ഏഷ്യാ കപ്പില്‍ കരിയറിലെ സുപ്രധാന നേട്ടവുമായി യു.എ.ഇ നായകന്‍ മുഹമ്മദ് വസീം. ഗ്രൂപ്പ് എ-യില്‍ ഒമാനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് വസീം കരിയര്‍ തന്നെ തിരുത്തിക്കുറിച്ചത്. മത്സരത്തില്‍ 54 പന്ത് നേരിട്ട താരം 69 റണ്‍സ് നേടി മടങ്ങി.
അന്താരാഷ്ട്ര ടി-20യില്‍ 3,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ എലീറ്റ് ലിസ്റ്റിലേക്ക് കാലെടുത്ത് വെച്ചാണ് വസീം ചരിത്രമെഴുതിയത്. നിലവില്‍ 3,010 റണ്‍സാണ് താരത്തിന്റെ പേരിലുള്ളത്. ഒമാനെതിരെ 59 റണ്‍സ് പൂര്‍ത്തിയാക്കിയതോടെയാണ് 3,000 അന്താരാഷ്ട്ര ടി-20 റണ്‍സെന്ന കരിയര്‍ മൈല്‍സ്‌റ്റോണ്‍ താരം പിന്നിട്ടത്.
ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്, ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ അടക്കമുള്ള ടി-20 സ്‌പെഷ്യലിസ്റ്റുകള്‍ക്ക് ഇനിയും എത്തിച്ചേരാന്‍ സാധിക്കാത്ത നേട്ടമാണിത്.
ഈ നേട്ടത്തിലെത്തുന്ന 11ാം താരവും രണ്ടാമത് അസോസിയേറ്റ് താരവുമാണ് വസീം.
കരിയറിലെ 84ാം മത്സരത്തിലായിരുന്നു താരത്തിന്റെ നേട്ടം. 84 ഇന്നിങ്‌സില്‍ നിന്നും 38.10 ശരാശരിയിലും 154.12 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം സ്‌കോര്‍ ചെയ്യുന്നത്. അന്താരാഷ്ട്ര ടി-20യില്‍ മൂന്ന് സെഞ്ച്വറിയും 24 അര്‍ധ സെഞ്ച്വറിയും താരം സ്വന്തമാക്കിയിട്ടുണ്ട്.
ഇതിനൊപ്പം അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന അസോസിയേറ്റ് ബാറ്റര്‍മാരില്‍ രണ്ടാം സ്ഥാനത്തെത്താനും മുഹമ്മദ് വസീമിന് സാധിച്ചു. മലേഷ്യന്‍ താരം വിരണ്‍ദീപ് സിങ്ങാണ് ഈ റെക്കോഡില്‍ ഒന്നാം സ്ഥാനത്തുള്ളത്. വസീമിനേക്കാള്‍ വെറും മൂന്ന് റണ്‍സ് മാത്രമാണ് വിരണ്‍ദീപിന് കൂടുതലുള്ളത്.
യു.എ.ഇയുടെ അടുത്ത മത്സരത്തില്‍ വസീം ഈ നേട്ടം മറികടക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)
വിരണ്‍ദീപ് സിങ് – മലേഷ്യ – 98 – 3,013
മുഹമ്മദ് വസീം – യു.എ.ഇ – 84 – 3,010*
സയ്യിദ് അസീസ് – മലേഷ്യ – 105 – 2,680
റിച്ചാര്‍ഡ് ബെറിങ്ടണ്‍ – 93 – 2,335
നിസാഖത് ഖാന്‍ – ഹോങ് കോങ് – 114 – 2,324
മാക്‌സ് ഒ ഡൗഡ് – നെതര്‍ലന്‍ഡ്‌സ് – 84 – 2,309
ജോര്‍ജ് മന്‍സി – സ്‌കോട്‌ലാന്‍ഡ് – 79 – 2,309
അതേസമയം, മത്സരത്തില്‍ വസീമിന്റെ കരുത്തില്‍ യു.എ.ഇ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി. ക്യാപ്റ്റന് പുറമെ അലിഷന്‍ ഷറഫുവും യു.എ.ഇക്കായി അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 81 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇന്നിങ്‌സിന് അടിത്തറയൊരുക്കി.
38 പന്തില്‍ 51 റണ്‍സ് നേടിയ ഷറഫുവിനെ മടക്കി ജിതന്‍കുമാര്‍ രമാനന്ദിയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെയെത്തിയ ആസിഫ് ഖാന്‍ രണ്ട് റണ്‍സ് നേടി മടങ്ങി.
നാലാം നമ്പറിലെത്തിയ സോഹിബ് ഖാനെ ഒപ്പം കൂട്ടി ക്യാപ്റ്റന്‍ മുഹമ്മദ് വസീം സ്‌കോര്‍ ഉയര്‍ത്തി. നാലാം വിക്കറ്റില്‍ 49 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. സോഹിബ് ഖാന്‍ 13 പന്തില്‍ 21 റണ്‍സ് നേടി പുറത്തായി.
അവസാന ഓവറിലെ മൂന്നാം പന്തില്‍, ടീം സ്‌കോര്‍ 171ല്‍ നില്‍ക്കവെ വസീമും പുറത്തായിരുന്നു. ഒടുവില്‍ ടീം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.
ഒമാനായി ജിതന്‍കുമാര്‍ രമാനന്ദി രണ്ട് വിക്കറ്റ് വീഴ്ത്തി. ഹസ്നെയ്ന്‍ ഷായും സമയ് ശ്രീവാസ്തവയും ഓരോ വിക്കറ്റ് വീതവും നേടി.
Content Highlight: Asia Cup: Oman vs UAE: Mohammed Waseem completed 3,000 T20I runs