| Friday, 19th September 2025, 8:27 pm

ടോസിനിടെ അര്‍ഷ്ദീപിന്റെ പേര് തന്നെ മറന്ന് സൂര്യ; ചരിത്രം കുറിക്കാന്‍ അവനിറങ്ങുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഒമാനെതിരെ ടോസ് നേടി ഇന്ത്യ. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ് തെരഞ്ഞെടുത്തു. ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് ഇന്ത്യ ആദ്യം ബാറ്റിങ്ങിനിറങ്ങുന്നത്.

രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ജസ്പ്രീത് ബുംറയ്ക്കും വരുണ്‍ ചക്രവര്‍ത്തിക്കും വിശ്രമം നല്‍കിയ മത്സരത്തില്‍ അര്‍ഷ്ദീപ് സിങ്ങും ഹര്‍ഷിത് റാണയും പ്ലെയിങ് ഇലവന്റെ ഭാഗമായി.

ടോസ് വിജയിച്ച ശേഷം പ്ലെയിങ് ഇലവനില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് സൂര്യകുമാര്‍ ആകെ കണ്‍ഫ്യൂഷനിലായിരുന്നു. രണ്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് പറഞ്ഞ സൂര്യയ്ക്ക് അത് ഏതെല്ലാം താരങ്ങളായിരുന്നു എന്ന് ഓര്‍ത്ത് പറയാന്‍ സാധിച്ചിരുന്നില്ല.

ഹര്‍ഷിത് റാണയുടെ പേര് ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും അര്‍ഷ്ദീപ് സിങ്ങിന്റെ പേര് താരത്തിന് ഓര്‍ത്തെടുക്കാന്‍ സാധിച്ചില്ല. ഏറെ നേരം ശ്രമിച്ചെങ്കിലും സൂര്യയ്ക്ക് അര്‍ഷ്ദീപിനെ ഓര്‍ത്തെടുക്കാന്‍ സാധിച്ചിരുന്നില്ല.

ഇതിനോടകം തന്നെ സംഭവം ട്രോളുകളായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സമാനമായിരുന്നു ഒമാന്‍ നായകന്‍ ജതീന്ദര്‍ സിങ്ങിന്റെയും അവസ്ഥ. പ്ലെയിങ് ഇലവനില്‍ വരുത്തിയ രണ്ട് മാറ്റങ്ങളില്‍ ഒരാളുടെ പേര് ഒമാന്‍ നായകനും മറന്നിരുന്നു.

അതേസമയം, ഒരു ചരിത്ര നേട്ടം മുമ്പില്‍ കണ്ടുകൊണ്ടാണ് അര്‍ഷ്ദീപ് സിങ് ഒമാനെതിരെ കളത്തിലിറങ്ങുന്നത്. അന്താരാഷ്ട്ര ടി-20യില്‍ നൂറ് വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് അര്‍ഷ്ദീപിന് മുമ്പിലുള്ളത്.

ഒമാനെതിരെ ഒരു വിക്കറ്റ് നേടാന്‍ സാധിച്ചാല്‍ ഈ റെക്കോഡില്‍ അര്‍ഷ്ദീപ് സിങ് ഇടം പിടിക്കും.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – ഇന്നിങ്സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)

അര്‍ഷ്ദീപ് സിങ് – 63 – 99*

യൂസ്വേന്ദ്ര ചഹല്‍ – 79 – 96

ഹര്‍ദിക് പാണ്ഡ്യ – 104 – 95

ജസ്പ്രീത് ബുംറ – 71 – 92

ഭുവനേശ്വര്‍ കുമാര്‍ – 86 – 90

ഇന്ത്യ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.

ഒമാന്‍ പ്ലെയിങ് ഇലവന്‍

ജതീന്ദര്‍ സിങ് (ക്യാപ്റ്റന്‍), ആമിര്‍ കലീം, ഹമദ് മിര്‍സ, വിനായക് ശുക്ല (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നദീം, ആര്യന്‍ ബിഷ്ത്, ജിതന്‍കുമാര്‍ രമാനന്ദി, ഫൈസല്‍ ഷാ, സിക്രിയ ഇസ്‌ലാം, സമയ് ശ്രീവാസ്തവ, ഷകീല്‍ അഹമ്മദ്.

Content Highlight: Asia Cup: Suryakumar Yadav forgets Arshdeep Singh’s name during toss

We use cookies to give you the best possible experience. Learn more