ആകെ നേടിയത് വെറും മൂന്ന് സിക്‌സ്; പാകിസ്ഥാനെതിരെ ഒമാന്റെ വിളയാട്ടം, വേണ്ടത് 161 റണ്‍സ്!
Sports News
ആകെ നേടിയത് വെറും മൂന്ന് സിക്‌സ്; പാകിസ്ഥാനെതിരെ ഒമാന്റെ വിളയാട്ടം, വേണ്ടത് 161 റണ്‍സ്!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th September 2025, 10:21 pm

ഏഷ്യാ കപ്പില്‍ പാകിസ്ഥാനും ഒമാനും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ഗ്രൂപ്പ് എയില്‍ പാകിസ്ഥാന്റെയും ഒമാന്റെയും ആദ്യ മത്സരമാണിത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടിയത്.

പാകിസ്ഥാന് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് ഹാരിസാണ്. 43 പന്തില്‍ മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 66 റണ്‍സ് നേടിയാണ് താരം പുറത്തായത്. മറ്റാര്‍ക്കും ടീമിന് വേണ്ടി സിക്‌സര്‍ നേടാന്‍ സാധിച്ചില്ലായിരുന്നു. ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാന്‍ 29 പന്തില്‍ 29 റണ്‍സും നേടിയിരുന്നു.

അതേസമയം ബാറ്റ് ചെയ്ത് സ്‌കോര്‍ ഉയര്‍ത്താമെന്ന് സ്വപ്‌നം കണ്ട പാകിസ്ഥാനെതിരെ വലിയ വെല്ലുവിളിയാണ് ഒമാന്‍ ഉയര്‍ത്തിയത്. ഇന്നിങ്‌സിലെ രണ്ടാം പന്തെറിഞ്ഞ ഫൈസല്‍ ഷാ ഓപ്പണര്‍ സയിം അയൂബിനെ ക്ലീന്‍ എല്‍.ബി.ഡബ്ല്യുവിലൂടെ കൂടാരം കയറ്റിയാണ് തുടങ്ങിയത്. ഗോള്‍ഡന്‍ ഡക്കായാണ് താരം കൂടാരത്തിലേക്ക് മടങ്ങിയത്.

പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി പാകിസ്ഥാനെ സമ്മര്‍ദത്തിലാക്കാന്‍ ഒമാന് സാധിച്ചത് വലിയ വിജയമാണ്. ടൂര്‍ണമെന്റിലെ അരങ്ങേറ്റക്കാരായ ഒമാന്‍ തെറ്റുകള്‍ വരുത്തിയെങ്കിലും ഫീല്‍ഡിങ്ങിലും ബൗളിങ്ങിലും മികവ് പുലര്‍ത്തി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

ഒമാന് വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് ആമിര്‍ കലീമാണ്. 31 ഫണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. മാത്രമല്ല 34 റണ്‍സ് വഴങ്ങിയ ഫൈസല്‍ ഷായ്ക്കും മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. മപഹമ്മദ് നദീമിന് ഒരു വിക്കറ്റും നേടാന്‍ സാധിച്ചു.

പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

സയിം അയൂബ്, സഹിബ്‌സാദ ഫര്‍ഹാന്‍, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, സല്‍മാന്‍ അലി ആഘ (ക്യാപ്റ്റന്‍), ഹസന്‍ നവാസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീദി, സുഫിയാന്‍ മുഖീം, അബ്രാ അഹമ്മദ്

ഒമാന്‍ പ്ലെയിങ് ഇലവന്‍

ജതീന്ദര്‍ സിങ് (ക്യാപ്റ്റന്‍), ആമിര്‍ കലീം, ഹമ്മദ് മിര്‍സ, വിനായക് ശുക്ല (വിക്കറ്റ് കീപ്പര്‍), ഹസ്‌നൈന്‍ ഷാ, മുഹമ്മദ് നദീം, ഫൈസല്‍ ഷാ, സക്രിയ ഇസ്‌ലാം, സുഫിയാന്‍ മെഹ്‌മൂദ്, ഷക്കീല്‍ അഹ്‌മദ്, സമയ് ശ്രീവത്സവ

Content Highlight: Asia Cup: Pakistan VS Oman: Oman put up a good bowling performance against Pakistan