ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ ബെര്‍ത്തുറപ്പിച്ച ശേഷമാണ് ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ തങ്ങളുടെ അവസാന മത്സരത്തിനിറങ്ങുന്നത്. അബുദാബിയില്‍ നടക്കുന്ന മത്സരത്തിന് ഒമാനാണ് എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യം കളിച്ച രണ്ട് മത്സരത്തിലും പരാജയപ്പെട്ട ഒമാന്‍ ഇതിനോടകം തന്നെ ഏഷ്യാ കപ്പില്‍ നിന്നും പുറത്തായിട്ടുണ്ട്.
ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരവും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായിക്കൊണ്ട് തന്നെ സൂപ്പര്‍ ഫോറിലേക്ക് കുതിക്കാനാകും ഇന്ത്യ ഒരുങ്ങുന്നത്.
കളിക്കുന്നത് ഇത്തിരിക്കുഞ്ഞന്‍മാരോടാണെങ്കിലും ഇന്ത്യയെ സംബന്ധിച്ച് ഈ മത്സരം തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ തക്ക പ്രധാന്യമര്‍ഹിക്കുന്നതാണ്. തങ്ങളുടെ 250ാം അന്താരാഷ്ട്ര ടി-20 മത്സരത്തിനാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.
ഈ നേട്ടത്തിലെത്തുന്ന രണ്ടാമത് മാത്രം ടീമായാണ് ഇന്ത്യ റെക്കോഡിടാനൊരുങ്ങുന്നത്. പാകിസ്ഥാന്‍ മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്. 2006 മുതല്‍ ഇതുവരെ 274 മത്സരങ്ങളില്‍ പാകിസ്ഥാന്‍ ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ കളത്തിലിറങ്ങിയിട്ടുണ്ട്.
ഇതുവരെ കളിച്ച 249 മത്സരത്തില്‍ നിന്നും 166 മത്സരങ്ങളില്‍ ഇന്ത്യ വിജയിച്ചു. വിജയശതമാനം 66.66. 71 മത്സരത്തിലാണ് ഇന്ത്യ കുട്ടി ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് പരാജയം രുചിക്കേണ്ടി വന്നത്. ആറ് വീതം മത്സരങ്ങള്‍ ടൈയിലും ഫലമില്ലാതെയും അവസാനിച്ചു.
ഏഷ്യാ കപ്പില്‍ മിന്നും പ്രകടമാണ് ഇന്ത്യ തുടരുന്നത്. യു.എ.ഇക്കെതിരെ ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ ജയം നേടിക്കൊണ്ടാണ് ഇന്ത്യ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ദുബായില്‍ നടന്ന മത്സരത്തില്‍ യു.എ.ഇയെ വെറും 57 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 4.3 ഓവറില്‍ വിജയലക്ഷ്യം മറികടന്നു.
പാകിസ്ഥാനെതിരായ മത്സരത്തിലും ഇന്ത്യ അനായാസം വിജയിച്ചുയറി. ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിന്റെ ആവേശമൊന്നും തന്നെയില്ലാതിരുന്ന വണ്‍ സൈഡ് മാച്ചില്‍ സമസ്ത മേഖലയിലും ആധിപത്യം പുലര്‍ത്തിക്കൊണ്ടാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ വിജയം പിടിച്ചടക്കിയത്.