ഏഷ്യാ കപ്പില്‍ ശ്രീലങ്കയും പാകിസ്ഥാനും തമ്മിലുള്ള വമ്പന്‍ മത്സരം നടക്കുകയാണ്. ഷെയ്ഖ് സയിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. നിലവില്‍ ബാറ്റിങ് പൂര്‍ത്തിയാക്കിയ ലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാണ് നേടിയത്.
ലങ്കയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത് അഞ്ചാമനായി ഇറങ്ങിയ കാമിന്ദു മെന്‍ഡിസാണ്. 44 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 50 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ ചരിത് അസലങ്ക 20 റണ്‍സും നേടി. മറ്റാര്‍ക്കും തന്നെ ടീമിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ സാധിച്ചില്ല.
അതേസമയം പാകിസ്ഥാന് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് ഷഹീന്‍ അഫ്രീദിയാണ്. 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. ഹാരിസ് റൗഫ്, ഹുസൈന്‍ തലത് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ അബ്രാര്‍ അഹമ്മദ് ഒരു വിക്കറ്റും നേടി മികവ് പുലര്‍ത്തി.
ആദ്യ ഓവറില്‍ ലങ്കയ്ക്ക് തങ്ങളുടെ ഓപ്പണര്‍ കുശാല്‍ മെന്‍ഡിസിനെ നഷ്ടപ്പെട്ടിരുന്നു. ഗോള്‍ഡന്‍ ഡക്കായാണ് താരം മടങ്ങിയത്.
ഷഹീന്‍ അഫ്രീദിക്കാണ് വിക്കറ്റ്. രണ്ടാം പന്തില്‍ ഹുസൈന്‍ തലത്തിന്റെ കയ്യിലെത്തുകയായിരുന്നു മെന്‍ഡിസ്. ശേഷം മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ പതും നിസങ്കയെ എട്ട് റണ്‍സിന് പറഞ്ഞയച്ച് അഫ്രീദി വീണ്ടും വിക്കറ്റ് നേടി മിന്നും പ്രകടനം നടത്തി. ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ലങ്കലയെ സമ്മര്‍ദത്തിലാക്കുന്നതില്‍ പാക് ബൗളര്‍മാര്‍ വിജയിച്ചിരുന്നു.
അതേസമയം സൂപ്പര്‍ ഫോറില്‍ മൂന്നാം സ്ഥാനത്ത് എത്തണമെങ്കില്‍ ഇരു ടീമുകള്‍ക്കും മത്സരം നിര്‍ണായകമാണ്. സൂപ്പര്‍ ഫോറിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്ക പരാജയപ്പെട്ടിരുന്നു. പാകിസ്ഥാന്‍ ഇന്ത്യക്കെതിരെയും പരാജയപ്പെട്ടാണ് കളത്തിലിറങ്ങിയത്.