സഞ്ജുവിന്റെ മോശം റെക്കോഡിലേക്ക് പാകിസ്ഥാന്‍ ഓപ്പണറും; ലിസ്റ്റില്‍ ഒന്നാമന്‍ സിംബാബ്‌വെ താരം
Sports News
സഞ്ജുവിന്റെ മോശം റെക്കോഡിലേക്ക് പാകിസ്ഥാന്‍ ഓപ്പണറും; ലിസ്റ്റില്‍ ഒന്നാമന്‍ സിംബാബ്‌വെ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 18th September 2025, 4:25 pm

ഏഷ്യാ കപ്പില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ യു.എ.ഇയെ പാകിസ്ഥാന്‍ പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 41 റണ്‍സിന്റെ വിജയമാണ് പാകിസ്ഥാന്‍ നേടിയത്. ഇതോടെ ഗ്രൂപ്പ് എ-യില്‍ നിന്നും ഇന്ത്യയ്‌ക്കൊപ്പം സൂപ്പര്‍ ഫോറില്‍ പ്രവേശിക്കാനും പാകിസ്ഥാന് സാധിച്ചു. ഇതോടെ സെപ്റ്റംബര്‍ 21ന് ഇന്ത്യയും പാകിസ്ഥാനും ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ഏറ്റുമുട്ടും.

അതേസമയം മത്സരത്തില്‍ പാക് ഓപ്പണര്‍ സയിം അയൂബിന് ബാറ്റിങ്ങില്‍ മികവ് പുലര്‍ത്താന്‍ സാധിച്ചിട്ടില്ല. മൂന്ന് മത്സരം കളിച്ചിട്ടും ഒറ്റ റണ്‍സ് പോലും ടൂര്‍ണമെന്റില്‍ താരത്തിന് നേടാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ മൂന്ന് മത്സരത്തിലും അയ്യൂബ് പൂജ്യത്തിനാണ് മടങ്ങിയത്. ഒമാനെതിരായും ഇന്ത്യയ്ക്കെതിരെയും ഗോള്‍ഡന്‍ ഡക്കായി. ഇതോടെ ഒരു മോശം റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്.

ടി-20യില്‍ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ ഡക്കാകുന്ന രണ്ടാമത്തെ താരമാകാനാണ് സയിം അയൂബിന് സാധിച്ചത്. ഈ മോശം നേട്ടത്തില്‍ ഒന്നാമന്‍ സിംബാബ്‌വെയുടെ റിച്ചാര്‍ഡ് എന്‍ഗരാവയാണ്. മാത്രമല്ല രണ്ടാം സ്ഥാനക്കാരായ അഞ്ച് താരങ്ങള്‍ക്കൊപ്പമാണ് സയിം അനാവശ്യ റെക്കോഡിലെത്തിയത്. ഈ നേട്ടത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും താരത്തിനൊപ്പമാണ്. കൂടാതെ സഹ താരം ഹസ്ന്‍ നവാസും അയൂബിനൊപ്പം ഈ ലിസ്റ്റിലുണ്ട്.

ടി-20യില്‍ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ ഡക്കാകുന്ന താരങ്ങള്‍, ടീം, ഡക്ക്, വര്‍ഷം എന്ന ക്രമത്തില്‍

റിച്ചാര്‍ഡ് എന്‍ഗരാവെ – സിംബാബ്‌വെ – 6 – 2024

ബ്ലെസിങ് മുസാരബാനി – സിംബാബ്‌വെ – 5 – 2024

റെഗിസ് ചകബ്വ – സിംബാബ്‌വെ – 5 – 2022

സഞ്ജു സാംസണ്‍ – ഇന്ത്യ – 5 – 2024

സയിം അയൂബ് – പാകിസ്ഥാന്‍ – 5 – 2025

ഹസന്‍ നവാസ് – പാകിസ്ഥാന്‍ – 5 – 2025

ബാറ്റിങ്ങില്‍ പാളിപ്പോയെങ്കിലും യു.ഇ.ക്കെതിരെ ബൗളിങ്ങില്‍ ഒമാനെതിരെ രണ്ട് ഓവര്‍ പന്തെറിഞ്ഞ് എട്ട് റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളാണ് അയൂബ് വീഴ്ത്തിയത്.

അതേസമയം ഇന്ന് നടക്കുന്ന നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയും അഫ്ഗാനിസ്ഥാനുമാണ് ഏറ്റുമുട്ടുന്നത്. മത്സരത്തില്‍ വിജയിച്ചാല്‍ മാത്രമേ അഫ്ഗാനിസ്ഥാന് സൂപ്പര്‍ ഫോറിലേക്കുള്ള തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ സാധിക്കൂ.

നിലവില്‍ ശ്രീലങ്ക തങ്ങളുടെ സ്ഥാനം ഉറപ്പിച്ചെങ്കിലും ഗ്രൂപ്പ് ബിയില്‍ മൂന്നാം സ്ഥാനത്തുള്ള ബംഗ്ലാദേശിന് സൂപ്പര്‍ ഫോറില്‍ ഇടം നേടണമെങ്കില്‍ അഫ്ഗാനിസ്ഥാന്‍ പരാജയപ്പെടുകയും വേണം. ഇതോടെ അഫാഗിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്.

Content Highlight: Asia Cup: Pakistani player Saim Ayub joins Sanju Samson in a bad record