| Wednesday, 17th September 2025, 9:15 am

വേണ്ടത് വെറും നാല് റണ്‍സ്, വിരാടിനും രോഹിത്തിനുമടക്കം ഇടംപിടിക്കാന്‍ 'അര്‍ഹതയില്ലാത്ത' ലിസ്റ്റില്‍ ഒന്നാമനാകാന്‍ വസീം

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിലെ പാകിസ്ഥാന്‍-യു.എ.ഇ പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ഗ്രൂപ്പ് എ പോരാട്ടത്തില്‍ വിജയിക്കുന്ന ടീമിന് സൂപ്പര്‍ ഫോറില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്നതിനാല്‍ തന്നെ തീ പാറുന്ന പോരാട്ടത്തിനാകും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുക.

ഈ മത്സരത്തില്‍ യു.എ.ഇ നായകന്‍ മുഹമ്മദ് വസീമിനെ ഒരു ചരിത്ര നേട്ടവും കാത്തിരിക്കുന്നുണ്ട്. അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന അസോസിയേറ്റ് താരമെന്ന നേട്ടത്തിലേക്കാണ് വസീം കണ്ണുവെക്കുന്നത്. ഇതിന് വേണ്ടതാകട്ടെ വെറും നാല് റണ്‍സും.

84 ഇന്നിങ്‌സില്‍ നിന്നും 3,010 റണ്‍സാണ് വസീമിന്റെ പേരിലുള്ളത്. 3,013 റണ്‍സ് നേടിയ മലേഷ്യയുടെ വിരണ്‍ദീപ് സിങ്ങാണ് റെക്കോഡില്‍ ഒന്നാമതുള്ളത്.

84 ഇന്നിങ്സില്‍ നിന്നും 38.10 ശരാശരിയിലും 154.12 സ്ട്രൈക്ക് റേറ്റിലുമാണ് വസീം 3,010 റണ്‍സടിച്ചത്. അന്താരാഷ്ട്ര ടി-20യില്‍ മൂന്ന് സെഞ്ച്വറിയും 24 അര്‍ധ സെഞ്ച്വറിയും താരം സ്വന്തമാക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ അസോസിയേറ്റ് താരങ്ങള്‍

(താരം – ടീം – ഇന്നിങ്സ് – റണ്‍സ് എന്നീ ക്രമത്തില്‍)

വിരണ്‍ദീപ് സിങ് – മലേഷ്യ – 98 – 3,013

മുഹമ്മദ് വസീം – യു.എ.ഇ – 84 – 3,010*

സയ്യിദ് അസീസ് – മലേഷ്യ – 105 – 2,680

റിച്ചാര്‍ഡ് ബെറിങ്ടണ്‍ – 93 – 2,335

നിസാഖത് ഖാന്‍ – ഹോങ് കോങ് – 114 – 2,324

മാക്സ് ഒ ഡൗഡ് – നെതര്‍ലന്‍ഡ്സ് – 84 – 2,309

ജോര്‍ജ് മന്‍സി – സ്‌കോട്‌ലാന്‍ഡ് – 79 – 2,309

നേരത്തെ ഏഷ്യാ കപ്പില്‍ ഒമാനെതിരെ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിലാണ് വസീം 3,000 ടി-20 റണ്‍സെന്ന ചരിത്ര നേട്ടം പൂര്‍ത്തിയാക്കിയത്. ഒമാനെതിരെ 59 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് പിന്നാലെയായിരുന്നു കരിയറിലെ സുപ്രധാന നാഴികക്കല്ല് താരം മറികടന്നത്.

ഇതോടെ 3,000 അന്താരാഷ്ട്ര ടി-20 റണ്‍സെന്ന നേട്ടത്തിലെത്തുന്ന 11ാം താരമായും രണ്ടാം അസോസിയേറ്റ് താരമായും വസീം ചരിത്രമെഴുതി.

ഇതിനൊപ്പം മറ്റൊരു നേട്ടത്തിലും വസീം ഒന്നാമനായി ഇടം പിടിച്ചിരുന്നു. നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 3,000 ടി-20ഐ റണ്‍സ് നേടിയ താരമെന്ന നേട്ടമാണ് വസീം സ്വന്തമാക്കിയത്. 1947ാം പന്തിലാണ് വസീം 3,000 റണ്‍സ് പൂര്‍ത്തിയാക്കിയത്.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും വേഗം 3,000 റണ്‍സ് നേടിയ താരങ്ങള്‍ (നേരിട്ട പന്തിന്റെ അടിസ്ഥാനത്തില്‍)

(താരം – ടീം – 3,000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ നേരിട്ട പന്തുകള്‍)

മുഹമ്മദ് വസീം – യു.എ.ഇ – 1,947*

ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 2,068

ആരോണ്‍ ഫിഞ്ച് – ഓസ്ട്രേലിയ – 2,077

ഡേവിഡ് വാര്‍ണര്‍ – ഓസ്ട്രേലിയ 2,113

രോഹിത് ശര്‍മ – ഇന്ത്യ – 2,149

അതേസമയം, പാകിസ്ഥാനെതിരായ മത്സരത്തിലേക്ക് വരുമ്പോള്‍ കണക്കുകള്‍ വസീമിനും സംഘത്തിനും അനുകൂലമല്ല. ടി-20 ഫോര്‍മാറ്റില്‍ ഇരുവരുമേറ്റുമുട്ടിയ മൂന്ന് മത്സരത്തില്‍ മൂന്നിലും വിജയം പാകിസ്ഥാനൊപ്പമായിരുന്നു. ഇതില്‍ രണ്ട് മത്സരങ്ങളില്‍ ഏഷ്യാ കപ്പിന് തൊട്ടുമുമ്പ് നടന്ന ട്രൈനേഷന്‍ സീരീസിലായിരുന്നു.

രണ്ട് മത്സരത്തിലും 31 റണ്‍സിനായിരുന്നു യു.എ.ഇയുടെ തോല്‍വി. എങ്കിലും ഒമാനെതിരായ മത്സരത്തില്‍ സ്വന്തമാക്കിയ മികച്ച വിജയം യു.എ.ഇയുടെ ആത്മവിശ്വാസമുയര്‍ത്തിയിട്ടുണ്ട്.

Content Highlight: Asia Cup: Mohammed Waseem need 4 runs to become highest T20I runs by an associate player

We use cookies to give you the best possible experience. Learn more