| Thursday, 18th September 2025, 6:43 am

ജയം, ഇന്ത്യയ്‌ക്കൊപ്പം പാകിസ്ഥാനും; ഇനിയും നേര്‍ക്കുനേര്‍ കാണും

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ യു.എ.ഇയെ പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിന്. കഴിഞ്ഞ ദിവസം ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 41 റണ്‍സിന്റെ വിജയമാണ് പാകിസ്ഥാന്‍ നേടിയത്. ഇതോടെ ഗ്രൂപ്പ് എ-യില്‍ നിന്നും ഇന്ത്യയ്‌ക്കൊപ്പം സൂപ്പര്‍ ഫോറില്‍ പ്രവേശിക്കാനും പാകിസ്ഥാന് സാധിച്ചു.

ഇതിന് മുമ്പ് രണ്ട് മത്സരത്തില്‍ നിന്നും ഓരോ ജയം വീതം പാകിസ്ഥാനും യു.എ.ഇയും സ്വന്തമാക്കിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ വിജയം നേടുന്നവര്‍ക്ക് സൂപ്പര്‍ ഫോറില്‍ പ്രവേശിക്കാം എന്ന സാഹചര്യവും ഉടലെടുത്തു. ഏറെ അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ മത്സരത്തില്‍ ഒടുവില്‍ പാകിസ്ഥാന്‍ വിജയിച്ചുകയറുകയായിരുന്നു.

സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രിദിയുടെ ഓള്‍റൗണ്ട് മികവിലാണ് പാകിസ്ഥാന്‍ ജയം സ്വന്തമാക്കിയത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ യു.എ.ഇ 17.4 ഓവറില്‍ 105ന് പുറത്തായി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ ഫഖര്‍ സമാന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് പൊരുതാവുന്ന സ്‌കോറിലെത്തിയത്. 36 പന്ത് നേരിട്ട താരം 50 റണ്‍സ് നേടി മടങ്ങി.

ടോപ്പ് ഓര്‍ഡറില്‍ സാഹിബ്‌സാദ ഫര്‍ഹാനും സയീം അയ്യൂബും അടക്കമുള്ളവര്‍ പാടെ നിരാശപ്പെടുത്തിയപ്പോഴും ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ അവസരത്തിനൊത്ത് ഉയരാതെ പോയപ്പോഴും ടെയ്ല്‍ എന്‍ഡില്‍ ഒരിക്കല്‍ക്കൂടി പാകിസ്ഥാന്റെ രക്ഷകന്‍ അവതരിച്ചു. ഇന്ത്യയ്‌ക്കെതിരെ പുറത്തെടുത്ത അതേ പ്രകടനവുമായി ഷഹീന്‍ ഷാ അഫ്രിദി ഒരിക്കല്‍ക്കൂടി തിളങ്ങി.

14 പന്ത് നേരിട്ടതാരം പുറത്താകാതെ 29 റണ്‍സ് നേടി. മൂന്ന് ഫോറും രണ്ട് സിക്‌സറും അടക്കം 207.14 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ പാകിസ്ഥാന്‍ ഒമ്പത് വിക്കറ്റിന് 146ലെത്തി.

യു.എ.ഇക്കായി ജുനൈദ് സിദ്ദിഖ് ഒരിക്കല്‍ക്കൂടി ഫോര്‍ഫറുമായി തിളങ്ങി. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയാണ് താരം നാല് വിക്കറ്റ് നേടിയത്. സിംരഞ്ജിത് സിങ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ധ്രുവ് പരാശര്‍ ഒരു വിക്കറ്റും വീഴ്ത്തി. പാക് നിരയില്‍ ഹാരിസ് റൗഫ് റണ്‍ ഔട്ടായാണ് മടങ്ങിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇക്ക് ആഗ്രഹിച്ച തുടക്കമല്ല ലഭിച്ചത്. കഴിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ മുഹമ്മദ് വസീമിനും അലിഷന്‍ ഷറഫുവിനും ആ മികവ് ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. ഷറഫു എട്ട് പന്തില്‍ 12 റണ്‍സും വസീം 15 പന്തില്‍ 14 റണ്‍സും നേടി മടങ്ങി. പിന്നാലെയെത്തിയ സോഹിബ് ഖാന്‍ നാല് റണ്‍സിനും പുറത്തായി.

നാലാം വിക്കറ്റില്‍ രാഹുല്‍ ചോപ്രയും ധ്രുവ് പരാശറും ചെറുത്തുനില്‍പിന് ശ്രമിച്ചെങ്കിലും വിജയലക്ഷ്യം മറികടക്കാന്‍ അതൊന്നും പോരാതെ വരികയായിരുന്നു. പിന്നാലെയെത്തിയവരില്‍ ഒരാളെ പോലും ഇരട്ടയക്കം കാണാന്‍ പാകിസ്ഥാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തതോടെ സല്‍മാന്‍ അലി ആഘയും സംഘവും വിജയിച്ചുകയറി.

35 പന്തില്‍ 35 റണ്‍സ് നേടിയ രാഹുല്‍ ചോപ്രയാണ് യു.എ.ഇക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരം. പരാശര്‍ 23 പന്തില്‍ 20 റണ്‍സും അടിച്ചെടുത്തു.

പാകിസ്ഥാനായി അബ്രാര്‍ അഹമ്മദ്, ഷഹീന്‍ അഫ്രിദി, ഹാരിസ് റൗഫ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സയീം അയ്യൂബും സല്‍മാന്‍ അലി ആഘയും ഓരോ വിക്കറ്റ് വീതം വീഴ്ത്തുകയും രണ്ട് യു.എ.ഇ താരങ്ങള്‍ റണ്‍ ഔട്ടാവുകയും ചെയ്തതോടെ പാകിസ്ഥാന്‍ 41 റണ്‍സിന്റെ വിജയം പിടിച്ചെടുത്തു.

Content Highlight: Asia Cup: Pakistan defeated UAE and qualified for Super 4

We use cookies to give you the best possible experience. Learn more