| Monday, 15th September 2025, 10:39 pm

ജയിച്ച് യു.എ.ഇ, തോറ്റ് ഒമാന്‍, വമ്പന്‍ നേട്ടമുണ്ടാക്കി ഇന്ത്യ; ടൂര്‍ണമെന്റിലെ ആദ്യ ടീം

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറിന് യോഗ്യത നേടുന്ന ആദ്യ ടീമായി ഇന്ത്യ. ഗ്രൂപ്പ് എ-യില്‍ തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളും വിജയിക്കുകയും യു.എ.ഇ – ഒമാന്‍ മത്സരത്തില്‍ മുഹമ്മദ് വസീമും സംഘവും മികച്ച വിജയം സ്വന്തമാക്കുകയും ചെയ്തതോടെയാണ് ഇന്ത്യ സൂപ്പര്‍ ഫോറിന് ടിക്കറ്റെടുത്തത്. സൂപ്പര്‍ ഫോറിലെത്തുന്ന ആദ്യ ടീമാണ് ഇന്ത്യ.

നിലവില്‍ ഗ്രൂപ്പ് എ-യില്‍ കളിച്ച രണ്ട് മത്സരവും വിജയിച്ച ഏക ടീം ഇന്ത്യയാണ്. ആദ്യ മത്സരത്തില്‍ യു.എ.ഇയോട് പടുകൂറ്റന്‍ വിജയം സ്വന്തമാക്കിയ സൂര്യയും സംഘവും, കഴിഞ്ഞ ദിവസം പാകിസ്ഥാനെ ഏഴ് വിക്കറ്റിനും തകര്‍ത്തിരുന്നു.

ഇപ്പോള്‍ തങ്ങളുടെ അടുത്ത എതിരാളികളായ ഒമാനെ യു.എ.ഇ പരാജയപ്പെടുത്തിയതോടെ ടൂര്‍ണമെന്റിന്റെ അടുത്ത ഘട്ടത്തിനും ഇന്ത്യ യോഗ്യത നേടി. +4.793 എന്ന മികച്ച നെറ്റ് റണ്‍ റേറ്റും ഇന്ത്യയ്ക്കുണ്ട്.

അതേസമയം, ഒമാനെതിരെ 40 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് യു.എ.ഇ നേടിയത്. യു.എ.ഇ ഉയര്‍ത്തിയ 173 റണ്‍സിന്റെ വിജലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഒമാന്‍ 130ന് പുറത്തായി. ഈ വിജയത്തോടെ തങ്ങളുടെ സൂപ്പര്‍ ഫോര്‍ പ്രതീക്ഷ കെടാതെ കാക്കാനും ക്യാപ്റ്റന്‍ മുഹമ്മദ് വസീമിനും സംഘത്തിനുമായി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ 81 റണ്‍സിന്റെ കൂട്ടുകെട്ടുമായി ക്യാപ്റ്റന്‍ മുഹമ്മദ് വസീമും യുവതാരം അലിസണ്‍ ഷറഫുവുമാണ് യു.എ.ഇ ഇന്നിങ്‌സിന് അടിത്തറയൊരുക്കിയത്.

വസീമിന്റെയും സഹ ഓപ്പണര്‍ അലിഷന്‍ ഷറഫുവിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. വസീം 54 പന്തില്‍ 69 റണ്‍സടിച്ചപ്പോള്‍ 38 പന്തില്‍ 51 റണ്‍സാണ് അലിഷന്‍ ഷറഫു സ്വന്തമാക്കിയത്.

38 പന്തില്‍ 51 റണ്‍സ് നേടിയ ഷറഫുവിനെ മടക്കി ജിതന്‍കുമാര്‍ രമാനന്ദിയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെയെത്തിയ ആസിഫ് ഖാന്‍ രണ്ട് റണ്‍സ് നേടി മടങ്ങി.

നാലാം നമ്പറിലെത്തിയ സോഹിബ് ഖാനെ ഒപ്പം കൂട്ടി ക്യാപ്റ്റന്‍ മുഹമ്മദ് വസീം സ്‌കോര്‍ ഉയര്‍ത്തി. നാലാം വിക്കറ്റില്‍ 49 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. സോഹിബ് ഖാന്‍ 13 പന്തില്‍ 21 റണ്‍സ് നേടി പുറത്തായി.

ടീം സ്‌കോര്‍ 171ല്‍ നില്‍ക്കവെയായിരുന്നു വസീമിന്റെ മടക്കം. 54 പന്ത് നേരിട്ട താരം 69 റണ്‍സ് സ്വന്തമാക്കി.

ഒടുവില്‍ യു.എ.ഇ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സിലെത്തി.

ഒമാനായി ജിതന്‍കുമാര്‍ രമാനന്ദി രണ്ട് വിക്കറ്റ് വീഴ്ത്തി. ഹസ്നെയ്ന്‍ ഷായും സമയ് ശ്രീവാസ്തവയും ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന് തുടക്കത്തിലേ പിഴച്ചു. ചീട്ടുകൊട്ടാരം പോലെ ടീമിന്റെ ടോപ്പ് ഓര്‍ഡര്‍ തകര്‍ന്നടിഞ്ഞു. ആമിര്‍ കലീം (രണ്ട് പന്തില്‍ രണ്ട്), സൂപ്പര്‍ താരം ബാബര്‍ ഹയാത്ത് (പത്ത് പന്തില്‍ നാല്), വസീം അലി (രണ്ട് പന്തില്‍ ഒന്ന്), ഫൈസല്‍ ഷാ (12 പന്തില്‍ ഒമ്പത്) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി.

പത്ത് പന്തില്‍ 20 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ജതീന്ദര്‍ സിങ്ങിന് മാത്രമാണ് ആദ്യ അഞ്ചില്‍ ചെറുത്തുനില്‍ക്കാനെങ്കിലും സാധിച്ചത്.

32 പന്തില്‍ 24 റണ്‍സുമായി ആര്യന്‍ ബിഷ്തും 17 പന്തില്‍ 20 റണ്‍സുമായി വിനായക് ശുക്ലയും പൊരുതിയെങ്കിലും വിജയം ഏറെ അകലെയായിരുന്നു.

ഒടുവില്‍ 18.4 ഓവറില്‍ ഒമാന്‍ 130ന് പുറത്തായി.

യു.എ.ഇക്കായി ജുനൈദ് സിദ്ദിഖ് നാല് വിക്കറ്റ് വീഴ്ത്തി. ഹൈദര്‍ അലിയും മുഹമ്മദ് ജവാദുള്ളയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മുഹമ്മദ് റോഹിദ് ഒരു ഒമാന്‍ താരത്തെയും മടക്കി.

Content Highlight: Asia Cup: India qualified for Super 4

We use cookies to give you the best possible experience. Learn more