2025 ഏഷ്യാ കപ്പില്‍ കഴിഞ്ഞ ദിവസം (വെള്ളി) ശ്രീലങ്കക്കെതിരെ ഇന്ത്യ വമ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. സൂപ്പര്‍ ഓവറിലാണ് മെന്‍ ഇന്‍ ബ്ലൂ വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 202 റണ്‍സിനൊപ്പമെത്തിയാണ് ശ്രീലങ്ക മത്സരത്തെ സൂപ്പര്‍ ഓവറിലെത്തിച്ചത്. സൂപ്പര്‍ ഓവറില്‍ ശ്രീലങ്ക ഉയര്‍ത്തിയ മൂന്ന് റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ ഒന്നാം പന്തില്‍ തന്നെ മറികടക്കുകയായിരുന്നു.
ആദ്യ ടി-20ഐ സെഞ്ച്വറിക്ക് പുറകെ തന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ ഒരു തകര്‍പ്പന്‍ റെക്കോഡും നിസങ്കയ്ക്ക് നേടാന്‍ സാധിച്ചിരുന്നു. അന്താരാഷ്ട്ര ടി-20യില്‍ ശ്രീലങ്കയ്ക്ക് വേണ്ടി ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ താരമാകാനാണ് നിസങ്കയ്ക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ ലങ്കന്‍ ഇതിഹാസങ്ങളായ മഹേല ജയവര്‍ധനെയേയും തിലകരത്‌നെ ദില്‍ശനെയുമടക്കമാണ് നിസങ്ക മറികടന്നത്.
അതേസമയം ഇന്ത്യക്ക് വേണ്ടി ഹര്‍ദിക്ക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിദ് റാണ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റും നേടി മികവ് പുലര്‍ത്തി.
മാത്രമല്ല ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. താരം 31 പന്തില്‍ 61 റണ്‍സ് സ്‌കോര്‍ ചെയ്തു. ഒപ്പം തിലക് വര്‍മയും സഞ്ജു സാംസണും മികച്ച പ്രകടനം നടത്തി. തിലക് 49 റണ്‍സ് നേടിയപ്പോള്‍ സഞ്ജു 39 റണ്‍സും സ്വന്തമാക്കി. മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെയാണ് സഞ്ജു മികച്ച ബാറ്റിങ് പുറത്തെടുത്തത്.
അതേസമയം 2025 ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഫൈനല്‍ മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. നാളെ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. നിലവില്‍ ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യയുടെ കുതിപ്പ്. അതേസമയം ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യയോട് പരാജയപ്പെട്ടാണ് പാകിസ്ഥാന്‍ അവസാന പോരിന് കളത്തിലിറങ്ങുന്നത്.
Content Highlight: Asia Cup: Pathum Nissanka Achieve A Great Record In T-20i For Sri Lanka