ഏഷ്യാ കപ്പില്‍ ഇന്ന് നടക്കുന്ന ആദ്യത്തെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ശ്രീലങ്ക ബംഗ്ലാദേശിനെയാണ് നേരിടുന്നത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തം തീപാറുമെന്ന് ഉറപ്പാണ്. സൂപ്പര്‍ ഫോറില്‍ നിന്ന് ആദ്യ വിജയം നേടുന്ന ടീം ഏതാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും.
നിലവില്‍ മൂന്ന് മത്സരത്തില്‍ നിന്ന് മൂന്നും വിജയിച്ച ലങ്ക ആറ് പോയിന്റാണ് നേടിയത്. ബംഗ്ലാദേശ് മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയം നേടി നാല് പോയിന്റും കീശയിലാക്കി. അതേസമയം ഇരുവരും ടി-20യില്‍ പരസ്പരം ഏറ്റുമുട്ടിയ 21 മത്സരത്തില്‍ നിന്ന് ശ്രീലങ്ക 13 എണ്ണം വിജയിച്ച് തങ്ങളുടെ ഡൊമിനേഷന്‍ തുടരുകയാണ്.
മാത്രമല്ല വെറും എട്ട് മത്സരങ്ങളില്‍ മാത്രമാണ് ബംഗ്ലാദേശിന് വിജയിക്കാന്‍ സാധിച്ചത്. എന്നാല്‍ ഇരുവരും തമ്മില്‍ അവസാനമായി ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളില്‍ രണ്ട് മത്സരങ്ങില്‍ ലങ്ക വിജയിച്ചപ്പോള്‍ മൂന്ന് മത്സരങ്ങളില്‍ വിജയം നേടാന്‍ ബംഗ്ലാദേശിന് സാധിച്ചിരുന്നു.
ബാറ്റിങ് നിരയില്‍ ശ്രീലങ്കയുടെ കരുത്തുറ്റ ടോപ്പ് ഓര്‍ഡര്‍ ബംഗ്ലാദേശിന് വെല്ലുവിളിയാകുമെന്നത് ഉറപ്പാണ്. കഴിഞ്ഞ മത്സരത്തില്‍ കുശാല്‍ മെന്‍ഡിസും പാതും നിസ്സങ്കയും അടങ്ങുന്ന നിര മിന്നും ഫോമിലുള്ളത് ലങ്കയുടെ പോസിറ്റീവാണ്. മാത്രമല്ല എതിര്‍ ഭാഗത്ത് മുസ്തഫിസൂര്‍ നയിക്കുന്ന ബംഗ്ലാദേശിന്റെ അറ്റാക്കിങ് ബൗളിങ് യൂണിറ്റിന് കാര്യമായി ചലനങ്ങളുണ്ടാക്കാന്‍ സാധിച്ചാലേ വിജയം നേടാന്‍ സാധിക്കൂ. ബാറ്റിങ്ങില്‍ ബംഗ്ലാ കടുവകള്‍ക്ക് തന്‍സിദ് ഹസനിലും ഷമീം ഹൊസൈനിലുമാണ് പ്രതീക്ഷ.