| Saturday, 13th September 2025, 9:23 pm

ഇങ്ങനെയൊക്കെ പന്തെറിയുമെന്ന് ചിന്തിക്കാന്‍ സാധിക്കുമോ? പുതുചരിത്രമെഴുതി ലങ്കന്‍ സിംഹങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിലെ ബംഗ്ലാദേശ് – ശ്രീലങ്ക മത്സരത്തിന് ആവേശത്തുടക്കം. ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ശ്രീലങ്ക തുടക്കത്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് കടുവകളെ ഞെട്ടിച്ചത്. ക്യാപ്റ്റന്‍ ചരിത് അസലങ്കയുടെ തീരുമാനം ശരിവെച്ച് നുവാന്‍ തുഷാരയും ദുഷ്മന്ത ചമീരയും വിക്കറ്റ് വീഴ്ത്തിയതോടെ രണ്ടാം ഓവറില്‍ തന്നെ ലങ്ക മത്സരത്തില്‍ ആധിപത്യമേറ്റെടുത്തു.

ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തി തുഷാര വേട്ട തുടങ്ങി. ഓവറിലെ അവസാന പന്തില്‍ തന്‍സിദ് ഹസനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് താരം മടക്കിയത്. ഇതോടെ ആദ്യ ഓവര്‍ വിക്കറ്റ് മെയ്ഡനായി അവസാനിച്ചു.

രണ്ടാം ഓവര്‍ പന്തെറിയാന്‍ ദുഷ്മന്ത ചമീരയെയാണ് ക്യാപ്റ്റന്‍ പന്തേല്‍പിച്ചത്. ഓവറിലെ നാലാം പന്തില്‍ പര്‍വേസ് ഹൊസൈന്‍ എമോണിനെ വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസിന്റെ കൈകളിലെത്തിച്ച് താരം മടക്കി. അടുത്ത രണ്ട് പന്തിലും റണ്‍സ് വഴങ്ങാതിരുന്നതോടെ രണ്ടാം ഓവറും വിക്കറ്റ് മെയ്ഡനായി.

ഇതോടെ ഒരു അത്യപൂര്‍വ റെക്കോഡാണ് പിറവിയെടുത്തത്. ഒരു അന്താരാഷ്ട്ര ടി-20 ഇന്നിങ്‌സിന്റെ (ഫുള്‍ മെമ്പര്‍ നേഷന്‍) ആദ്യ രണ്ട് ഓവറുകളും വിക്കറ്റ് മെയ്ഡനാക്കുന്ന ചരിത്രത്തിലെ രണ്ടാം ടീം എന്ന നേട്ടമാണ് തുഷാര – ചമീര ഡുവോയിലൂടെ ശ്രീലങ്ക സ്വന്തമാക്കിയത്.

ഇതിന് മുമ്പ് 2010ലെ വെസ്റ്റ് ഇന്‍ഡീസ് – സിംബാബ്‌വേ മാച്ചിലാണ് ഇതിന് മുമ്പ് ഈ നേട്ടം പിറന്നത്.

ഏഷ്യാ കപ്പ് ചരിത്രത്തില്‍ വിക്കറ്റ് മെയ്ഡന്‍ സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയിലും ഇതോടെ തുഷാരയും ചമീരയും ഇടം നേടി. ഈ റെക്കോഡിലെത്തുന്ന അഞ്ച്, ആറ് താരങ്ങളായാണ് നുവാന്‍ തുഷാരയും ദുഷ്മന്ത ചമീരയും ഇടം പിടിച്ചത്.

ടി-20 ഏഷ്യാ കപ്പില്‍ വിക്കറ്റ് മെയ്ഡന്‍ നേടുന്ന താരങ്ങള്‍

(താരം – ടീം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

മുഹമ്മദ് ആമിര്‍ – പാകിസ്ഥാന്‍ – യു.എ.ഇ – 2016

ഭുവനേശ്വര്‍ കുമാര്‍ – ഇന്ത്യ – യു.എ.ഇ – 2016

ഷഹനവാസ് ദഹാനി – പാകിസ്ഥാന്‍ – ഹോങ് കോങ് – 2022

ആതിഖ് ഇഖ്ബാല്‍ – ഹോങ് കോങ് – അഫ്ഗാനിസ്ഥാന്‍ – 2025

നുവാന്‍ തുഷാര – ശ്രീലങ്ക – ബംഗ്ലാദേശ് – 2025*

ദുഷ്മന്ത ചമീര – ശ്രീലങ്ക – ബംഗ്ലാദേശ് – 2025*

അതേസമയം, മത്സരം 12 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 67 എന്ന നിലയിലാണ് ബംഗ്ലാദേശ്. 26 പന്തില്‍ 28 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ലിട്ടണ്‍ ദാസിനെയാണ് ടീമിന് അവസാനമായി നഷ്ടപ്പെട്ടത്. 12 പന്തില്‍ 14 റണ്‍സുമായി ജാക്കിര്‍ അലിയും എട്ട് പന്തില്‍ ആറ് റണ്‍സുമായി ഷമീം ഹൊസൈനുമാണ് ക്രീസില്‍.

ബംഗ്ലാദേശ് പ്ലെയിങ് ഇലവന്‍

തന്‍സിദ് ഹസന്‍, പര്‍വേസ് ഹൊസൈന്‍ എമോണ്‍, ലിട്ടണ്‍ ദാസ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), തൗഹിദ് ഹൃദോയ്, മഹെദി ഹസന്‍, ജാക്കിര്‍ അലി, ഷമീം ഹൊസൈന്‍, റിഷാദ് ഹൊസൈന്‍, തന്‍സിം ഹസന്‍ സാഖിബ്, ഷോരിഫുള്‍ ഇസ്‌ലാം, മുസ്തഫിസുര്‍ റഹ്‌മാന്‍.

ശ്രീലങ്ക പ്ലെയിങ് ഇലവന്‍

പാതും നിസങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കാമില്‍ മിശ്ര, കുശാല്‍ പെരേര, ചരിത് അസലങ്ക (ക്യാപ്റ്റന്‍), ദാസുന്‍ ഷണക, കാമിന്ദു മെന്‍ഡിസ്, വാനിന്ദു ഹസരങ്ക, ദുഷ്മന്ത ചമീര, മതീശ പതിരാന, നുവാന്‍ തുഷാര.

Content Highlight: Asia Cup: Nuwan Thuashara and Dushmantha Chameera joins the list of bowlers with wicket maiden in Asia Cup

We use cookies to give you the best possible experience. Learn more