ഏഷ്യാ കപ്പിലെ വമ്പന്‍ പോരാട്ടമായ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ചരിത്രത്തിലെ ഏറ്റവും വീറും വാശിയുമേറിയ പോരാട്ടം ഇന്ന് (ഞായര്‍) ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
മത്സരത്തിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത് ഇന്ത്യന്‍ ടീമിനെക്കുറിച്ച് സംസാരിച്ചിരുന്നു. ആദ്യ മത്സരത്തില്‍ അര്‍ഷ്ദീപ് ഇന്ത്യന്‍ ടീമിന്റെ ഭാഗമാകേണ്ടതായിരുന്നെന്നും 20 ഓവര്‍ കളിക്കാന്‍ ഇന്ത്യക്ക് എട്ട് ബാറ്റര്‍മാരെ ആവശ്യമില്ലായിരുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു.
‘ഓപ്പണിങ് മത്സരത്തില്‍ അര്‍ഷ്ദീപ് ഇലവന്റെ ഭാഗമാകേണ്ടതായിരുന്നു എന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. 20 ഓവര്‍ കളിക്കാന്‍ ഇന്ത്യക്ക് എട്ട് ബാറ്റര്‍മാരെ ആവശ്യമുണ്ടോ? പ്രത്യേകിച്ച് പാകിസ്ഥാനെതിരെ ബാറ്റിങ്ങില്‍ അത്രയും ആഴം ആവശ്യമുണ്ടോ? വാസ്തവത്തില്‍, നാലില്‍ കൂടുതല്‍ ബാറ്റര്‍മാര്‍ക്ക് ബാറ്റ് ചെയ്യാന്‍ പോലും അവസരമുണ്ടായേക്കില്ല. തന്ത്രം സ്പിന്‍ ബൗളിങ് കേന്ദ്രീകരിച്ചുള്ളതായി മാറിയിരിക്കുന്നു, മീഡിയം പേസര്‍മാര്‍ക്ക് ഇടമില്ല എന്നതാണ് മറ്റൊരു പ്രശ്‌നം. പാകിസ്ഥാന്‍ പോലും സമാനമായ സമീപനമാണ് സ്വീകരിച്ചത്. അവര്‍ ഹാരിസ് റൗഫിനെ ഒഴിവാക്കി,’ ക്രിസ് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
മാത്രമല്ല ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെക്കുറിച്ചും ശ്രീകാന്ത പ്രശംസിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെ പോലും റണ്‍സ് നേടാന്‍ കഴിയുമെന്ന് അഭിഷേക് തെളിയിച്ചിട്ടുണ്ടെന്നും എന്നാല്‍ ചിലപ്പോളൊക്കെ താരത്തിന്റെ പ്ലാനിങ് തെറ്റാറുണ്ടെന്നും മുന്‍ താരം പറഞ്ഞു. മാത്രമല്ല പാകിസ്ഥാന്‍ അഭിഷേകിന്റെ നെഞ്ചിലും വാരിയെല്ലിലും ലക്ഷ്യം വെയ്ക്കുമെന്നും ആദ്യ ഓവറുകളില്‍ അഭിഷേക് അതിജീവിച്ചാല്‍ ഏത് ആക്രമണവും നേരിടുമെന്നും ശ്രീകാന്ത് പറഞ്ഞു.
‘ഇംഗ്ലണ്ടിനെതിരെ പോലും റണ്‍സ് നേടാന്‍ കഴിയുമെന്ന് അഭിഷേക് തെളിയിച്ചിട്ടുണ്ട്, പക്ഷേ അമിതമായ പ്രചോദനം സൃഷ്ടിക്കുന്നതിന് മുമ്പ് നമുക്ക് കാത്തിരിക്കാം. ചിലപ്പോഴൊക്കെ അവന്റെ പ്ലാനുകള്‍ തെറ്റാറുണ്ട്. പാകിസ്ഥാന്‍ തീര്‍ച്ചയായും നെഞ്ചിലും വാരിയെല്ലുകളിലും അദ്ദേഹത്തെ ലക്ഷ്യം വയ്ക്കും, പക്ഷേ അഭിഷേക് ശര്‍മ ആ ആദ്യ ഓവറുകളില്‍ അതിജീവിച്ചാല്‍, ഏത് ആക്രമണത്തെ നേരിടാനുള്ള കഴിവും അദ്ദേഹത്തിനുണ്ടാകും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.