ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളിതാരം ജാബിറിനു വെങ്കലം; ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത
athletics
ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളിതാരം ജാബിറിനു വെങ്കലം; ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd April 2019, 8:45 pm

ദോഹ: ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളിതാരം എം.പി ജാബിറിന് വെങ്കലം. 400 മീറ്റര്‍ ഹര്‍ഡില്‍സിലാണ് ജാബിറിന്റെ നേട്ടം. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യന്‍ താരം സരിത ഗെയ്ക്‌വാദ് വെങ്കലം നേടി.

തന്റെ സ്വന്തം പ്രകടനം തിരുത്തിയാണ് ജാബിറിന്റെ മെഡല്‍ നേട്ടം. 49.13 സെക്കന്‍ഡിലാണ് ജാബിര്‍ ഫിനിഷ് ചെയ്തത്. ഇതോടെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ യോഗ്യത നേടാനുള്ള 49.30 സെക്കന്‍ഡ് ജാബിര്‍ മറികടന്നു.

ഇരുവരുടെയും മെഡല്‍ നേട്ടത്തോടെ ദോഹയില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം ഏഴായി. രണ്ട് വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.

57.22 സെക്കന്‍ഡിലാണ് സരിതയുടെ ഫിനിഷിങ്. എന്നാല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ യോഗ്യത നേടാനുള്ള സമയം 56 സെക്കന്‍ഡാണ്.

ജാവലിന്‍ ത്രോയില്‍ അന്ന റാണി, 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സില്‍ അവിനാശ് മുകുന്ദ് (വെള്ളി), പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ ഗവിത് മുരളി കുമാര്‍, നാനൂറ് മീറ്റര്‍ ഓട്ടത്തില്‍ പൂവമ്മ രാജു, അയ്യായിരം മീറ്റര്‍ ഓട്ടത്തില്‍ പരുള്‍ ചൗധരി (വെങ്കലം) എന്നിവരാണു നേരത്തേ ഇന്ത്യക്കായി മെഡല്‍ നേടിയത്.