കളിയില്‍ മാറ്റം വരുത്തേണ്ട നിരവധി പ്രധാന കളിക്കാരുണ്ട്; വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍
Sports News
കളിയില്‍ മാറ്റം വരുത്തേണ്ട നിരവധി പ്രധാന കളിക്കാരുണ്ട്; വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 27th September 2025, 7:25 pm

 

2025 ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഫൈനല്‍ മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. നിലവില്‍ ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യയുടെ കുതിപ്പ്. അതേസമയം ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യയോട് പരാജയപ്പെട്ടാണ് പാകിസ്ഥാന്‍ അവസാന പോരിന് കളത്തിലിറങ്ങുന്നത്.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ ഒരു പോലെ മികച്ച പ്രകടനമാണ് നടത്തുന്നതെങ്കിലും ടോപ്പ് ഓര്‍ഡറില്‍ ശുഭ്മന്‍ ഗില്‍ അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. കളിയില്‍ മാറ്റം വരുത്തേണ്ട നിരവധി പ്രധാന കളിക്കാരുണ്ടെന്നും സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ, ശുഭ്മന്‍ ഗില്‍ എന്നിവര്‍ മികച്ച രീതിയില്‍ റണ്‍സ് നേടണമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

‘കളിയില്‍ മാറ്റം വരുത്തേണ്ട നിരവധി പ്രധാന കളിക്കാരുണ്ട്. സൂര്യകുമാര്‍ യാദവ് റണ്‍സ് നേടേണ്ടതുണ്ട്, അതുപോലെ തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരും. ശുഭ്മന്‍ ഗില്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ടെങ്കിലും അടുത്തിടെ അദ്ദേഹം പ്രതീക്ഷിച്ചത്ര വലിയ സ്‌കോറുകള്‍ നേടിയിട്ടില്ല. അവന്റെ ബാറ്റിങ് കുറവൊന്നും സംഭവിച്ചിട്ടില്ല, അതിനാല്‍ അമിതമായി ആശങ്കപ്പെടേണ്ടതില്ല,’ ഗവാസ്‌കര്‍ ഇന്ത്യ ടുഡേയില്‍ പറഞ്ഞു.

മാത്രമല്ല ഇന്ത്യയുടെ അഗ്രസീവ് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ ബാറ്റിങ്ങിനെ കുറിച്ചും ഗവാസ്‌കര്‍ പറഞ്ഞു. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഇന്ത്യക്ക് വേണ്ടി മിന്നും പ്രകടനമാണ് നടത്തുന്നതെങ്കിലും അര്‍ധ സെഞ്ച്വറി മാത്രമാണ് അഭിഷേകിന് നേടാന്‍ സാധിച്ചത്. എന്നാല്‍ വൈകാതെ താരം സെഞ്ച്വറി നേടുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

‘അഭിഷേക് ശര്‍മ അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ അനുവദിക്കില്ല. മൂന്ന് അര്‍ധ സെഞ്ച്വറികളുമായി അദ്ദേഹം മികച്ച ഫോമിലാണ്. സെഞ്ച്വറി നഷ്ടപ്പെടുത്തിയ ഒരു നിര്‍ഭാഗ്യകരമായ റണ്ണൗട്ടുണ്ടായിട്ടും, വൈകാതെ അവന്‍ സെഞ്ച്വറി നേടുമെന്ന് പ്രതീക്ഷിക്കുന്നു,’ ഗവാസ്‌കര്‍ പറഞ്ഞു.

അതേസമയം സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ മിന്നും വിജയമാണ് നേടിയത്. സൂപ്പര്‍ ഓവറിലാണ് മെന്‍ ഇന്‍ ബ്ലൂ വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 202 റണ്‍സിനൊപ്പമെത്തിയാണ് ശ്രീലങ്ക മത്സരത്തെ സൂപ്പര്‍ ഓവറിലെത്തിച്ചത്. സൂപ്പര്‍ ഓവറില്‍ ശ്രീലങ്ക ഉയര്‍ത്തിയ മൂന്ന് റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ ഒന്നാം പന്തില്‍ തന്നെ മറികടക്കുകയായിരുന്നു.

ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. താരം 31 പന്തില്‍ 61 റണ്‍സ് സ്‌കോര്‍ ചെയ്തു. ഒപ്പം തിലക് വര്‍മയും സഞ്ജു സാംസണും മികച്ച പ്രകടനം നടത്തി. തിലക് 49 റണ്‍സ് നേടിയപ്പോള്‍ സഞ്ജു 39 റണ്‍സും സ്വന്തമാക്കി. മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെയാണ് സഞ്ജു മികച്ച ബാറ്റിങ് പുറത്തെടുത്തത്.

Content Highlight: Asia Cup: Sunil Gavaskar Criticize Indian Batters