ഏഷ്യാ കപ്പില്‍ ഒമാനെതിരെ 189 റണ്‍സിന്റ വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ അര്‍ധ സെഞ്ച്വറിയും ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ടുമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
2025 ഏഷ്യാ കപ്പില്‍ ഇതാദ്യമായാണ് സഞ്ജുവിന് ബാറ്റിങ്ങിന് അവസരം ലഭിക്കുന്നത്. 45 പന്ത് നേരിട്ട താരം 56 റണ്‍സ് നേടി പുറത്തായി. അഭിഷേക് ശര്‍മ 15 പന്തില്‍ 38 റണ്‍സ് അടിച്ചെടുത്തു. തിലക് വര്‍മ (18 പന്തില്‍ 29), അക്‌സര്‍ പട്ടേല്‍ (13 പന്തില്‍ 26) എന്നിവരാണ് ഇന്ത്യയ്ക്കായി റണ്‍സ് കണ്ടെത്തിയ മറ്റ് താരങ്ങള്‍.
ഈ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം തവണ 50+ സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും സഞ്ജുവിന് സാധിച്ചു. ഇത് അഞ്ചാം തവണയാണ് സഞ്ജു അന്താരാഷ്ട്ര ടി-20യില്‍ 50+ സ്‌കോര്‍ നേടുന്നത്.
(താരം – എത്ര തവണ എന്നീ ക്രമത്തില്‍)
സഞ്ജു സാംസണ്‍ – 5*
കെ.എല്‍. രാഹുല്‍ – 3
ഇഷാന്‍ കിഷന്‍ – 3
റിഷബ് പന്ത് – 2
എം.എസ്. ധോണി – 2
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ നഷ്ടപ്പെട്ടിരുന്നു. എട്ട് പന്ത് നേരിട്ട താരം അഞ്ച് റണ്‍സുമായി മടങ്ങി. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ രണ്ടാം ഓവറിലായിരുന്നു താരത്തിന്റെ മടക്കം.
ബാറ്റിങ് ഓര്‍ഡറില്‍ പ്രമോഷന്‍ ലഭിച്ച സഞ്ജുവിനെ ഒപ്പം കൂട്ടി അഭിഷേക് സ്‌കോര്‍ ഉയര്‍ത്തി. സ്വതസിദ്ധമായ രീതിയില്‍ അഭിഷേക് വെടിക്കെട്ട് പുറത്തെടുത്തപ്പോള്‍ ക്രീസില്‍ നിലയുറപ്പിക്കാന്‍ സഞ്ജു അല്‍പം പാടുപെട്ടു. എന്നാല്‍ താളം കണ്ടെത്തിയതോടെ സഞ്ജുവും മികച്ച രീതിയില്‍ ബാറ്റ് വീശി.
രണ്ടാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ഇരുവരും ഇന്നിങ്‌സിന് അടിത്തറയൊരുക്കിയത്. എട്ടാം ഓവറിലെ ആദ്യ പന്തില്‍ അഭിഷേക് വിക്കറ്റ് കീപ്പറുടെ കൈകളിലൊതുങ്ങി മടങ്ങി. 15 പന്ത് നേരിട്ട താരം 38 റണ്‍സിനാണ് പുറത്തായത്.
നാലാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യ ക്രീസിലെത്തിയെങ്കിലും അധികം വൈകാതെ തിരിച്ചുനടന്നു. ഒരു പന്തില്‍ ഒരു റണ്‍സുമായി നില്‍ക്കവെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിര്‍ഭാഗ്യകരമായ റണ്‍ ഔട്ടിലൂടെയായിരുന്നു താരത്തിന്റെ മടക്കം.
അഞ്ചാം നമ്പറില്‍ അക്‌സര്‍ പട്ടേലാണ് ക്രീസിലെത്തിയത്. മികച്ച ഷോട്ടുകളുമായി അക്‌സര്‍ ക്രീസില്‍ ഉറച്ചുനിന്നു. സഞ്ജുവിനൊപ്പം മറ്റൊരു മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ താരം 13 പന്ത് നേരിട്ട് 26 റണ്‍സ് നേടി തിരിച്ചുനടന്നു. ശേഷമെത്തിയ ശിവം ദുബെ അഞ്ച് റണ്‍സിന് പുറത്തായി നിരാശപ്പെടുത്തി.
ഏഴാമനായെത്തിയ തിലക് വര്‍മയെ സാക്ഷിയാക്കി സഞ്ജു സാംസണ്‍ 2025 ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ താരത്തിന്റെ ആദ്യ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. മൂന്ന് വീതം സിക്‌സറും ഫോറും അടക്കം 45 പന്തില്‍ 56 റണ്‍സടിച്ചാണ് താരം മടങ്ങിയത്.
തിലക് 18 പന്തില്‍ 29 റണ്‍സും നേടി മടങ്ങി.
ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 188 റണ്‍സിലെത്തി.ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ്ങിനിറങ്ങാതിരുന്നതും സ്‌കോര്‍ 200 കടക്കാതിരിക്കാന്‍ കാരണമായി.
ഒമാനായി ഫൈസല്‍ ഷാ, ജിതന്‍ കുമാര്‍ രമാനന്ദി, ആമിര്‍ കലീം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Content Highlight: Asia Cup: Sanju Samson remains tops the list of most 50+ scores as Indian wicket keeper in T20Is