ഏഷ്യന്‍ ലെജന്‍ഡ്‌സ് ലീഗില്‍ മിന്നുന്ന പ്രകടനവുമായി ശ്രീലങ്കന്‍ ഇതിഹാസ താരം തിസാര പെരേര. കഴിഞ്ഞ ദിവസം മിറാജ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാന്‍ പത്താന്‍സ് – ശ്രീലങ്ക ലയണ്‍സ് മത്സരത്തിലാണ് ലയണ്‍സ് നായകന്‍ കൂടിയായ പെരേര തിളങ്ങിയത്. 36 പന്ത് നേരിട്ട് പുറത്താകാതെ 108 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്റെ കരുത്തില്‍ ടീം 26 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു.
13 സിക്‌സറും രണ്ട് ഫോറുമടക്കമാണ് ലങ്കന്‍ നായകന്‍ പുറത്താകാതെ 108 റണ്‍സ് അടിച്ചെടുത്തത്. അയാന്‍ ഖാനെതിരെ ഒരു ഓവറില്‍ പറത്തിയ ആറ് സിക്‌സറുകളും ഇതില്‍ ഉള്‍പ്പെടും.
ലങ്കന്‍ ലയണ്‍സ് ഇന്നിങ്‌സിന്റെ അവസാന ഓവറിലാണ് ആരാധകരെ ആവേശത്തിലാഴ്ത്തി പെരേര സിക്‌സര്‍ മഴ പെയ്യിച്ചത്. ഓവറിലെ ആദ്യ പന്ത് വൈഡായി. പിന്നീടെത്തിയ മൂന്ന് പന്തുകളും ഗാലറിയിലേക്ക്. വീണ്ടും മറ്റൊരു വൈഡ്. ഓവറിലെ നാലാം പന്തും ഗാലറിയിലെത്തിയതിന് പിന്നാലെ സമ്മര്‍ദത്തിലായ അയാന്‍ ഖാന്‍ വീണ്ടും വൈഡെറിഞ്ഞു.
— Asian Legends League T20 (@AsianLegendsT20) March 15, 2025
ഇതാദ്യമായല്ല പെരേര ഒരു ഓവറില്‍ ആറ് സിക്‌സറുകള്‍ നേടുന്നത്. 2021ല്‍ നടന്ന ലിസ്റ്റ് എ മത്സരത്തിലും പെരേര ഇത്തരത്തില്‍ ആറ് പന്തില്‍ ആറ് സിക്‌സര്‍ നേടിയിരുന്നു. ആര്‍മി സ്‌പോര്‍ട്‌സ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ നടന്ന മത്സരത്തില്‍ ഓവറിലെ ആറ് പന്തും സിക്‌സറിന് പറത്തിയതോടെ ഈ റെക്കോഡ് നേടുന്ന ആദ്യ ശ്രീലങ്കന്‍ താരമെന്ന നേട്ടവും പെരേര സ്വന്തമാക്കിയിരുന്നു. അന്ന് 13 പന്തില്‍ 52 റണ്‍സാണ് പെരേര സ്വന്തമാക്കിയത്.
— Asian Legends League T20 (@AsianLegendsT20) March 16, 2025
ഓപ്പണര്‍മാരായ ലിയോ ഫ്രാന്‍സിസ്‌കോ (അഞ്ച് പന്തില്‍ രണ്ട്), തിലകരത്‌നെ ദില്‍ഷന്‍ (എട്ട് പന്തില്‍ എട്ട്) എന്നിവര്‍ നിരാശപ്പെടുത്തി. എന്നാല്‍ നാലാം നമ്പറിലെത്തിയ ലസിത് ലക്ഷണെ ഒപ്പം കൂട്ടി മെവന്‍ ഫെര്‍ണാണ്ടോ സ്‌കോര്‍ ഉയര്‍ത്തി. മൂന്നാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇവര്‍ സ്‌കോറിന് അടിത്തറയിട്ടത്. 19 റണ്‍സുമായി ലക്ഷണ്‍ മടങ്ങിയെങ്കിലും നാലാം നമ്പറില്‍ പെരേരയെത്തിയതോടെ ലങ്ക കളി പിടിച്ചു.
പെരേ ഒരു വശത്ത് നിന്നും തകര്‍ത്തടിച്ചപ്പോള്‍ 56 പന്തില്‍ മൂന്ന് സിക്‌സറും ഏഴ് ഫോറുമായി പുറത്താകതെ 81 റണ്‍സടിച്ച ഫെര്‍ണാണ്ടോ മികച്ച പിന്തുണ നല്‍കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ പത്താന്‍സിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 31 പന്തില്‍ 70 റണ്‍സുമായി ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാന്‍ തിളങ്ങിയെങ്കിലും ക്യാപ്റ്റന് പിന്തുണ നല്‍കാന്‍ ആര്‍ക്കും സാധിക്കാതെ പോയതോടെയാണ് പത്താന്‍സ് പരാജയം സമ്മതിച്ചത്.
ഈ വിജയത്തിന് പിന്നാലെ സെമിയിലേക്ക് കടക്കാനും ശ്രീലങ്ക ലയണ്‍സിന് സാധിച്ചു. മാര്‍ച്ച് 17ന് നടക്കുന്ന മത്സരത്തില്‍ ക്വാളിഫയര്‍ രണ്ടിലെ വിജയികളെയാണ് പെരേരയ്ക്കും സംഘത്തിനും നേരിടാനുള്ളത്.
Content Highlight: Asian Legends League 2025: Thisara Perera smashes six sixes in an over