ഏഷ്യാ കപ്പിലെ അവസാന ഘട്ട ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ ഒമാനെ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനാണ്. മത്സരത്തില്‍ താരം അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 45 പന്തില്‍ മൂന്ന് വീതം സിക്സും ഫോറും അടക്കം 56 റണ്‍സാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഒമാനെതിരെ അടിച്ചത്.
മത്സരശേഷം ബി.സി.സി.ഐയോട് സഞ്ജു സംസാരിച്ചിരുന്നു. ടീമില്‍ എല്ലാവര്‍ക്കും മികച്ച പിന്തുണയാണ് നല്‍കുന്നതെന്നും അഭിഷേക് ശര്‍മയുമായുള്ള ചെറിയ കൂട്ടുകെട്ട് എന്‌ജോയി ചെയ്‌തെന്നും സഞ്ജു പറഞ്ഞു.
‘ടീം ലീഡര്‍മാരായ സൂര്യയ്ക്കും ഗൗതി ഭായിക്കും (ഗൗതം ഗംഭീര്‍) ഞാന്‍ വളരെയധികം നന്ദി പറയണം, അവര്‍ ഞങ്ങളെ വളരെയധികം പിന്തുണയ്ക്കുന്നു. ടീമില്‍ എല്ലാവര്‍ക്കും തുല്യ പരിഗണനയാണ് ലഭിക്കുന്നത്. ടീമില്‍ എല്ലാവര്‍ക്കും തുല്യ പ്രാധാന്യവും നല്‍കുന്നു. ഇത് നിങ്ങളെ മെച്ചപ്പെടുത്താനും ഏറ്റവും മികച്ചത് പുറത്തെടുക്കാനും സഹായിക്കുന്നു. ഈ ഫോര്‍മാറ്റില്‍ അതാണ് വേണ്ടത്. നിങ്ങള്‍ വളരെ സ്വതന്ത്രനും ഉത്തരവാദിത്തമുള്ളവനുമായിരിക്കണം.
സത്യം പറഞ്ഞാല്‍, മധ്യനിരയില്‍ കുറച്ച് സമയം ലഭിച്ചതില്‍ ഞാന്‍ ശരിക്കും നന്ദിയുള്ളവനാണ്. നാട്ടില്‍ കുറച്ച് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്, പക്ഷേ രാജ്യത്തിനുവേണ്ടി ഏഷ്യാ കപ്പില്‍ മധ്യത്തില്‍ കളിക്കാന്‍ സാധിച്ചത് ശരിക്കും എന്നെ സഹായിച്ചു. അഭിയുമായുള്ള കൂട്ടുകെട്ട് വളരെ രസകരമായിരുന്നു. അവന്‍ കാര്യങ്ങളെല്ലാം വളരെ ലളിതമായി കൈകാര്യം ചെയ്യുന്നു, ഞങ്ങളുടെ ചെറിയ കൂട്ടുകെട്ട് ശരിക്കും ആസ്വദിച്ചു,’ ബി.സി.സി.ഐ പങ്കുവെച്ച ഒരു വീഡിയോയില്‍ സഞ്ജു പറഞ്ഞു.
അതേസമയം ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കാനുള്ളത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി. ടൂര്‍ണമെന്റില്‍ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച് അപരാജിതരായാണ് ഇന്ത്യ ഫോറിലെത്തിയത്.
ഇരുവരും തമ്മിലുള്ള പോരാട്ടത്തില്‍ തീ പാറുമെന്ന് ഉറപ്പാണ്. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ചത് ഏറെ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇനി ഇന്ന് നടക്കാനുള്ള മത്സരത്തില്‍ എന്തെല്ലാം സംഭവിക്കുമെന്നത് കണ്ടറിയണം. മത്സരത്തില്‍ സഞ്ജു ടോപ്പ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുമെന്നും മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് വിശ്വസിക്കുന്നത്.