ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും തമ്മില്‍ സൂപ്പര്‍ പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ ബാറ്റിങ് പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് ബംഗ്ലാ കടുവകള്‍ നേടിയത്.
ടീമിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ തന്‍സിദ് ഹസനാണ്. 31 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 52 റണ്‍സാണ് താരം നേടിയത്.
28 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 30 റണ്‍സ് നേടി സൈഫ് ഹസനും മികവ് പുലര്‍ത്തി. നാലാമനായി ഇറങ്ങിയ തൗഹിദ് ഹൃദോയ് 20 പന്തില്‍ 26 റണ്‍സും നേടിയിരുന്നു. മറ്റാര്‍ക്കും തന്നെ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ മികവ് കാണിക്കാന്‍ സാധിച്ചില്ല.
CHANGE OF INNINGS! 🔁@rashidkhan_19 (2/26) and @noor_ahmad_15 (2/23) shared 4 wickets among them as they helped #AfghanAtalan to restrict Bangladesh to 154/5 in the first inning. 👏
അഫ്ഗാനിസ്ഥാന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് നൂര്‍ അഹമ്മദും റാഷിദ് ഖാനുമാണ്. രണ്ട് വിക്കറ്റുകള്‍ വീതമാണ് ഇരുവരും നേടിയത്. അസ്മത്തുള്ള ഒമര്‍സായി ശേഷിച്ച വിക്കറ്റും നേടി.
ക്യാപ്റ്റനും മിന്നും സ്പിന്നറുമായ റാഷിദ് ഖാന്‍ തന്റെ മികച്ച പ്രകടനത്തിലൂടെ ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. ടി-20 ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടമാണ് റാഷിദ് സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ മറികടന്നാണ് താരം ഒന്നാമനായത്.