2025 ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ഇന്ത്യ പടയൊരുക്കം തുടങ്ങിയിരിക്കുകയാണ്. സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കിയും ശുഭ്മന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായും ചുമതലപ്പെടുത്തിയാണ് ഇന്ത്യ ഏഷ്യ കീഴടക്കാന്‍ ഒരുങ്ങുന്നത്.
നിലവിലെ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായ ഗില്‍ കഴിഞ്ഞ കുറച്ച് ടി-20 പരമ്പരകളില്‍ ടീമിനൊപ്പമുണ്ടായിരുന്നില്ല. ബംഗ്ലാദേശ്, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ പരമ്പരയില്‍ ഗില്ലിന് ഇന്ത്യന്‍ ടീമില്‍ ഇടമുണ്ടായിരുന്നില്ല. ഏറെ കാലത്തിന് ശേഷം ഗില്‍ ടീമിലേക്ക് മടങ്ങിയെത്തുന്നതിലും താരത്തിന് ഉപനായക പദവി നല്‍കുന്നതിലും ചിലര്‍ സംശയം പ്രകടപ്പിച്ചിരുന്നു.
ഇപ്പോള്‍ ആ സംശയങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമുള്ള മറുപടി നല്‍കുകയാണ് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്.
‘ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലാണ് ഗില്‍ അവസാനമായി ടി-20 മത്സരം കളിച്ചത്. അന്ന് ഞാന്‍ ക്യാപ്റ്റനും ഗില്‍ വൈസ് ക്യാപ്റ്റനുമായിരുന്നു. ടി-20 ലോകകപ്പിനുള്ള പുതിയ സൈക്കിള്‍ ഞങ്ങള്‍ ആരംഭിച്ചതും അവിടെ വെച്ച് തന്നെയായിരുന്നു.
അതിന് ശേഷം അവന്‍ ടെസ്റ്റ് പരമ്പരകളില്‍ തിരക്കിലായി. ചാമ്പ്യന്‍സ് ട്രോഫിയുടെയും ടെസ്റ്റ് പരമ്പരകളുടെയും തിരക്കില്‍ അവന് അന്താരാഷ്ട്ര ടി-20 മത്സരങ്ങള്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.
അവന്‍ സ്‌ക്വാഡിലുണ്ട്, ഇത് ഞങ്ങള്‍ക്കേറെ സന്തോഷമുണ്ടാക്കുന്നതുമാണ്.ടി-20 ലോകകപ്പിന് ശേഷം ഞങ്ങള്‍ കളിക്കുന്ന വലിയ ടൂര്‍ണമെന്റാണിത്. ഞങ്ങള്‍ ചില ബൈലാറ്ററല്‍ മത്സരങ്ങള്‍ കളിച്ചിരുന്നു. എന്നാല്‍ ഈ ടൂര്‍ണമെന്റ് ഞങ്ങള്‍ക്ക് സ്വയം പരീക്ഷിക്കാനുള്ള അവസരം കൂടിയാണ്.
2026 ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിന് മുമ്പ് ഞങ്ങള്‍ ഒരുപാട് ടി-20 മത്സരങ്ങള്‍ കളിക്കും. ഇവിടം മുതലാണ് ലോകകപ്പിനുള്ള യാത്ര ആരംഭിക്കുന്നത്,’ സൂര്യ പറഞ്ഞു.
ശുഭ്മന്‍ ഗില്‍ ഇല്ലാത്തതുകൊണ്ട് മാത്രമാണ് ഇന്ത്യയുടെ ബൈലാറ്ററല്‍ പരമ്പരകളില്‍ സഞ്ജു സാംസണ് അവസരം ലഭിച്ചത് എന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞിരുന്നു.
2025 ഏഷ്യാ കപ്പ് സ്‌ക്വാഡ്
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍). ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിങ്.
Content Highlight: Asia Cup: Suryakumar Yadav on Shubman Gill’s vice captaincy