| Monday, 15th September 2025, 6:27 pm

രണ്ട് ടീമും അവസാന അഞ്ച് മത്സരം തോറ്റവര്‍; മിന്നോസിന്റെ എല്‍ ക്ലാസിക്കോയില്‍ ആദ്യ ചിരി ഒമാന്

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിലെ ഗ്രൂപ്പ് എ പോരാട്ടത്തില്‍ ഒമാന്‍ യു.എ.ഇയെ നേരിടുന്നു. ഗ്രൂപ്പിലെ കുഞ്ഞന്‍മാരുടെ പോരാട്ടത്തില്‍ ടോസ് നേടിയ ഒമാന്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു. അബുദാബിയാണ് മത്സരത്തിന് വേദിയാകുന്നത്.

ടൂര്‍ണമെന്റില്‍ ഇരു ടീമുകളും തങ്ങളുടെ ആദ്യ മത്സരം പരാജയപ്പെട്ടുകൊണ്ടാണ് ക്യാമ്പെയ്ന്‍ ആരംഭിച്ചത്. യു.എ.ഇ ഇന്ത്യയോട് വമ്പന്‍ തോല്‍വിയേറ്റുവാങ്ങിയപ്പോള്‍ പാകിസ്ഥാനാണ് ഒമാനെ പരാജയപ്പെടുത്തിയത്.

ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ മാത്രമല്ല, ഒടുവില്‍ കളിച്ച അഞ്ച് ടി-20യിലും ഇരു ടീമുകളും പരാജയപ്പെട്ടിരുന്നു. ഈ ലൂസിങ് സ്ട്രീക്കിന് അവസാനം കുറിക്കുക എന്ന ലക്ഷ്യത്തോടുകൂടിയായിരിക്കും മിന്നോസ് പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്.

ഉഗാണ്ട, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ടീമുകളോടാണ് യു.എ.ഇ അവസാന അഞ്ച് മത്സരങ്ങള്‍ പരാജയപ്പെട്ടത്. ഉഗാണ്ടയോട് ഒരു മത്സരവും ഏഷ്യന്‍ ടീമുകളോട് രണ്ട് വീതം മത്സരങ്ങളും വസീമും സംഘവും തോറ്റു.

ഗള്‍ഫ് ടി-20 ചാമ്പ്യന്‍ഷിപ്പില്‍ കുവൈറ്റിനോട് പരാജയപ്പെട്ട ഒമാന്‍, യു.എസ്.എയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലും തോല്‍വിയേറ്റുവാങ്ങിയിരുന്നു. ഏഷ്യാ കപ്പില്‍ പാകിസ്ഥാനോട് 93 റണ്‍സിനായിരുന്നു ടീമിന്റെ തോല്‍വി.

അതേസമയം, ഒമാനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിറങ്ങിയ യു.എ.ഇ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താനുള്ള ഒരുക്കത്തിലാണ്. എട്ട് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെതെ 71 റണ്‍സ് എന്ന നിലയിലാണ്. 19 പന്തില്‍ 25 റണ്‍സുമായി ക്യാപ്റ്റന്‍ മുഹമ്മദ് വസീമും 29 പന്തില്‍ 43 റണ്‍സുമായി അലിഷന്‍ ഷറഫുവുമാണ് ക്രീസില്‍.

യു.എ.ഇ പ്ലെയിങ് ഇലവന്‍

അലിഷന്‍ ഷറഫു, മുഹമ്മദ് വസീം (ക്യാപ്റ്റന്‍), സോയ്ബ് ഖാന്‍, രാഹുല്‍ ചോപ്ര (വിക്കറ്റ് കീപ്പര്‍), ആസിഫ് ഖാന്‍, ഹര്‍ഷിത് കൗശിക്, ധ്രുവ് പരാശര്‍, ഹൈദര്‍ അലി, ജുനൈദ് സിദ്ദിഖ്, മുഹമ്മദ് റോഹിദ്, മുഹമ്മദ് ജവാദുള്ള.

ഒമാന്‍ പ്ലെയിങ് ഇലവന്‍

ആമിര്‍ കലീം, ജതീന്ദര്‍ സിങ് (ക്യാപ്റ്റന്‍), ഹമദ് മിസ, വിനായക് ശുക്ല (വിക്കറ്റ് കീപ്പര്‍), വസീം അലി, ഹസ്‌നെയ്ന്‍ ഷാ, ജിതന്‍കുമാര്‍ രമാനന്ദി, ആര്യന്‍ ബിഷ്ത്, ഫൈസല്‍ ഷാ, ഷക്കീല്‍ അഹമ്മദ്, സമയ് ശ്രീവാസ്തവ.

Content Highlight: Asia Cup: OMAN vs UAE: Oman won the toss and elect to field first

We use cookies to give you the best possible experience. Learn more