ലങ്കയ്ക്കും പ്രോട്ടിയാസിനുമൊപ്പം, നാണക്കേടിന്റെ മുള്‍ക്കിരീടവുമായി യു.എ.ഇ; ഇന്ത്യക്കെതിരെ പിറന്നത് മോശം റെക്കോഡ്!
Sports News
ലങ്കയ്ക്കും പ്രോട്ടിയാസിനുമൊപ്പം, നാണക്കേടിന്റെ മുള്‍ക്കിരീടവുമായി യു.എ.ഇ; ഇന്ത്യക്കെതിരെ പിറന്നത് മോശം റെക്കോഡ്!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th September 2025, 10:47 pm

2025 ഏഷ്യാ കപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ യു.എ.ഇക്കെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇയെ 13.1 ഓവറില്‍ 57 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട് ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വെറും 4.1 ഓവറില്‍ 60 റണ്‍സ് നേടി വിജയം നേടുകയായിരുന്നു.

ഇതോടെ ഒരു മോശം റെക്കോഡും യു.എ.ഇ തലയില്‍ ചൂടിയിരിക്കുകയാണ്. ഇന്ത്യക്കെതിരെ അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കുറഞ്ഞ റണ്‍സ് രേഖപ്പെടുത്തുന്ന ടീമായി മാറിയിരിക്കുകയാണ് യു.എ.ഇ. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ ഏറ്റവും കുറച്ച് റണ്‍സ് രേഖപ്പെടുത്തിയത് സൗത്ത് ആഫ്രിക്കയാണ്. 2024ല്‍ 55 റണ്‍സാണ് പ്രോട്ടിയാസ് നേടിയ കുറഞ്ഞ സ്‌കോര്‍. ഏകദിനത്തില്‍ ശ്രീലങ്ക ഇന്ത്യക്കെതിരെ 2023ല്‍ വെറും 50 റണ്‍സ് രേഖപ്പെടുത്തിയിരുന്നു.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനമാണ് ഓപ്പണര്‍ അഭിഷേക് ശര്‍മ നേടിയത്. 16 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 30 റണ്‍സാണ് താരം അടിച്ചെടുത്തത്. മാത്രമല്ല ശുഭ്മന്‍ ഗില്‍ ഒമ്പത് പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 20 റണ്‍സ് നേടി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഏഴ് റണ്‍സും നേടി.

ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് സൂപ്പര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവായിരുന്നു. വെറും 2.1 ഓവറില്‍ ഏഴ് റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താര് സ്വന്തമാക്കിയത്. 3.23 എന്ന എക്കോണമിയിലാണ് കുല്‍ദീപ് പന്തെറിഞ്ഞത്. കുല്‍ദിപിനൊപ്പം തന്നെ ചേര്‍ത്ത് വെക്കാവുന്ന പ്രകടനമാണ് ശിവം ദുബെ കാഴ്ചവെച്ചത്.

രണ്ട് ഓവറില്‍ വെറും നാല് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് ദുബെ സ്വന്തമാക്കിയത്. 2.00 എന്ന മിന്നും എക്കോണമിയും താരം സ്വന്തമാക്കി. ഇരുവര്‍ക്കും പുറമെ ജസ്പ്രീത് ബുംറ, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റും നേടി. കൂടാതെ വിക്കറ്റിന് പിന്നില്‍ സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ മിന്നും പ്രകടനവും യു.എ.ഇയെ പെട്ടന്ന് ഓള്‍ ഔട്ടാക്കാന്‍ ഇന്ത്യക്ക് തുണയായി.

യു.എ.ഇക്ക് വേണ്ടി രണ്ട് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാന്‍ സാധിച്ചത്. ഓപ്പണര്‍ അലിഷാന്‍ ഷര്‍ഫു 12 പന്തില്‍ നിന്ന് 22 റണ്‍സും ക്യാപ്റ്റന്‍ മുഹമ്മദ് വസീം 22 പന്തില്‍ 19 റണ്‍സുമായി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി.

ഇന്ത്യയ്ക്ക് വേണ്ടി ആദ്യ വിക്കറ്റ് നേടിയത് ജസ്പ്രീത് ബുംറയാണ്. യു.എ.ഇയുടെ അലിഷാന്‍ ഷര്‍ഫുവിനെ 22 റണ്‍സിനെയാണ് ബുംറ യോര്‍ക്കറിലൂടെ പറഞ്ഞയച്ചത്. സൊഹൈബ് ഖാനെ വരുണ്‍ ചക്രവര്‍ത്തി രണ്ട് റണ്‍സിനും പുറത്താക്കി. എന്നാല്‍ ഇന്ത്യ ഒളിച്ചുവെച്ച സൂപ്പര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ വരവില്‍ യു.എ.ഇക്ക് നാല് വിക്കറ്റുകളാണ് നഷ്ടമായത്.

വിക്കറ്റ് കീപ്പര്‍ രാഹുല്‍ ചോപ്രയെ മൂന്ന് റണ്‍സിന് പുറത്താക്കിയ കുല്‍ദീപ് ക്യാപ്റ്റന്‍ മുഹമ്മദ് വസീമിനെ 19 റണ്‍സിനും കൂടാരത്തിലേക്ക് അയച്ചു. പിന്നീട് ഹര്‍ഷിദ് കൗഷിക്കിനെ രണ്ട് റണ്‍സിനും തന്റെ സ്പിന്‍ ബൗളിങ്ങില്‍ താരം കുരുക്കി. മൂന്ന് വിക്കറ്റും താരം ഒരോവറില്‍ നിന്നാണ് സ്വന്തമാക്കിയത്. എട്ടാം ഓവറിലായിരുന്നു ചൈനാമാന്‍ സ്പിന്നര്‍ അമ്പരപ്പിക്കുന്ന പ്രകടനം നടത്തിയത്. ശേഷം ഹൈദര്‍ അലിയെയും പറഞ്ഞയച്ചാണ് കുല്‍ദീപ് തിളങ്ങിയത്.

Content Highlight: Asia Cup: UAE has a Unwanted record against India in T20 Internationals