറുഗ്വേയെ പിടിച്ചുകെട്ടിയപ്പോള്‍ അത് ഒരു മത്സരഫലം മാത്രമായിരുന്നില്ല. മരുഭൂമിയുടെ മണല്‍ക്കാറ്റുകള്‍ അറ്റ്‌ലാന്റിക്കിന്റെ തീരങ്ങളില്‍ നിന്ന് വന്ന ലോക ചാമ്പ്യന്‍മാരുടെ മുഖത്തേക്ക് വീശിയ ഒരു വെല്ലുവിളിയായിരുന്നു. ഒരിക്കല്‍ ലോകത്തെ ഭരിച്ച ഉറുഗ്വേയുടെ പേരിനേക്കാള്‍ വില പോരാട്ടത്തിനാണെന്ന് സൗദി ലോകത്തെ വീണ്ടും ഓര്‍മ്മിപ്പിച്ചു.
ദക്ഷിണ കൊറിയ ചെക്കിയയെ തോല്‍പ്പിച്ചപ്പോള്‍, അതൊരു ടീമിന്റെ വിജയം മാത്രമായിരുന്നില്ല. വര്‍ഷങ്ങളുടെ അച്ചടക്കവും അനുഷ്ഠാനവും വിയര്‍പ്പും ചേര്‍ന്ന് എഴുതിയ കവിതയായി. ഓരോ ടാക്കിളും ഒരു ഭൂഖണ്ഡത്തിന്റെ ആത്മാഭിമാനമായി, ഓരോ ഓട്ടവും ചരിത്രത്തിലേക്കുള്ള യാത്രയായി.
നെതര്‍ലാന്‍ഡ്‌സിനെ 2-2 ന് തളച്ച ജപ്പാന്‍ ലോകത്തോട് പറഞ്ഞത് മറ്റൊന്നാണ്. ഓറഞ്ച് സൈന്യത്തിന്റെ ശക്തിക്ക് മുന്നില്‍ സമുറായിമാര്‍ വാള്‍ താഴ്ത്തിയില്ല. മറിച്ച് ശാന്തതയെ ആയുധമാക്കി പൊരുതി. കടലിലെ തിരമാലകള്‍ പാറകളെ ഇടിച്ച് തകര്‍ക്കുന്നതുപോലെ, ജപ്പാന്റെ കൂട്ടായ്മയും സാങ്കേതിക മികവും ഫേവറിറ്റുകളുടെ ആത്മവിശ്വാസത്തില്‍ വിള്ളലുകള്‍ തീര്‍ത്തു.
ലോകം ‘സ്വിസ് വാച്ച്’ എന്ന് വിശേഷിപ്പിക്കുന്ന സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ കൃത്യതയ്ക്ക് മുന്നില്‍ ഖത്തര്‍ നിന്നപ്പോള്‍, അത് സമയത്തോടുള്ള ഒരു കലാപം പോലെ തോന്നി. മരുഭൂമിയില്‍ നിന്ന് ഉയര്‍ന്ന ഒരു ചെറിയ രാജ്യം, വാച്ചിന്റെ സൂചികള്‍ പോലും നിശ്ചലമാക്കാന്‍ കഴിയുമെന്ന് തെളിയിച്ചു. വിസ്തൃതിയല്ല, വിശ്വാസമാണ് ശക്തിയെന്ന് അവര്‍ പറഞ്ഞു.
ഈ ലോകകപ്പില്‍ ഏഷ്യന്‍ ടീമുകള്‍ നേടുന്ന ഓരോ പോയിന്റും ഒരു കണക്കല്ല, വര്‍ഷങ്ങളോളം കേട്ട അവഗണനകള്‍ക്കുള്ള മറുപടിയാണ്. ഓരോ സമനിലയും പരാജയഭീതിക്കുമേല്‍ നേടിയ വിജയമാണ്. ഓരോ വിജയവും ഒരു ഭൂഖണ്ഡത്തിന്റെ നെഞ്ചില്‍ തെളിയുന്ന പുതിയ നക്ഷത്രങ്ങളാണ്. ഇന്ന് ഏഷ്യന്‍ ഫുട്‌ബോള്‍ തല ഉയര്‍ത്തി നില്‍ക്കുകയാണ്. കരുണ ചോദിക്കുന്ന ഭൂഖണ്ഡമല്ല ഇത്. ബഹുമാനം സ്വന്തമാക്കുന്ന ഭൂഖണ്ഡമാണ്.
ഒരിക്കല്‍ ലോകകപ്പിന്റെ വാതിലില്‍ ഭിക്ഷക്കാരനെ പോലെ നിന്ന ഭൂഖണ്ഡമായിരുന്നു ഏഷ്യ. ഇന്ന് ആ വാതില്‍ തുറന്ന് അകത്തുകടക്കുക മാത്രമല്ല, മത്സരത്തിന്റെ കഥ തന്നെ തിരുത്തിയെഴുതുകയാണ്. ഇനി ഇറാഖും ജോര്‍ദാനും ഉസ്‌ബെക്കിസ്ഥാനും ഈ യാത്രയില്‍ ചേരുമ്പോള്‍, ഏഷ്യയുടെ ആകാശം കൂടുതല്‍ നക്ഷത്രപ്രഭയാല്‍ നിറയും.
Content Highlight: Asian Teams are Unbeaten in FIFA World Cup 2026 so far