ആറ് സിക്‌സല്ല, മൂന്ന് മുട്ടയിട്ടിട്ടുണ്ട്; നാണക്കേടില്‍ സയിം അയൂബ്!
Sports News
ആറ് സിക്‌സല്ല, മൂന്ന് മുട്ടയിട്ടിട്ടുണ്ട്; നാണക്കേടില്‍ സയിം അയൂബ്!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 17th September 2025, 10:19 pm

പാകിസ്ഥാനും യു.എ.ഇയുമായുള്ള മത്സരം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ യു.എ.ഇ പാകിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാല്‍ പാകിസ്ഥാന് വമ്പന്‍ തിരിച്ചടി നല്‍കിക്കൊണ്ടാണ് യു.എ.ഇ മത്സരം തുടങ്ങിയത്. നിലവില്‍ 10 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്.

ഓപ്പണിങ് ഓവറിനെത്തിയ യു.എ.ഇയുടെ ജുനൈദ് സിദ്ദിഖ് പാക് ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാനെ തന്റെ അഞ്ചാം പന്തില്‍ പറഞ്ഞയച്ചാണ് തുടങ്ങിയത്. അഞ്ച് റണ്‍സിനാണ് താരം കൂടാരം കയറിയത്. എന്നാല്‍ മൂന്നാം ഓവറില്‍ തിരിച്ചെത്തി ജുനൈദ് സയിം അയൂബിനെ പൂജ്യം റണ്‍സിന് പുറത്താക്കി പാകിസ്ഥാന്റെ ഓപ്പണിങ് തകര്‍ത്തെറിയുകയായിരുന്നു.

ഇതോടെ ഒരു മോശം നേട്ടമാണ് പാക് താരം സയിം അയൂബ് നേടിയത്. ഏഷ്യാ കപ്പില്‍ ആദ്യത്തെ മൂന്ന് മത്സരങ്ങളിലും ഡക്ക് ആകുന്ന താരമായി മാറുകയാണ് അയൂബ്. ആദ്യമത്സരത്തില്‍ ഒമാനെതിരെയും രണ്ടാം മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെയുമാണ് അയൂബ് നേരത്തെ പൂജ്യത്തിന് പുറത്തായത്.

ഇപ്പോള്‍ അയൂബിന്റെ മൂന്ന് ഡക്കുകള്‍ ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയയും. ടൂര്‍ണമെന്റിന് മുമ്പ് സയിം ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ആറ് സിക്‌സ് പറത്തുമെന്ന് മുന്‍ പാക് താരം തന്‍വീര്‍ അഹമ്മദ് പറഞ്ഞിരുന്നു. എന്നാല്‍ അയൂബിന്റെ തുടര്‍ച്ചയായ മൂന്ന് ഡക്കുകള്‍ വന്നതോടെ സോഷ്യല്‍ മീഡിയയില്‍ പരിഹാസ പ്രയോഗങ്ങളാണ് വരുന്നത്.

പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

സഹിബ്സാദ ഫര്‍ഹാന്‍, സയിം അയൂബ്, ഫഖര്‍ സമാന്‍, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ അലി ആഘ (ക്യാപ്റ്റന്‍), ഖുല്‍ബാദിന്‍ ഷാ, ഹസന്‍ നവാസ്, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാ അഹമ്മദ്

യു.എ.ഇ പ്ലെയിങ് ഇലവന്‍

മുഹമ്മദ് വസീം (ക്യാപ്റ്റന്‍), അലിഷാന്‍ ഷറഫു, ഹാസിഫ് ഖാന്‍, സൊഹൈബ് ഖാന്‍, ഹര്‍ഷിത് കൗശിക്, രാഹുല്‍ ചോപ്ര (വിക്കറ്റ് കീപ്പര്‍), ധ്രുവ് പരാശര്‍, ഹൈദര്‍ അലി, ധ്രുവ് പരാശര്‍, സിമ്രന്‍ജീത് സിങ്, ജുനൈദ് സിദ്ദിഖ്, മുഹമ്മദ് രോഹിദ്‌

Content highlight: Asia Cup: Saim Ayub In Unwanted Record Achievement