ഏഷ്യാ കപ്പില്‍ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. ദുബായിലെ ഷെയ്ഖ് സയിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. നിലവില്‍ ബാറ്റിങ് പൂര്‍ത്തിയായപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്.
ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ ഏഴാമനായി ഇറങ്ങിയ മുഹമ്മദ് നബി അഫ്ഗാന് വേണ്ടി അമ്പരപ്പിക്കുന്ന പ്രകടനം നടത്തിയാണ് കൂടാരത്തിലേക്ക് മടങ്ങിയത്. വെറും 22 പന്തില്‍ ആറ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 60 റണ്‍സാണ് നബി അടിച്ചുകൂട്ടിയത്. 272.73 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലായിരുന്നു നബി ആറാടിയത്.
After opting to bat first, AfghanAtalan have managed to post 169/8 runs on the board in the first inning, courtesy of some incredible death overs hitting from the President, @MohammadNabi007, who smashed 60 runs off just 22 balls with… pic.twitter.com/xKWBXBYd7J
19ാം ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 137 റണ്‍സ് എന്ന നിലയിലായിരുന്ന അഫ്ഗാന് വേണ്ടി അവസാന ഓവറില്‍ അഞ്ച് സിക്‌സുകളാണ് നബി തലങ്ങും വിലങ്ങും പറത്തിയടിച്ചത്. ദുനിത് വെല്ലാലഗെയുടെ ഓവറിലായിരുന്നു നബി തന്റെ മാസ് അറ്റാക്കിങ് നടത്തി ആരാധകരെ ആവേശത്തിലാക്കിയത്. അതേസമയം ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ 23 പന്തില്‍ 24 റണ്‍സ് നേടി നബിക്ക് പിന്തുണ നല്‍തിയിരുന്നു.
അതേസമയം അഫ്ഗാന്‍ ബാറ്റര്‍മാര്‍ക്ക് വമ്പന്‍ തിരിച്ചടി നല്‍കിയാണ് ലങ്ക ബൗളിങ് തുടര്‍ന്നത്. ടോപ്പ് ഓര്‍ഡറിലെ റഹ്‌മാനുള്ള ഗുര്‍ബാസ് (14 റണ്‍സ്), സെദ്ദിഖുള്ള അടല്‍ (18 റണ്‍സ്), കരീം ജനത് (1 റണ്‍സ്) എന്നിവരെ മടക്കിയയച്ച് നുവാന്‍ തുഷാര മികച്ച ബൗളിങ്ങാണ് പുറത്തെടുത്തത്. മൊത്തം നാല് വിക്കറ്റുകളാണ് താരം നേടിയത്.
അഫ്ഗാന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച ഇബ്രാഹിം സദ്രാനെ 24 റണ്‍സില്‍ കുരുക്കാന്‍ ദുനിത് വെല്ലാലഗെയ്ക്കും സാധിച്ചു. മാത്രമല്ല ദാസുന്‍ ശനക, ദുശ്മന്ത ചമീര എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
ഇനി ബൗളിങ്ങിനിറങ്ങുമ്പോള്‍ വമ്പന്‍ തന്ത്രങ്ങള്‍ മെനഞ്ഞാവും അഫ്ഗാന്‍ കളത്തിലെത്തുന്നത്. വിജയത്തില്‍ കുറഞ്ഞ ഒന്നും അഫ്ഗാനിസ്ഥാന്‍ പ്രതീക്ഷിക്കുന്നില്ല. സൂപ്പര്‍ ഫോറിലേക്കുള്ള തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ അഫ്ഗാനിസ്ഥാന് വിജയിച്ചേ മതിയാകൂ.